തെളിവുണ്ട് ജയന്താ എന്റെ കൈയില്‍, സിപിഎം നഗരസഭാ കൗണ്‍സിലര്‍ ജയന്തന്റെ വാദങ്ങള്‍ പൊളിച്ചടുക്കി രേഖകളടങ്ങിയ തെളിവുകളുണ്ടെന്ന് ഭാഗ്യലക്ഷ്മി

തൃശ്ശൂരിലെ വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്ന അതിക്രൂരമായ അനുഭവങ്ങള്‍ പൊതുജനമധ്യത്തിലേക്ക് എത്തിച്ച ഭാഗ്യലക്ഷ്മി നഗര സഭാ കൗണ്‍സിലറുടെ വിവാദങ്ങള്‍ തള്ളി രംഗത്ത്. തനിക്ക് ഒരു കുടുംബമുണ്ടെന്നും ഭാഗ്യലക്ഷ്മിയെ വീട്ടമ്മ കള്ളത്തരങ്ങള്‍ പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്നും ജയന്തന്റെ ആരോപണമുന്നയിച്ചിരുന്നതിനെതിരെ ആണ് ഭാഗ്യലക്ഷ്മി തെളിവുകളുമായി രംഗത്ത് വന്നത്. തനിക്കെതിരെ പത്രസമ്മേളനം നടത്തുന്നതിനുമുമ്പ് ഭാഗ്യലക്ഷ്മി സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കണമായിരുന്നുവെന്നും ജയന്തന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെല്ലാം മറുപടി ഭാഗ്യലക്ഷ്മി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.
'ഞാന്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥയല്ല, ഒരു സ്ത്രീ എന്റെ മുന്നില്‍ വന്ന് കരയുമ്പോള്‍ ഞാന്‍ ആ പെണ്‍കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കണം. ആ പെണ്‍കുട്ടിയുടെ കയ്യില്‍ കുറെ പേപ്പറുകള്‍ ഉണ്ട്. 2014 ഓഗസ്റ്റില്‍ ഒരു പ്രമുഖ പത്രത്തില്‍ വന്ന ബലാല്‍സംഗ വാര്‍ത്തയുടെ കോപ്പികള്‍ ഉണ്ട്. അതില്‍ ജയന്തന്റേയും കൂട്ടുകാരുടേയും പേരുകള്‍ വ്യക്തമായി പറയുന്നുണ്ട്. അന്ന് എന്തുകൊണ്ട് ജയന്തന്‍ മാനനഷ്ടക്കേസ് കൊടുത്തില്ല. അതുമാത്രമല്ല, ജയന്തന്‍ പൊലീസിന്റെ മുമ്പാകെ പെണ്‍കുട്ടിക്ക് മൂന്നരലക്ഷം രൂപ കൊടുത്തതിന്റെ രേഖകള്‍ എന്റെ കയ്യിലുണ്ട്. ജയന്തന്‍ എന്തിന് ഈ പെണ്‍കുട്ടിക്ക് പണം കൊടുത്തു? അയാള്‍ക്ക് പണം കിട്ടാനുണ്ടെന്നല്ലേ അയാള്‍ മാധ്യമങ്ങളുടെ മുന്നില്‍ പറയുന്നത്. പിന്നെന്തിന് പണം കൊടുത്തു? ഇത്രയേറെ പഴുതുകള്‍ അയാള്‍ തുറന്നു കൊടുത്തിട്ട് എന്തിന് ഞാന്‍ കബളിപ്പിക്കപ്പെട്ടു എന്ന് പറയുന്നു? അത് രക്ഷപെടലോ അതോ വിവരക്കേടോ?
ഇപ്പോള്‍ ഇവര്‍ പറയുന്നു, അവര്‍ കുട്ടികളെ നോക്കാറില്ല, മാതാപിതാക്കളെ നോക്കില്ല, അങ്ങനെയുള്ളവരെയൊക്കെ ഇവര്‍ പീഡിപ്പിക്കുമോ? അതൊന്നും ഇതിനുള്ള ഉത്തരമല്ല. അതെല്ലാം കുടുംബപരമായ വിഷയമാണ്. ഈ പെണ്‍കുട്ടി ജയന്തനെ നിരന്തരം സാമ്പത്തികമായി ഭീഷണി ഉന്നയിക്കുമെന്ന് പറഞ്ഞിരുന്നു. വെറും അപ്പുറത്തെ വീട്ടിലെ ആളെയല്ല, അവര്‍ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നത്, ഒരു കൗണ്‍സിലറെയാണ്. അയാള്‍ക്ക് നിയമപരായി നടപടി എടുത്തുകൂടായിരുന്നോ? പദവികൊണ്ടും ശാരീരികമായുമെല്ലാം ഉയര്‍ന്നു നില്‍ക്കുന്നത് ജയന്തനാണ്. കഷ്ടിച്ച് 35 കിലോ മാത്രമേ ഉള്ളൂ അവള്‍, നാലടി പൊക്കം കാണും. തീരെ ക്ഷീണിതയാണ്. നാലുപേര്‍ ബലാല്‍സംഗം ചെയ്തിട്ടും അവള്‍ ജീവിച്ചിരുപ്പുണ്ടല്ലോ എന്ന് എനിക്ക് അവളുടെ ആരോഗ്യം കാണുമ്പോള്‍ തോന്നിപ്പോകും.
