സിപിഎം നേതാവിന്റെ കൊലപാതകം: പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി

കണ്ണൂര്‍ പാതിരിയാട് സി.പി.എം നേതാവ് മോഹനന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഏഴംഗ ബി.ജെ.പി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തലശേരി,കൂത്തുപറമ്പ് മേഖലയില്‍ ആയുധങ്ങള്‍ക്കുവേണ്ടി പ്രത്യേകപൊലീസ് സംഘം റെയ്ഡ് തുടരുകയാണ്. അതേസമയം കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷന്‍പരിധിയില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
കൃത്യമായ ആസൂത്രണത്തിലൂടെയാണ് മോഹനനെ അക്രമിസംഘം കൊലപ്പെടുത്തിയതെന്ന് അന്വേഷണം സംഘം കണ്ടെത്തി. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടുകൂടിയുള്ള വെട്ടുകളാണ് മോഹനന്റെ ശരീരത്തിലുണ്ടായിരുന്നത്. പതിവിനു വിപരീതമായി പട്ടാപ്പകല്‍ രാവിലെ പത്തരക്ക് ഷാപ്പില്‍കയറി കൊലപാതകം നടപ്പിലാക്കി അക്രമിസംഘം മടങ്ങിയതും പൊലീസിനെ ആശങ്കയിലാക്കുന്നുണ്ട്. കൂത്തുപറമ്പ് ,തലശേരി മേഖലയില്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്തപൊലീസ് കാവല്‍ തുടരുന്നതിനിടയിലാണ് മോഹനന്റെ കൊലപാതകം. തിരഞ്ഞെടുപ്പിനുശേഷമുണ്ടായ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും നിയന്ത്രിക്കാന്‍ ജില്ലാഭരണകൂടത്തിനും പൊലീസിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലാണ് കൊലപാതകം എന്നതും സിപിഎം ഗൗരവമായി എടുത്തിട്ടുണ്ട്.
മോഹനനെ കൊലപ്പെടുത്തിയ സംഘം കാറില്‍ തന്നെ പോണ്ടിച്ചേരിയുടെ ഭാഗമായ മാഹി പള്ളൂര്‍, പന്തക്കല്‍ മേഖലകളിലേക്ക് കടന്നതായാണ് പൊലീസ് വിവരം. പാനൂര്‍ സിഐ ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മാഹി പൊലീസിന്റേയും സഹായം തേടിയിട്ടുണ്ട്. ഉടന്‍ കൊലപാതകികളെ കണ്ടെത്തണമെന്ന് പാര്‍ട്ടിയും പൊലീസിന് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പാനൂര്‍ മേഖലയിലെ ചിലസിപിഎം ബിജെപി നേതാക്കള്‍ക്ക് പൊലീസ് സുരക്ഷ നല്‍കി വരുന്നുണ്ട്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലും കുറ്റവാളികളെ പിടികൂടാനുള്ള നടപടിയും പൊലീസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























