വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ സിപിഐഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി, സക്കീര്‍ ഹുസൈനു പകരം ടി.കെ മോഹനന്‍ ഏരിയ സെക്രട്ടറി

വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതിയായ സിപിഐഎം കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സാമൂഹ്യ വിരുദ്ധ നിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികളെ ജനങ്ങളില്‍ നിന്നും അകറ്റുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി അംഗമായ വി.എ സക്കീര്‍ ഹുസൈന്‍. ഒളിവില്‍ കഴിയുന്ന സക്കീര്‍ ഹുസൈന്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചത്. രാഷ്ട്രീയ നേതാവിന്റെ ഗുണ്ടാബന്ധം ന്യായീകരിക്കാനാവില്ല എന്ന് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചിരുന്നു. സക്കീറിന് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതെസമയം സംഭവത്തില്‍ ഇരുകൂട്ടരോടും സംസാരിക്കുക മാത്രമാണ് സക്കീര്‍ ചെയ്തതെന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ച അഭിഭാഷകന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സക്കീറിന്റെ പേരില്ലെന്നും, തട്ടിക്കൊണ്ട് പോകല്‍ പരാതിയില്ലെന്നും ഇയാള്‍ കോടതിയില്‍ വിശദമാക്കി.
അതെ സമയം കേസിലെ പ്രതിയായ സി പി ഐ എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതായി ജില്ലാ സെക്രട്ടറി പി.രാജീവ് പറഞ്ഞു. സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. എന്നാല്‍ സക്കീര്‍ ഹുസൈന്‍ ജില്ലാ കമ്മിറ്റിയില്‍ തുടരും. അന്വേഷണം നടക്കുന്നതിനാലാണ് ഈ തീരുമാനമെന്നും കൂടുതല്‍ നടപടികള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് സ്വീകരിക്കുമെന്നും പി.രാജീവ് പറഞ്ഞു. ഗുണ്ടാ സംഘവുമായി പാര്‍ട്ടിക്ക് ബന്ധമില്ല, സക്കീര്‍ ഹുസൈനോട് ഒളിവില്‍ പോകാന്‍ പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നും പരാതിക്കാരന്‍ ഇതുവരെ തന്നെ വന്നു കണ്ടിട്ടില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പി.രാജീവ് വ്യക്തമാക്കി. സക്കീര്‍ ഹുസൈനു പകരം ടി.കെ മോഹനനാണ് പകരം ഏരിയ സെക്രട്ടറിയുടെ ചുമതല.
https://www.facebook.com/Malayalivartha


























