ടോം ജോസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെ മരങ്ങള്‍ മുറിച്ചുകടത്തിയതായി ആരോപണം, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പങ്കെന്നു സൂചന

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസിനെതിരെ മറ്റൊരു അന്വേഷണത്തിന് വഴിവെക്കുന്ന തെളിവുകള്‍ പുറത്ത് വന്നു. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ഭൂമിയില്‍ നിന്നും ഒരു ലക്ഷം മരങ്ങള്‍ അനധികൃതമായി ടോം ജോസിന്റെ നേതൃത്വത്തില്‍ മുറിച്ചു മാറ്റിയെന്നാണ് ആരോപണം. ടോം ജോസ് ഏവിയേഷന്‍ സെക്രട്ടറിയേറ്റിന്റെ ചുമതല വഹിച്ചിരുന്ന കാലത്തായിരുന്നു മരം മുറിച്ചു കടത്തിയത്. ഇതുവഴി ലഭിച്ച തുക സംസ്ഥാന ഖജനാവിലോ കിയാലിലോ എത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. സംഭവം നടന്ന 2013ല്‍ മുഖ്യമന്ത്രിയും കിയാലിന്റെ ചെയര്‍മാനും ആയിരുന്ന ഉമ്മന്‍ചാണ്ടിക്കും സംഭവത്തില്‍ പങ്കുണ്ടതുണ്ടെന്നതിന്റെ സൂചനകളും പുറത്ത് വന്നു. ഒരു ദേശീയ ഒണ്‍ലൈന്‍മാധ്യമമാണ് തെളിവുകള്‍ പുറത്ത് വിട്ടത്.
കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിനു കേന്ദ്ര പാരിസ്ഥിതികാനുമതി ലഭിച്ചത് 2013 ജൂലായ് 19 നായിരുന്നു. ഇതിലെ സ്‌പെസിഫിക് കണ്ടീഷനില്‍ 30421 മരങ്ങള്‍ മുറിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് 45 ദിവസം മുന്‍പ് ടോം ജോസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഒരു ലക്ഷം മരങ്ങള്‍ മുറിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് മിനുട്‌സുണ്ടാക്കി ഉമ്മന്‍ചാണ്ടിയുടെ അറിവോടെ ഇക്കാര്യം വിമാനത്താവളം നിര്‍മാണക്കരാറില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തെന്നാണ് ആരോപണം. മരം മുറിക്കല്‍, വേരുകള്‍ നീക്കം ചെയ്യല്‍, കുഴി അടയ്ക്കല്‍ എന്നിവ വിമാനത്താവളക്കരാറിന്റെ ഭാഗമാക്കി മാറ്റി. പിന്നീട് പാരിസ്ഥിതിക അനുമതി ലഭിച്ചപ്പോള്‍ മരത്തിന്റെ എണ്ണം സംബന്ധിച്ച് കരാറില്‍ മാറ്റം വരുത്തുകയും ചെയ്തില്ല.
വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍ വിശദമായ മഹസ്സര്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു. ഇതു പ്രകാരം പദ്ധതി പ്രദേശത്ത് തേക്ക്, പ്ലാവ്, വീട്ടി, ചന്ദനം, ഇരുപ്പൂള്‍, ആഞ്ഞിലി തുടങ്ങിയ വിലപിടിപ്പുള്ള വന്മരങ്ങള്‍ ഉണ്ടായിരുന്നു. ജാഫര്‍ഖാന്‍ എന്ന കരാറുകാരനാണു മരം മുറിക്കാനുള്ള കോണ്‍ട്രാക്ട് ലഭിച്ചത്. കശുമാവ്, തെങ്ങ്, റബ്ബര്‍, ചെറിയ യൂക്കാലിപ്റ്റസ് മരങ്ങള്‍ എന്നിവയടക്കം അറുപതിനായിരം മരങ്ങളായിരുന്നു ലഭിച്ചത്. വിലപിടിപ്പുള്ള മരങ്ങള്‍ ഒന്നും തന്നെ ജാഫര്‍ഖാന്‍ മുറിച്ചു മാറ്റിയതായി ജാഫര്‍ഖാന്‍ തന്നെ നല്‍കിയ സ്റ്റേയ്റ്റ്‌മെന്റിലും പറയുന്നില്ല. എബി പുതുപ്പള്ളി, മുഹമ്മദ് പെരുമ്പാവൂര്‍ മുതലായ ചില ആളുകള്‍ മരംമുറി സ്ഥലത്ത് ഉണ്ടായതായും ജാഫര്‍ഖാന്‍ പറയുന്നുണ്ട്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അടുപ്പക്കാരനായ എബി പുതുപ്പള്ളിയും ഉന്നതരുമായി ബന്ധമുള്ള മുഹമ്മദ് പെരുമ്പാവൂരും എന്തിനാണു പദ്ധതി പ്രദേശത്ത് എത്തിയതെന്നതിന് വ്യക്തമായ ഒരു ഉത്തരവുമില്ല. മഹസ്സറില്‍ പറയുന്ന വിലപിടിപ്പുള്ള മരങ്ങള്‍ ജാഫര്‍ഖാന്‍ വെട്ടിയില്ലെങ്കിലും പദ്ധതി പ്രദേശത്തുനിന്നും അവ അപ്രത്യക്ഷ്യമായെന്നതാണ് സത്യം. അപ്പോഴാണ് ഉന്നതരുമായി ബന്ധമുള്ള എബിയുടെയും മുഹമ്മദിന്റെയും പദ്ധതി പ്രദേശത്തെ സാന്നിധ്യം അതീവഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.
ഇതു സംബന്ധിച്ച് നേരത്തെ ലോകായുക്തയില്‍ പരാതി വന്നിരുന്നു. ലോകായുക്തയുടെ നിര്‍ദേശപ്രകാരം കേസ് അന്വേഷിച്ചത് നോര്‍ത്ത് സോണ്‍ ഡിജിപി ആയിരുന്ന ശങ്കര്‍ റെഡ്ഡി ആയിരുന്നു. എന്നാല്‍ റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍ തയ്യാറാക്കിയ മഹസ്സര്‍ റിപ്പോര്‍ട്ടിനെ തൃണവല്‍ക്കരിച്ചുകൊണ്ട് പദ്ധതി പ്രദേശത്ത് കശുമാവുകളും പാഴ്മരങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന റിപ്പോര്‍ട്ടാണ് ശങ്കര്‍ റെഡ്ഡി തയ്യാറാക്കിയത്. ഉമ്മന്‍ ചാണ്ടി അന്നു പ്രതിപ്പട്ടികയില്‍ നിന്നും രക്ഷപ്പെട്ടത് ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.
ശങ്കര്‍ റെഡ്ഡിക്ക് ഡിജിപി റാങ്കും വിജിലന്‍സ് ഡയറക്ടര്‍ പദവിയും എല്ലാം ലഭിച്ചത് ഇതിനു ശേഷമായിരുന്നു. ഇതിനെ തികച്ചും യാദൃശ്ചികമായ ഒന്നായി കാണാന്‍ കഴിയില്ല.ലോകായുക്തയില്‍ ഇതു സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നപ്പോള്‍ ഈ ഇടപാടിലൂടെ കോടിക്കണക്കിന് രൂപ ടോം ജോസും കൂട്ടരും തട്ടിയെടുത്തെന്ന് പല കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























