മുങ്ങി നടന്ന ഗുണ്ടയെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അറസ്റ്റു ചെയ്തു

നെയ്യാറ്റിന്‍കര ബിഷപ്‌സ് ഹൗസ് ആക്രമണം, നെയ്യാറ്റിന്‍കരയില്‍ മെഡിക്കല്‍ ഷോപ് നടത്തിയിരുന്ന നൂര്‍ജഹാനെ കബളിപ്പിച്ചു ലക്ഷങ്ങള്‍ തട്ടിയെടുത്തതിനെ തുടര്‍ന്ന് അവര്‍ ആത്മഹത്യ ചെയ്ത സംഭവം തുടങ്ങി ഇരുപത്തഞ്ചിലേറെ വധശ്രമ, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാത്തലവന്‍ വി. ശാന്തി ഭൂഷണെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മലപ്പുറം തേഞ്ഞിപ്പലത്ത് എസ്‌ഐ അഭിലാഷിനെ വാഹനപരിശോധനയ്ക്കിടയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചതു കൂടാതെ നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാത്തലവന്‍ നെയ്യാറ്റിന്‍കര സ്വദേശി വി.ശാന്തിഭൂഷന്‍ പൊലീസ് പിടിയിലായി. മുങ്ങിനടന്ന ശാന്തിഭൂഷന്‍ അച്ഛന്‍ വേണുഗോപാലിന്റെ മരണവിവരമറിഞ്ഞു നെയ്യാറ്റിന്‍കര മരുത്തൂരിലെ വീട്ടിലെത്തിയപ്പോള്‍ സിഐ: ജി. സന്തോഷ്‌കുമാറും, എസ്‌ഐ: എസ്.എല്‍.അനില്‍കുമാറും കെണിയൊരുക്കി ഷാഡോ പൊലീസിനെ മുന്നില്‍ നിര്‍ത്തി പിടികൂടുകയായിരുന്നു. പിതാവിന്റെ മരണാന്തര ചടങ്ങുകള്‍ക്കു പൊലീസ് തന്നെ സൗകര്യം ഒരുക്കിക്കൊടുത്തു. സംഘത്തില്‍ ഉണ്ടായിരുന്ന അരുണ്‍ (ഉണ്ണി), പ്രദീപ്, സജി എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
2007ല്‍ ഗുണ്ടാ ആക്ട് അനുസരിച്ചു ശാന്തിഭൂഷനെ അറസ്റ്റ് ചെയ്തു ജയിലില്‍ പാര്‍പ്പിച്ചിരുന്നു. വീണ്ടും ക്രിമിനല്‍ കേസുകളില്‍ പെട്ടതിനെ തുടര്‍ന്നു കാപ്പാ നിയമപ്രകാരം കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശം ലഭിച്ചതിനിടയിലായിരുന്നു എസ്‌ഐയെ തട്ടിക്കൊണ്ടുപോകല്‍.
https://www.facebook.com/Malayalivartha


























