ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോളെ സിപിഐ ജില്ലാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ക്കെതിരെ സി.പി.ഐ നടപടി. പാര്‍ട്ടി ജില്ലാ കൗണ്‍സിലിലേക്ക് ബിജിമോളെ തരംതാഴത്തി. ആലപ്പുഴയില്‍ നടക്കുന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ബിജിമോളെ തരംതാഴ്ത്തണമെന്ന് സംസ്ഥാന നിര്‍വാഹക സമിതി ശിപാര്‍ശ ചെയ്തിരുന്നു.
മൂന്നു തവണ പീരുമേട്ടില്‍ നിന്ന് വിജയിച്ച തന്നെ മന്ത്രിസഭയിലേക്ക് പരിഗണിക്കാത്തതിന് കാരണം തനിക്ക് ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ടാണെന്ന് ബിജിമോള്‍ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അച്ചടക്ക നടപടിക്ക് ഇടയാക്കിയത്. ഈ പരാമര്‍ശം പാര്‍ട്ടിയെ അവഹേളിക്കുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ബിജിമോളോട് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തന്റെ വാക്കുകള്‍ വാരിക വളച്ചൊടിച്ചതാണെന്നായിരുന്നു അവരുടെ നിലപാട്. ബിജിമോളുടെ മറുപടി തൃപ്തികരമല്ലെന്ന് കണ്ട് തള്ളിക്കളയാന്‍ നിര്‍വാഹക സമിതി തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് നിര്‍വാഹക സമിതി അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്തത്.
അതേസമയം, ബിജിമോള്‍ പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ തീരുമാനമുണ്ടായില്ലെന്നും സൂചനയുണ്ട്. തന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിനു പിന്നില്‍ അട്ടിമറിയുണ്ടെന്നും തന്നെ ഇല്ലാതാക്കന്‍ ചിലര്‍ ശ്രമിച്ചുവെന്നും കാണിച്ചാണ് ബിജിമോള്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha

























