അവതാരകയെ അപമാനിക്കാന്‍ ശ്രമിച്ച പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ വിനയകുമാരന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തു; നടപടി ഡിജിപിയുടെ ശിപാര്‍ശയെത്തുടര്‍ന്ന്

പൊലീസിന്റെ പരിപാടിയിലെ അവതാരകയെ അപമാനിച്ച കേസില്‍ പൊലീസ് ഹൈടെക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വിനയകുമാരന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണു നടപടി. സൈബര്‍ സുരക്ഷയെക്കുറിച്ചു കൊല്ലത്തു നടത്തിയ കൊക്കൂണ്‍ അന്തര്‍ദേശീയ സെമിനാറിലാണ് എസിപി വിനയകുമാരന്‍ നായര്‍ അവതാരകയായ ജേണലിസം വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചത്.
ഓഗസ്റ്റ് പത്തൊമ്പതിന് കൊല്ലത്തെ നക്ഷത്ര ഹോട്ടലിലാണു സെമിനാര്‍ നടന്നത്. ഇവിടെ അവതാരകയായി എത്തിയ യുവതിയോടു വിനയകുമാരന്‍ നായര്‍ മോശമായി പെരുമാറുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോടു പെണ്‍കുട്ടി വാക്കാല്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു വിനയകുമാരന്‍ നായരെ സംഭവസ്ഥലത്തുനിന്നു പുറത്താക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ മകളും ജേണലിസം വിദ്യാര്‍ഥിനിയുമായ അവതാരകയില്‍നിന്നു കൊല്ലം റൂറല്‍ എസ് പി അജിതാബീഗം മൊഴിയെടുത്തിരുന്നു.
മൊഴിയില്‍ പെണ്‍കുട്ടി ഉറച്ചുനിന്നതോടെയാണു അഞ്ചാലുമ്മൂട് പൊലീസ് വിനയകുമാരന്‍ നായര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. തുടര്‍ന്നു നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ വിനയകുമാരന്‍നായര്‍ക്കെതിരേ നടപടിക്കു ശിപാര്‍ശചെയ്തുകൊണ്ടു സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണു വിനയകുമാരന്‍ നായരെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സംഭവമുണ്ടായപ്പോള്‍ ഹൈടെക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പദവിയില്‍നിന്ന് വിനയകുമാരന്‍ നായരെ നീക്കിയിരുന്നു. പത്തുവര്‍ഷം തുടര്‍ച്ചയായി വിനയകുമാരന്‍ നായരായിരുന്നു ഹൈടെക് സെല്ലിന്റെ അസിസ്റ്റന്റ് കമ്മീഷണര്‍.
https://www.facebook.com/Malayalivartha