അവസാനം അണിയറക്കളികള്‍ മുന്നിലേക്കെത്തുന്നു: ബാര്‍ക്കോഴ കേസില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണ പരിധിയില്‍

ബാര്‍ക്കോഴ കേസില്‍ കേരള സര്‍ക്കാര്‍ സമഗ്രാന്വേഷണത്തിന് ഒരുങ്ങുന്നു. ബുധനാഴ്ച ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ബാര്‍ക്കോഴയില്‍ സമഗ്രാന്വേഷണം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാര്‍, എപി അനില്‍കുമാര്‍, ബെന്നി ബഹന്നാന്‍ തുടങ്ങിയ നേതാക്കള്‍ ബാര്‍ക്കോഴ കേസില്‍ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് സത്യവാങ്മൂലം തയ്യാറാക്കിയത്. കെ എം മാണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ് മൂലം സമര്‍പ്പിച്ചത്. സത്യവാങ് മൂലം ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസില്‍ ഉത്തരവ് പറയാനായി മാറ്റി.
സര്‍ക്കാരിനെതിരെ യുഡിഎഫ് നേതാക്കള്‍ ശക്തമായ സമരം അഴിച്ചു വിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നേതാക്കളെ കുരുക്കാനുള്ള അടവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. അങ്ങോട്ട് ഉപദ്രവിച്ചില്ലെങ്കില്‍ ഇങ്ങോട്ടും ഉപദ്രവിക്കില്ലെന്ന നയമാണ് സര്‍ക്കാരിനുണ്ടായിരുന്നത്. അതിനിടയിലാണ് സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയത്.
ബാര്‍ക്കേസ് ഇതുവരെ കെ എം മാണിക്ക് എതിരായിരുന്നു. പിന്നീട് അത് കെ ബാബുവിലേയ്ക്ക് തിരിഞ്ഞു. അപ്പോഴും തങ്ങള്‍ക്കെതിരെ ബാര്‍ വാള്‍ എത്തിച്ചേരുമെന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചില്ല. കെ എം മാണിയില്‍ ഒതുങ്ങേണ്ടിയിരുന്ന ആരോപണങ്ങള്‍ തങ്ങളിലേയ്ക്ക് വരുന്നതില്‍ നിരാശരാണ് പ്രതിപക്ഷം.
ബാര്‍ക്കോഴയില്‍ സമഗ്രാന്വേഷണം ഉണ്ടായാല്‍ യുഡിഎഫിലെ പല നേതാക്കളും പ്രതിസന്ധിയിലാകും. സോളാര്‍ കേസ് ഉള്‍പ്പെടെയുള്ളവ ഒതുക്കാനാണ് ബാര്‍ക്കോഴ പണം ഉപയോഗിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha
























