വീണ്ടും കൊലപാതകം: കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, അക്രമം വ്യാപിക്കുന്നു

സി.പി.എം വളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ബി.ജെ.പി പ്രവര്‍ത്തകനും പിണറായി സ്വദേശിയുമായ രമിത്താണ് മരിച്ചത്. രാവിലെ 10.30ഓടെ പിണറായി ടൗണിലെ പെട്രോള്‍ പമ്പിന് സമീപത്തു വച്ചാണ് രമിത്തിനു നേരെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ രമിത്തിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്് രമിത്തിന്റെ പിതാവിനെ അക്രമികള്‍ ബസില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊന്നിരുന്നു.
അതിനിടെ കണ്ണൂരില്‍ അക്രമങ്ങള്‍ വ്യാപിക്കുകയാണ്. ഇന്നലെ രാത്രി രണ്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബെറുണ്ടായി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്നുള്ള പൊലീസിന് പുറമെ എം.എസ്.പി, കെ.എ.പി ബറ്റാലിയനുകളെയും വിന്യസിച്ചിട്ടുണ്ട്.
ആയുധങ്ങള്‍, കല്ലുകള്‍, നശീകരണ വസ്തുക്കള്‍ എന്നിവ കടത്തുന്നതും സൂക്ഷിക്കുന്നതും പൊലീസ് വിലക്കിയിട്ടുണ്ട്. കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകടനം, പൊതുയോഗം, ഇരുചക്ര വാഹനങ്ങള്‍ സംഘം ചേര്‍ന്ന് ഓടിച്ച് പോവുന്നത് തുടങ്ങിയവ വിലക്കിയിരിക്കുകയാണ്. മോഹനനെ വെട്ടുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലുള്ള അശോകന്‍ അപകടനില തരണം ചെയ്തു.
https://www.facebook.com/Malayalivartha