ശബരിമലയിലെ സുരക്ഷാ നിരീക്ഷണങ്ങള്‍ക്കായി പൊലീസ്, ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ യൂട്യൂബില്‍

ശബരിമലയിലെ സുരക്ഷാ നിരീക്ഷണങ്ങള്‍ക്കായി പൊലീസ്, ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ യൂട്യൂബില്‍. ദൃശ്യങ്ങളെടുത്ത സ്വകാര്യ ഏജന്‍സിക്ക് അവ ഉപയോഗിക്കാന്‍ അവകാശമില്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കുമ്പോഴാണ് ദൃശ്യങ്ങള്‍ ഏജന്‍സിയുടെ യുട്യൂബ് പേജില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് പൊലീസ് സന്നിധാനത്തിന്റെ സുരക്ഷാ നിരീക്ഷണങ്ങള്‍ക്കായി സ്വകാര്യ സ്റ്റുഡിയോയുടെ ഡ്രോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഈ ദൃശ്യങ്ങള്‍ പൊലീസിന് സുരക്ഷാകാര്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ളതാണ്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആശ്രയിച്ച സ്വകാര്യ ഏജന്‍സിക്ക് ഇത് ഉപയോഗിക്കാന്‍ അവകാശമില്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പത്തനംതിട്ട എസ്.പി ഹരിശങ്കറും ഇക്കാര്യം സ്ഥിരീകരിച്ചു.
എന്നാല്‍ സ്വകാര്യ ഏജന്‍സിയുടെ യൂ റ്റിയൂബ് പേജില്‍ ഈ ദൃശ്യങ്ങളെല്ലാം അപ്‌ലോഡ് ചെയ്തിരിക്കുന്നു. സന്നിധാനത്തിന്റെയും ശ്രീകോവിലിന്റെയും ഓഫീസുകളുടേയും വനമേഖലയില്‍ ക്ഷേത്രത്തിന്റെ സ്ഥാനവും വ്യക്തമാക്കുന്നതുമടക്കം 31 വീഡിയോകളാണ് യുറ്റിയൂബില്‍ ഉള്ളത്. ബാബറി മസ്ജിദ് ദിനത്തോട് അനുബന്ധിച്ച് സന്നിധാനത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കുമ്പോഴാണ് ശനിയാഴ്ച ഉച്ചയോടെ ഈ ദൃശ്യങ്ങള് യൂ റ്റിയൂബില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതീവ സുരക്ഷാ മേഖലയായ ശബരിമലയുടെ ആകാശ ദൃശ്യങ്ങള്‍ പൊലീസിന് വേണ്ടി പകര്‍ത്തിയ ഏജന്‍സി തന്നെ പുറത്തുവിട്ടിരിക്കുന്നത് ഗുരുതരമായ സുരക്ഷാവീഴ്ച തന്നെയാണ്. ദൃശ്യങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാമെന്നിരിക്കെ യൂ റ്റിയൂബില്‍ നിന്നും പിന്‍വലിച്ചതു കൊണ്ട് മാത്രം സുരക്ഷാ പിഴവിന് പരിഹാരമാകില്ല.
https://www.facebook.com/Malayalivartha