തലയില്‍ മുണ്ടിട്ട് ചെന്നു ചാണ്ടി; പിറകെ പോകും ചെന്നിത്തല!

കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളായ ഉമ്മന്‍ചാണ്ടിയും മറ്റ് എ ഗ്രൂപ്പുകാരും പരമ രഹസ്യമായി അടൂര്‍ പ്രകാശിന്റെ വീട്ടിലെത്തി വധുവരന്മാരെ അനുഗ്രഹിച്ചു. ബിജുരമേശിനെ ഫോണില്‍ വിളിച്ച് വരാന്‍ അസൗകര്യമുണ്ടെന്നും പറഞ്ഞു.
പി.ജെ കുര്യന്‍ വക്കം പുരുഷോത്തമന്‍, ആന്റോ ആന്റണി തുടങ്ങിയ നേതാക്കള്‍ മാത്രമാണ് കോണ്‍ഗ്രസില്‍ നിന്നും ബിജുരമേശ് വിവാഹ വേദിയില്‍ ആശംസ അര്‍പ്പിക്കാനെത്തിയത്. സുധീരന് ക്ഷണം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഫോണിലോ നേരിട്ടോ ആശംസ അറിയിച്ചില്ല. കെ ബാബുവിന് ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം വിട്ടു നിന്നു.
ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്ന ബിജു രമേശിനെതിരെ അന്വേഷണങ്ങള്‍ക്കൊന്നും സാധ്യതയില്ലെങ്കിലും വിവാഹത്തോടെ അടൂര്‍പ്രകാശിന്റെ രാഷ്ട്രീയ ജീവിതത്തിന് ഇടിവു സംഭവിച്ചു കഴിഞ്ഞു. എ ഐസിസി വൃത്തങ്ങള്‍ വിവാഹത്തെ കുറിച്ച് സംസ്ഥാന നേതൃത്തോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സുധീരനാണ് വിശദീകരണം നല്‍കേണ്ടത്. അതിനാല്‍ വിശദീകരണം അടൂര്‍ പ്രകാശിനെതിരാണെന്ന് ഇപ്പോള്‍ തന്നെ പറയാം.പൊതു ജനങ്ങള്‍ കാശില്ലാതെ ബുദ്ധിമുട്ടുമ്പോഴായിരുന്നു നാടിനെയും നാട്ടാരെയും അമ്പരപ്പിച്ച മംഗല്യം. നിധിന്‍ ഗഡ്ഗരിയെയും കര്‍ണാടകത്തിലെ ഖനി മുതലാളിയെയും വിവാഹ ധൂര്‍ത്തിന്റെ പേരില്‍ കുറ്റം പറയുമ്പോള്‍ ബിജുവിന്റെ വിവാഹത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ തീരുമാനിച്ചിരുന്നു.
അതേസമയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വൈകാതെ അടൂര്‍പ്രകാശിന്റെ വീട്ടിലെത്തി വധുവരന്മാരെ ആശീര്‍വദിക്കുമെന്ന് സൂചനയുണ്ട്. രമേശ് ചെന്നിത്തല വിവാഹ സമയത്ത് തിരുവനന്തപുരത്തുണ്ടായിരുന്നെങ്കിലും വിവാഹത്തിന് പരസ്യമായി പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. രമേശും അടൂര്‍പ്രകാശും തെരഞ്ഞെടുപ്പ് സമയത്ത് പരസ്പരം തെറ്റിയിരുന്നു. അടൂര്‍ പ്രകാശിന് സീറ്റ് നല്‍കാതിരിക്കാന്‍ രമേശ് ചരടു വലിച്ചത് പരസ്യമാവുകയും വിവാദമാവുകയും ചെയ്തു.കെ എം മാണിക്കും കെ ബാബുവിനുമെതിരെ ബാര്‍ക്കോഴ ആരോപണം ഉന്നയിച്ചാണ് ബിജു രമേശ് വാര്‍ത്തകളില്‍ ഇടം നേടിയത്. യുഡിഎഫ് സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്കും മാണിയുടെ രാജിക്കും ആരോപണം ഇടയായിരുന്നു. ആരോപണം ഉന്നയിക്കുന്ന വ്യക്തിക്ക് കോണ്‍ഗ്രസ് മന്ത്രിസഭയിലെ പ്രമുഖനുമായി ഉണ്ടായിരുന്ന ബന്ധുത്വം അക്കാലത്ത് വിവാദമായിരുന്നു.
ഇതെല്ലാം കണ്ടു നില്‍ക്കുന്ന സാധാരണക്കാരന് ഒരു ചോദ്യമുണ്ട്. അടൂര്‍പ്രകാശ് ബിജുരമേശിന്റെ മച്ചമ്പിയായിരുന്നെങ്കില്‍ പറഞ്ഞു തീര്‍ക്കാമായിരുന്നില്ലേ വിവാദങ്ങള്‍.
https://www.facebook.com/Malayalivartha