ടെക്കികളോടുള്ള കളി ഇനി നടപ്പില്ല, ചുറ്റും സിസിടിവി ക്യാമറകളും രണ്ടു ജീപ്പുള്‍പ്പെടെ പോലീസ് കാവലും, ടെക്കികളുടെ സുരക്ഷ ശക്തമാക്കാന്‍ പുതിയ നടപടികള്‍

ജോലി കഴിഞ്ഞു മടങ്ങുന്ന ഐടി ജീവനക്കാര്‍ക്കെതിരെ പിടിച്ചു പറിയും മോഷണവും തുടര്‍ക്കഥയായതിനെ തുടര്‍ന്ന് ഐടി ജീവനക്കാരുടെ സുരക്ഷക്ക് മുന്‍കരുതലുകളുമായി സ്ഥലം എംഎല്‍എയും മന്ത്രിയുമായ കടകം പള്ളി സുരേന്ദ്രന്‍. ടെക്‌നോപാര്‍ക്ക് ഫെയ്‌സ് ത്രീ കേന്ദ്രീകരിച്ചു പൊലീസ് കണ്‍ട്രോള്‍ റൂം തുറക്കുന്നതുള്‍പ്പെടെ ഐടി നഗരത്തിനു കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുവാനുള്ള മാര്‍ഗങ്ങള്‍ മന്ത്രി കടംകപള്ളി സുരേന്ദ്രന്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു. ടെക്‌നോപാര്‍ക്കിന്റെ സമീപപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച പിടിച്ചുപറിയും ഗുണ്ടാ ആക്രമണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണു തീരുമാനം.
ടെക്‌നോപാര്‍ക്കിന്റെയും പാര്‍ക്കിലുള്ള കമ്പനികളുടെയും സഹകരണത്തോടെ സുരക്ഷയുടെ ഭാഗമായി ടെക്‌നോപാര്‍ക്കിനു ചുറ്റും തെരുവുവിളക്കുകളും സിസി ക്യാമറകളും സ്ഥാപിക്കാന്‍ തീരുമാനമായി. ടെക്‌നോപാര്‍ക്കിനെ ഉദ്ദേശിച്ച് ഒരു പൊലീസ് കണ്‍ട്രോള്‍ റൂം തുറക്കാനും ഒരു എസ്‌ഐ അടക്കം 24 പൊലീസുകാരെ നിയമിക്കാനും രണ്ടു ജീപ്പും നാലു ബൈക്കുകളും നല്‍കുവാനും നടപടിയുണ്ടാകുമെന്നു മന്ത്രി അറിയിച്ചു.
കഴക്കൂട്ടത്തെ എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ഐടി നഗരത്തിന്റെ സുരക്ഷയെക്കുറിച്ചു കഴക്കൂട്ടം അസി. കമ്മിഷണറുടെ ഓഫിസില്‍ വച്ചാണ് അവലോകനയോഗം നടത്തിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡിസിപി ശിവവിക്രം, കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് സൈബര്‍ സബ്ഡിവിഷന്‍ അസി.കമ്മിഷണര്‍ സി.പ്രമോദ്കുമാര്‍, ടെക്‌നോപാര്‍ക്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
കൂടാതെ ടെക്‌നോപാര്‍ക്കിന്റെ ഫെയ്‌സ് ഒന്നില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന പ്രീപെയ്ഡ് ഓട്ടോ സമ്പ്രദായം ഫെയ്‌സ് ടുവിലേക്കും ഫെയ്‌സ് ത്രീയിലേക്കും വ്യാപിപ്പിക്കാനും തീരുമാനമായി. കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രികരിച്ച് ഉടന്‍ പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ തുടങ്ങുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
നഗരത്തിന്റെ സുരക്ഷയ്ക്കായി വ്യാപാരികളുമായി ചേര്‍ന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിസി ക്യാമറ സ്ഥാപിക്കുന്ന ജോലി പുരോഗമിച്ചുവരികയാണ്. കഴക്കൂട്ടത്തെ വണ്‍വേ സംവിധാനം, പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനമായി. സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസില്‍ വച്ചും 21നു ടെക്‌നോപാര്‍ക്കില്‍ വച്ചും ചര്‍ച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























