കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങളെല്ലാം ഒരുങ്ങി, നാളെ കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും

കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങളെല്ലാം ഒരുങ്ങി. ക്ഷേത്രങ്ങളിലും ഹൈന്ദവ സ്ഥാപനങ്ങളിലും കുരുന്നുകള്‍ ചൊവ്വാഴ്ച്ച ആദ്യാക്ഷരം കുറിക്കും. ഞായറാഴ്ച്ച വൈകിട്ട് ഗ്രന്ഥങ്ങള്‍ പൂജക്ക് സ്വീകരിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂത്തമ്പലത്തില്‍ പ്രത്യേകം തയ്യാറാക്കിയ സരസ്വതീ മണ്ഡപത്തിലാണ് ഗ്രന്ഥപൂജ. ആലവട്ടം വെഞ്ചാമരം, മുത്തുക്കുട എന്നിവ കൊണ്ടലങ്കരിച്ച സരസ്വതി മണ്ഡപച്ചില്‍ ഗുരുവായൂരപ്പന്‍, സരസ്വതി, ഗണപതി എന്നിവരുടെ ചിത്രങ്ങള്‍ക്ക് മുമ്പിലാണ് പൂജക്ക് വച്ചിട്ടുള്ളത്. ക്ഷേത്രത്തിലെ ഓതിക്കന്‍ ഇന്ന് മൂന്നുനേരം സരസ്വതി പൂജ നടത്തും. നാളെ രാവിലെ സരസ്വതീ പൂജയ്ക്കുശേഷം ഭവതിക്ഷേത്രത്തിനു സമീപത്തെ ഹാളിലാണ് എഴുത്തിനിരുത്തല്‍. ക്ഷേത്രത്തിലെ 13 കീഴ്ശാന്തി കുടുംബങ്ങളിലെ കാരണവന്മാരാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കുക.
മമ്മിയൂര്‍ ക്ഷേത്രത്തില്‍ മഹാനവമി ദിനമായ തിങ്കളാഴ്ച രാവിലെ ഗുരുവായൂര്‍ മുരളിയുടെ നാദസ്വര കച്ചേരി, പഞ്ചരത്‌ന കീര്‍ത്തനാലാപനം, വൈകിട്ട് ഗുരുവായൂര്‍ മണികണ്ഠന്റെ സംഗീത കച്ചേരി എന്നിവയുണ്ടാകും. തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വേദസാര ലളിത സഹസ്രനാമ ലക്ഷാര്‍ച്ചന നടക്കും. ചൊവ്വാഴ്ച രാവിലെ 8 മുതല്‍ നവരാത്രി മണ്ഡപത്തില്‍ പൂജ തുടര്‍ന്ന് കുട്ടികളെ എഴുത്തിനിരുത്തും. വൈകിട്ട് മണലൂര്‍ ഗോപിനാഥ് അവതരിപ്പിക്കുന്ന കല്യാണസൗഗന്ധികം ശീതങ്കന്‍ തുള്ളലും അരങ്ങേറും.
ചൊവ്വല്ലൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച്ച രാവിലെ 8 മുതല്‍ കുട്ടികളെ എഴുത്തിനിരുത്തും. സംഗീതാര്‍ച്ചന, നവരാത്രി പൂജ, നിറമാല, ചുറ്റുവിളക്ക് എന്നിവയുണ്ടാകും. നവരാത്രകാലത്ത് ദശലക്ഷ ദീപങ്ങള്‍ തെളിയിക്കാന്‍ തിരക്കനുഭവപ്പെടുന്നുണ്ട്. കീഴ്മുണ്ടയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, കീഴില്ലം കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ഗ്രന്ഥ പൂജ ആരംഭിച്ചു. സംഗീതാര്‍ച്ചന, വിശേഷാല്‍ പൂജ, സ്‌പെഷ്യല്‍ കേളി, തായമ്പക, ചുറ്റുവിളക്ക് എന്നിവയുണ്ടാകും. ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ വിജയദശമി ദിനം വരെ വിശേഷാല്‍പൂജ, എഴുത്തിനിരുത്തല്‍ എന്നിവ ഉണ്ടാവും. ഗുരുവായൂര്‍ താണിയില്‍ ക്ഷേത്രത്തില്‍ വിശേഷാല്‍പൂജ, എഴുത്തിനിരുത്തല്‍ എന്നിവ നടക്കും.
കാവീട് കാരയൂര്‍ സരസ്വതി ക്ഷേത്രത്തില്‍ 'പൂഴിയിലെഴുത്ത്' ചടങ്ങ് ചൊവ്വാഴ്ച്ച രാവിലെ എട്ടിന് തുടങ്ങും. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം, പെരുന്തട്ട ക്ഷേത്രം, പന്തായില്‍ ക്ഷേത്രം, താണിയില്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വിശേഷാല്‍പൂജ, ചുറ്റുവിളക്ക്, സംഗീതാര്‍ച്ചന, കുട്ടികളെ എഴുത്തിനിരുത്തല്‍ എന്നിവയുണ്ടാകും. പാലുവായ് കോതകുളങ്ങര ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെ കൃഷ്ണപ്രിയ സംഗീത വിദ്യാലത്തിന്റെ സംഗീതാര്‍ച്ചനയുണ്ടാകും. എഴുത്തിനിരുത്തല്‍ ചടങ്ങിന് ശ്രീധരന്‍ നമ്പൂതിരി മുഖ്യാര്‍മികനാകും.
എടമുട്ടം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നവരാത്രിയുത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ദീപക്കാഴ്ച, ഭഗവതിസേവ, ലളിത സഹസ്രനാമം, മഹാനവമി, ആയുധപൂജ.
11ന് രാവിലെ 7.30ന് വിവിധ പൂജകള്‍, വിജയദശമി, സരസ്വതിപൂജ, 9.30ന് തുഞ്ചന്‍പറമ്പില്‍ നിന്ന് കൊണ്ടു വന്ന മണ്ണില്‍ ആദ്യാക്ഷരം കുറിക്കല്‍. മാടമ്പ് കുഞ്ഞിക്കുട്ടന്‍, സിനിമാനടന്‍ രാജേന്ദ്രന്‍, സംഗീത സംവിധായകന്‍ ശ്യാം ധര്‍മന്‍, കലാമണ്ഡലം ശ്രീകല സജീവന്‍, ഡോക്ടര്‍മാരായ ജോസ് പൈങ്കട, എന്‍.എ.മാഹിന്‍, വിവേകാനന്ദന്‍ എന്നിവര്‍ എഴുത്തിനിരുത്തും.
https://www.facebook.com/Malayalivartha