ഇന്ന് വിജയദശമി; കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ വെളിച്ചത്തിലേക്ക്

ഇന്ന് വിജയദശമി. കുരുന്നുകള്‍ നാവിലും അരിയിലും ആദ്യാക്ഷരം കുറിച്ച് അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവയ്ക്കും. കൊല്ലൂര്‍ മുകാംബിക ക്ഷേത്രം, ചോറ്റാനിക്കര ദേവി ക്ഷേത്രം, ദക്ഷിണ മൂകാംബിയായ പനച്ചിക്കാട് ക്ഷേത്രം എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് രക്ഷകര്‍ത്താക്കളാണ് കുട്ടികളുമായി എഴുത്തിനിരുത്തല്‍ ചടങ്ങിന് എത്തിയിരിക്കുന്നത്.
ക്ഷേത്രങ്ങള്‍ക്കു പുറമെ നിരവധി സാംസ്‌കാരിക സ്ഥാപനങ്ങളും വിദ്യാരംഭ ചടങ്ങുകള്‍ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സാഹിത്യ സാംസ്‌ക്കാരിക കലാരംഗത്തെ പ്രമുഖരാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലിന് വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചു.
വിജയദശമി ദിവസം ദശമി തീരുന്നതു വരെ എഴുത്തിനിരുത്തുന്നതിനു മുഹൂര്‍ത്തം നോക്കേണ്ടതില്ല. മുന്‍ വര്‍ഷത്തേതില്‍നിന്നു വിഭിന്നമായി പകല്‍ മുഴുവന്‍ ദശമി ഉള്ളതിനാല്‍ എഴുത്തിനിരുത്തലിനു ധൃതി പിടിക്കേണ്ട ആവശ്യം ഇത്തവണയില്ല.
അച്ഛന്റെയും അമ്മയുടെയും മടിയിലിരുന്നാണ് കുഞ്ഞ് ആദ്യാക്ഷരം കുറിക്കുന്നതെങ്കില്‍ അതിനും നിയമങ്ങളുണ്ട്. അമ്മയാണെങ്കില്‍ കുട്ടിയെ ഇടതുതുടയിലും അച്ഛനാണെങ്കില്‍ വലതുതുടയിലും വേണം ഇരുത്താന്‍. ആചാര്യന്റെ മടിയിലാണു കുട്ടി ഇരിക്കുന്നതെങ്കില്‍ ആണ്‍കുട്ടിയെ വലതുതുടയിലും (വശത്തും) പെണ്‍കുട്ടിയെ ഇടതുതുടയിലും (വശത്തും) ഇരുത്തണം.
ആദ്യം കുട്ടിയുടെ നാവില്‍ തേനില്‍ മുക്കിയ സ്വര്‍ണം കൊണ്ടു വേണം അക്ഷരം കുറിക്കാന്‍. പിന്നെ മഞ്ഞള്‍ ഉപയോഗിച്ചും നാവില്‍ അക്ഷരം എഴുതണം. അതിനു ശേഷമാണ് പുഴുങ്ങി ഉണക്കാത്ത അരിയില്‍ കുട്ടിയുടെ ചൂണ്ടുവിരല്‍ കൊണ്ട് (വ്യാഴത്തെയാണ് ചൂണ്ടുവിരല്‍ പ്രതിനിധീകരിക്കുന്നത്) അക്ഷരം എഴുതിക്കേണ്ടത്.
ഓരോ അക്ഷരവും കുട്ടിയെക്കൊണ്ടു പറയിച്ച് എഴുതിക്കുന്നത് ആരാണോ അവര്‍ വേണം അക്ഷരം മായ്ക്കുവാന്‍. കുട്ടിയെക്കൊണ്ട് അതു ചെയ്യിക്കരുത്. ഹരിഃ ശ്രീഃ ഗണപതയേ നമഃ എന്നു വേണം എഴുതിക്കുവാന്‍. 'ഗണപതായേ' എന്നു 'ത' യ്ക്കു ദീര്‍ഘം കൊടുത്ത് എഴുതിക്കരുത്. അടുത്ത ദിവസം വീട്ടില്‍ത്തന്നെ രക്ഷിതാക്കള്‍ കുട്ടിയെക്കൊണ്ട് എഴുതിക്കണം. അതും അരിയില്‍ത്തന്നെ വേണം.
https://www.facebook.com/Malayalivartha