സ്വന്തം വിദ്യാലയത്തെ പാകിസ്താനോടുപമിച്ച കെ പി ശശികല ടീച്ചര്‍ക്കെതിരെ വല്ലപ്പുഴ സ്‌കൂളിലെ കുട്ടികളും രക്ഷകര്‍ത്താക്കളും രംഗത്ത്

താന്‍ പഠിപ്പിക്കുന്ന വിദ്യാലയവും അതു സ്ഥിതി ചെയ്യുന്ന നാടും പാകിസ്താനാണെന്ന കെ പി ശശികലയുടെ പ്രസംഗത്തിനെതിരെ സ്‌കൂളിലെ കുട്ടികളും രക്ഷകര്‍ത്താക്കളും ഒറ്റക്കെട്ടായി രംഗത്ത്. വല്ലപ്പുഴ സ്‌ക്കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസാണ് ശശികലടീച്ചര്‍. പ്രഥമാധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാല്‍ സ്‌ക്കൂളിന്റെ ചുമതല വഹിക്കുന്ന അധ്യാപികയാണ് താന്‍ പഠിപ്പിക്കുന്ന കുട്ടികളുടെ മതം നോക്കി സ്‌ക്കൂളിനെ നിരന്തരമായി ആക്ഷേപിക്കുന്നതെന്ന ആരോപണം ഉയരുന്നത്.
നാടുനീളെ വിദ്വേഷ പ്രസംഗങ്ങള്‍ അണമുറിയാതെ നടത്തിയിട്ടും 36 വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍പ്പോലും വല്ലപ്പുഴ ഗവ. ഹൈസ്‌ക്കൂളിലെ കുട്ടികളോ രക്ഷിതാക്കളോ കെ പി ശശികലയ്‌ക്കെതിരെ അപമര്യാദയായി ഒരക്ഷരം ഉരിയാടിയിട്ടില്ല. എന്നാല്‍ തങ്ങളുടെ സ്‌ക്കൂളും നാടും പാകിസ്താനാണെന്ന് സ്‌ക്കൂളിന്റെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് നാട്ടിലും വിദേശത്തും നിരന്തരമായി നടത്തുന്ന ആക്ഷേപം അവര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. വിവാദ പ്രസംഗത്തോടുളള പ്രതികരണം ഇക്കഴിഞ്ഞ ദിവസം സ്‌ക്കൂള്‍ അങ്കണത്തില്‍ മുഴങ്ങി.
വെളളിയാഴ്ച രാവിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വക കരിങ്കൊടി. ഉച്ചയോടെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ പ്രകടനം. ' സേവ് വി എച്ച് എസ്, ബാന്‍ ശശികല' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ശശികല ടീച്ചര്‍ ഇനി ഈ സ്‌കൂളില്‍ വേണ്ട എന്നവര്‍ വിളിച്ചു പറഞ്ഞു. ഉച്ചക്ക് 3 മണിക്കു ശേഷം സ്‌കൂളില്‍ പഠനം മുടങ്ങി. രണ്ട് മൂന്ന് ദിവസമായി ഒരു വലിയ വണ്ടി നിറയെ പോലീസുകാര്‍ സ്‌കൂളിനു മുമ്പില്‍ കാവലുണ്ട്. പോലീസ് ഭീതിയില്‍ കൊച്ചു കുട്ടികള്‍ സ്‌കൂളില്‍ വരെ വരാന്‍ മടിക്കുന്നു. വല്ലപ്പുഴയിലെ സ്‌കൂളില്‍ ഇതൊക്കെയാണ് ഇപ്പോല്‍ നടക്കുന്നത്.
തിങ്കളാഴ്ച്ച മുതല്‍ സ്‌കൂളില്‍ അനിശ്ചിത കാല പഠിപ്പ് സമരം ആരംഭിക്കുകയാണ്. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ചേര്‍ന്ന ഐക്യമുന്നണിയാണ് സമരാഹ്വാനം നടത്തിയത്. ക്ലാസ്സ് ബഹിഷ്‌കരിക്കാന്‍ രക്ഷിതാക്കളും തീരുമാനിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ ശനിയാഴ്ച്ച സ്‌കൂളില്‍ പി ടി എ കൂടുന്നുണ്ട്.
എന്നാല്‍ വല്ലപ്പുഴയേയും പഠിപ്പിക്കുന്ന സ്‌കൂളിനേയും പാക്കിസ്ഥാനെന്ന് വിളിച്ചതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നല്ല അര്‍ത്ഥത്തിലാണ് താന്‍ അങ്ങിനെ പറഞ്ഞതെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ഇതിന്റേ പേരില്‍ പോലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും ഹൈക്കോടതിയിലൊന്നും ജാമ്യത്തിന് ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. കോടതിക്ക് സത്യം ബോധ്യപ്പെട്ടാല്‍ ശിക്ഷിച്ചോട്ടെ, സത്യം പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
2011 ല്‍ അമേരിക്കയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ശശികല വല്ലപ്പുഴയെ പാക്കിസ്ഥാനോട് ഉപമിച്ചത്. താന്‍ ജീവിക്കുന്ന നാടും അധ്യാപികയായി ജോലി ചെയ്യുന്ന സ്‌കൂളും പാക്കിസ്ഥാന് തുല്യമെന്നാണെന്നായിരുന്നു പരാമര്‍ശം. ഈ പ്രസംഗവും അവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ കേസിന് ആധാരമായ പ്രസംഗങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നുവെന്ന ന്യായീകരണത്തോടെ സമീപകാല പ്രസംഗങ്ങളില്‍ ഈ ആക്ഷേപം ആവര്‍ത്തിച്ചതോടെയാണ് വല്ലപ്പുഴ ശശികലയ്‌ക്കെതിരെ തിരിഞ്ഞത്.
വര്‍ഷങ്ങളായി ഒരു നിഷ്ഠയെന്നോണം മതവിദ്വേഷം പ്രചരിപ്പിച്ചിട്ടും കെ പി ശശികല എന്ന അധ്യാപികയ്‌ക്കെതിരെ വല്ലപ്പുഴ ഹയര്‍സെക്കണ്ടറി സ്‌കൂളിലോ നാട്ടിലോ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ശശികലയുടെ രാഷ്ട്രീയം സ്‌കൂളിനു പുറത്തായിരുന്നു. പക്ഷെ സ്‌കൂളിനേയും നാടിനേയും പാക്കിസ്ഥാനോട് ഉപമിച്ചതോടെ കാര്യങ്ങള്‍ മാറി. ശശികല പരസ്യമായി മാപ്പു പറഞ്ഞ് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് അവരുടെ സഹപ്രവര്‍ത്തകര്‍ക്കും അഭിപ്രായമുണ്ട്.
https://www.facebook.com/Malayalivartha


























