അന്തിക്കൂട്ടിനു കവിതയെത്തിയാല്‍, നിങ്ങളുടെ വിലപ്പെട്ടതെല്ലാം അവളെടുക്കും

2013ലാണ് ഒരു മുറിയില്‍ ഒന്നിച്ച് താമസിച്ച ശേഷം പണവും കാറും തട്ടിയെടുത്ത സംഭവത്തില്‍ ആലപ്പുഴ പഴവീട് സ്വദേശി കവിതയെയും (35), സഹായി കണ്ണൂര്‍ നുച്ചാട് മണിപ്പാറ സ്വദേശി അനീഷിനെയും പ്രതി ചേര്‍ത്ത് തങ്കച്ചന്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി നല്‍കി വര്‍ഷം മൂന്ന് പിന്നിട്ടെങ്കിലും പണവും വാഹനവും തട്ടിയെടുത്ത കവിതയെയും സഹായിയേയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ പഴയ കുറ്റവാളികളെ കണ്ടെത്തി പിടികൂടുന്നതിനായി എസ്.പി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് വര്‍ഷങ്ങളോളം മുങ്ങി നടന്ന പ്രതികളെ കുടുക്കിയത്. നോര്‍ത്ത് സി.ഐ ടി.ബി വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കവിതയും അനീഷും ഇപ്പോള്‍റിമാന്റിലാണ്.
എറണാകുളം കലൂര്‍ ഐ.എം.എ ഹാളിലാണ് തങ്കച്ചനും കവിതയും ഒന്നിച്ച് മുറിയെടുത്തത്. തങ്കച്ചന്‍ ഉണരുന്നതിന് മുമ്പ് ഫോണും കാറിന്റെ താക്കോലും കവിത സ്വന്തമാക്കിയിരുന്നു. രാവിലെ ഉറക്കമുണര്‍ന്ന തങ്കച്ചന്‍ ആദ്യം തിരഞ്ഞത് കവിതയെ യായിരുന്നു. മുറിയില്‍ ഒന്നിച്ചുണ്ടായിരുന്ന കവിതയെ കാണാതായതോടെ തങ്കച്ചന്‍ പരിഭ്രാന്തിയിലായി. എവിടെ പോയെന്നറിയാന്‍ അയാള്‍ എല്ലായിടത്തും അന്വേഷിച്ചു. ഒടുവില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ഒരുങ്ങിയപ്പോഴാണ് തന്റെ ഫോണിനോടൊപ്പം വിലപിടിപ്പുള്ള കാറും നഷ്ടമായെന്ന് തങ്കച്ചന്‍ തിരിച്ചറിയുന്നത്. പിന്നീടാണ് തനിക്കൊപ്പമുണ്ടായിരുന്ന കവിത തന്നെയാണ് ഇതെല്ലാം തട്ടിയെടുത്ത് കടന്നു കളഞ്ഞതെന്ന് അയാള്‍ക്ക് ബോധ്യമായത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി.
തന്റെ യാത്രകള്‍ക്ക് കൂട്ടുവരുന്ന ഡ്രൈവറോട് കവിത ഐ.എം.എ ഹാളില്‍ എത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അസൗകര്യം മൂലം അയാള്‍ അനീഷിനെ പറഞ്ഞു വിടുകയായിരുന്നു. ഇതിനിടയില്‍ കവിത അനീഷിനെ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു. കവിത വിളിച്ചുവരുത്തിയതനുസരിച്ച് എത്തിയ അനീഷ് കാറും അതിലുണ്ടായിരുന്ന 80,000 രൂപയുമായി കവിതയ്‌ക്കൊപ്പം മുങ്ങി. പിന്നീട് പ്രതികള്‍ കാര്‍ കലൂര്‍ സ്റ്റേഡിയത്തിന് സമീപം ഉപേക്ഷിച്ചു. രണ്ട് ദിവസത്തിനുശേഷം നോര്‍ത്ത് എസ്. ഐയ്ക്ക് തപാലില്‍ കാറിന്റെ താക്കോല്‍ അയച്ചുകൊടുത്തു.
വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞിരുന്ന കവിതയെയും അനീഷിനെയും കുടുക്കിയത് ഫോണ്‍കാള്‍ രേഖകളായിരുന്നു. തങ്കച്ചനില്‍ നിന്ന് തട്ടിയെടുത്ത ഫോണ്‍ തമിഴ്‌നാട് സ്വദേശിക്ക് ഇവര്‍ മറിച്ചു വിറ്റിരുന്നു. ഫോണിന്റെ ഐ.എം.ഇ നമ്പര്‍ ഉപയോഗിച്ച് പൊലീസ് ഇത് കണ്ടെടുത്തു. തങ്കച്ചന്റെ ഫോണില്‍ നിന്ന് ലഭിച്ച കവിതയുടെ ഫോണ്‍ നമ്പറാണ് കവിത എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിന് സഹായകരമായത്. അതേസമയം, ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ അനീഷിലേക്ക് എത്തിച്ചത്.
കോലഞ്ചേരി സ്വദേശി കരാറുകാരനായ തങ്കച്ചന്റെ കാറില്‍ നിന്ന് തട്ടിയെടുത്ത തുക കവിതയും സഹായിയും ആര്‍ഭാട ജീവതത്തിനായി ഉപയോഗിച്ചുവെന്ന് പൊലീസ് പറഞ്ഞു. വിവിധ ഇടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതിനും ഇതില്‍ നിന്ന് പണം ചെലവാക്കിയിട്ടുണ്ട്. അതേസമയം, കാറില്‍ നിന്ന് 30,000 മാത്രമേ കിട്ടിയുള്ളു എന്നാണ് ഇരുവരും ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇത് അനീഷിന് നല്‍കിയെന്നാണ് കവിത പറയുന്നത്. എന്നാല്‍, ഇതൊന്നും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നറിയാന്‍ ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha