യൂത്ത് ലീഗ് നേതൃത്വത്തിന് നിശിത വിമര്‍ശനവുമായി പാണക്കാട് കുടുംബാംഗം

എല്ലാവര്‍ക്കും അധികാര ഭ്രമം മാത്രം. ഇത് വല്ലാത്ത അവസ്ഥ മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തിന് നിശിതവിമര്‍ശനവുമായി പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍. ലീഗിന്റെ നിര്‍ജീവാവസ്ഥക്കെതിരെ സംസ്ഥാന നേതാക്കളെ വിമര്‍ശിച്ച് മുഈനലി ശിഹാബ് സംസാരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും യൂത്ത് ലീഗ് ജില്ലാ നേതാവുമാണ് മുഈനലി തങ്ങള്‍.
യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹികളും നേതാക്കളുമടങ്ങിയ വാട്‌സ്ആപ് ഗ്രൂപ്പിലാണ് യൂത്ത് ലീഗ് നേതൃത്വത്തെ കടന്നാക്രമിക്കുന്ന ഇദ്ദേഹത്തിന്റെ സംസാരം വോയ്‌സ് കഌപ്പിങ്ങായുള്ളത്. ഗ്രൂപ്പിലെ നേതാവിനോടാണ് ഒമ്പതു മിനിറ്റ് നേതാക്കളുടെ നിഷ്‌ക്രിയത്വത്തെക്കുറിച്ച് രൂക്ഷമായ ഭാഷയില്‍ സംസാരിക്കുന്നത്. കഴിഞ്ഞ അഞ്ചര വര്‍ഷമായി യൂത്ത് ലീഗ് ഒന്നും ചെയ്തിട്ടില്ല.
ലീഗ് കേന്ദ്രമായ നാദാപുരത്ത് യൂത്ത് ലീഗിന്റെ കര്‍മഭടന്‍ അസ്ലം കൊല്ലപ്പെട്ടിട്ട് ജില്ലാ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ കാര്യമായ ഒരു പ്രതിഷേധംപോലും നടത്തിയിട്ടില്ല. മുഖ്യപ്രതിയെ ഇനിയും പിടികൂടാത്ത സാഹചര്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്താന്‍പോലും യൂത്ത് ലീഗ് നേതാക്കള്‍ക്കായില്ല. അസ്ലമിന്റെ കൊലപാതകം യൂത്ത് ലീഗിന്റെ ജില്ലാസംസ്ഥാന കമ്മിറ്റികള്‍ നിസ്സാരമായാണ് കണ്ടത്.
ഇപ്പോള്‍ ആരെ സംസ്ഥാന പ്രസിഡന്റ് ആക്കണമെന്നതിനെ ചൊല്ലിയുള്ള ഗ്രൂപ് യുദ്ധമാണ് യൂത്ത് ലീഗില്‍ നടക്കുന്നത്. പി.കെ. ഫിറോസിനുവേണ്ടി ഒരുവിഭാഗവും നജീബ് കാന്തപുരത്തിനുവേണ്ടി മറ്റൊരു വിഭാഗവും. ഇവര്‍ പാര്‍ട്ടിക്കും സമുദായത്തിനും വേണ്ടി എന്ത് കാര്യമാണ് ചെയ്തത്. നേതൃപദവിയിലത്തൊന്‍ ഇവര്‍ക്ക് എന്തര്‍ഹതയാണുള്ളത്? ഇവര്‍ പാണക്കാട്ട് വരുന്നത് സ്വന്തം കാര്യം പറയാന്‍ മാത്രമാണ്. നാട്ടില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനോ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഭരണസ്തംഭനമുണ്ടാക്കാനോ ശ്രമം നടത്താതെ മാധ്യമങ്ങളിലും മൈക്കിന് മുന്നിലും മാത്രം സംസാരിച്ചതുകൊണ്ട് ജനാഭിപ്രായമുണ്ടാല്‌ളെന്നും മുഈനലി ഓര്‍മിപ്പിക്കുന്നു.
യൂത്ത് ലീഗ് കമ്മിറ്റി പുനഃസംഘടന അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ നേതൃത്വത്തെ കടന്നാക്രമിച്ച് പാണക്കാട് കുടുംബത്തില്‍നിന്നുതന്നെ പ്രതിഷേധമുയര്‍ന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് കമ്മിറ്റികളുടെ കാലാവധി മൂന്നുവര്‍ഷമാണ്. എന്നാല്‍, നിലവിലെ കമ്മിറ്റി അഞ്ചര വര്‍ഷമായി തുടരുകയാണ്. കമ്മിറ്റിയില്‍ ഭൂരിഭാഗവും പ്രായപരിധി കഴിഞ്ഞവരും മറ്റു മേഖലയിലേക്ക് കടന്നവരുമാണ്. രണ്ടര വര്‍ഷം മുമ്പ് നടക്കേണ്ട പുനസംഘടന അനിശ്ചിതമായി നീളുന്നത് മൊത്തം പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്.
യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനം പലതവണ മാറ്റിവെച്ചശേഷം ഒക്ടോബര്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ കോഴിക്കോട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ജില്ലാ കമ്മിറ്റികള്‍ പൂര്‍ണമായി നിലവില്‍ വരാത്തതിനാല്‍ മുസ്ലിം ലീഗ് ഇടപെട്ട് സമ്മേളനം നവംബര്‍ 10, 11, 12 തീയതികളിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha