മുഖ്യമന്ത്രിക്ക് കരിങ്കൊടി; മന്ത്രി രാജുവിനെ തടഞ്ഞുവെച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ സംഘര്‍ഷം; പൊലീസ് ലാത്തിവീശി

സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മുഖ്യമന്ത്രി പിണറായി വിജയന് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. സെക്രട്ടേറിയറ്റിന് പിന്നിലെ കവാടത്തില്‍ വെച്ചാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ മന്ത്രി കെ രാജുവിനെ തടഞ്ഞതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
സ്വാശ്രയ മാനേജ്മന്റുകളുടെ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ഉപാവാസ സമരത്തിനിടെയാണ് സംഭവം. സമരവേദിയ്ക്ക് മുന്നിലൂടെ പോകുകയായിരുന്ന മന്ത്രി രാജുവിന്റെ വാഹനത്തിന് നേരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ റോഡില്‍ തടഞ്ഞു. സമര പന്തലിന് മുന്നില്‍ പ്രവര്‍ത്തകര്‍ പത്ത് മിനിട്ടോളം മന്ത്രിയുടെ കാര്‍ തടഞ്ഞിട്ടു. കാറിന് അടുത്തെത്തി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഈ സമയത്ത് പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം പ്രവര്‍ത്തകരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതിനിടെ പൊലീസുനു നേരെ സമര പന്തലില്‍നിന്ന് കസേരകള്‍ വലിച്ചെറിഞ്ഞു. ഇതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സമരക്കാര്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രകടനമായെത്തിയത് കൂടുതല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ സ്ഥാപിച്ച ഇടതുപക്ഷ സംഘടനകളുടെ ഫ്‌ലക്‌സുകളും പോസ്റ്ററുകളും നശിപ്പിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെയാണ് ഒരു സംഘം കെഎസ്‌യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാര്‍ തടഞ്ഞുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിഷേധിച്ചു. യാതൊരു പ്രകോപനവും കൂടാതെ പൊലീസ് സമരപന്തലില്‍ കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. സുരക്ഷ ഒരുക്കുന്നതില്‍ പറ്റിയ വീഴ്ച്ച മറക്കാനാണ് സമരപ്പന്തലില്‍ കയറി പൊലീസ് അക്രമമെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു.
https://www.facebook.com/Malayalivartha