ഞാന്‍ പൊലീസൊന്നുമല്ല ഈ പെണ്‍കുട്ടി വന്നു കരുമ്പോള്‍ അവളുമായി വടക്കാഞ്ചേരിയിലും തൃശൂരും മുളന്തുരുത്തിയിലുമൊക്കെ തെളിവെടുപ്പിന് പോകാന്‍. ഞാന്‍ ഒരു സാധാരണ സ്ത്രീയാണ്. പിന്നെ ഇയാള്‍ പറയുന്നത് ഇയാളുമായി സാമ്പത്തിക ഇടപാടുണ്ടെന്നാണ്. ഞാന്‍ പണം കൊടുത്തു, എന്നെ ഭീഷണിപ്പെടുത്തി എന്നൊക്കയാണ്. അങ്ങനെയെങ്കില്‍ മറ്റുമൂന്നുപേരുടെ പേരുകള്‍ എന്തിന് പെണ്‍കുട്ടി പറഞ്ഞു. പൊലീസിന്റെ പേര് എന്തിനു പറഞ്ഞു. ഇതൊക്കെ നാം ചിന്തിക്കണം. കുടുംബം നഷ്ടപ്പെടുമെന്നൊക്കെ ചിന്തയുള്ളവര്‍ അന്ന് തന്നെ മാനനഷ്ടക്കേസ് നല്‍കണമായിരുന്നു.
അന്നത്തെ വാര്‍ത്താസമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജയന്തനെതിരെ കേസടുത്തിട്ടുണ്ട്. അതിലുള്ള നടപടിയാലാണ് ഇപ്പോള്‍ പ്രതീക്ഷ. അതേസമയം, മുഖ്യമന്ത്രിയെ ആ പെണ്‍കുട്ടിക്ക് ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. ഞാന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായൊക്കെ സംസാരിച്ചു. പക്ഷേ, മുഖ്യമന്ത്രിയെ കാണാന്‍ ഇതുവരെ സമയം അനുവദിച്ചില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസായതുകൊണ്ടാണോ എന്നറിയില്ല, എന്നാലും അദ്ദേഹം ജനങ്ങളുടെ പ്രതിനിധിയാണ്. ആപെണ്‍കുട്ടിക്ക് മുഖ്യമന്ത്രിയോട് മാത്രമായി ചിലത് പറയാനുണ്ടെന്ന് പറഞ്ഞിട്ടു പോലും കാണാന്‍ അനുവദിക്കാത്തത് എനിക്ക് വളരെ വേദനയുണ്ടാക്കുന്നു.
കെ. രാധാകൃഷ്ണന്‍ എന്തടിസ്ഥാനത്തിലാണ് ആപെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. ജയന്തന്റെ പേര് പറഞ്ഞു, അങ്ങനെയെങ്കില്‍ പെണ്‍കുട്ടിയുടെ പേര് പറഞ്ഞൂടെ എന്നാണ് രാധാകൃഷ്ണന്‍ ചോദിക്കുന്നത്. പെണ്‍കുട്ടിയും ഒരേ പൊസിഷനില്‍ നില്‍ക്കുവന്നവരാണോ എന്ന് ഇവരൊക്കെ ചിന്തിക്കാത്തതെന്ത്? ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ജയന്തന്‍ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് തൃശൂര്‍ സ്വദേശിയായ വീട്ടമ്മയെ പെണ്‍കുട്ടിയെ രണ്ടുവര്‍ഷം മുമ്പ് പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ കേസില്‍ നീതിലഭിക്കാത്തതിനെ തുടര്‍ന്ന് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇടപെട്ടാണ് സംഭവം മാധ്യമശ്രദ്ധയില്‍ കൊണ്ടുവരുന്നത്.
https://www.facebook.com/Malayalivartha


























