പാതിവഴിയില്‍ തന്നെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിതമാസ്വദിക്കാന്‍ പോയ പ്രിയതമയെ ഓര്‍ത്ത് അവസാനശ്വാസം വരെ. .രാജേഷിന്റെത് വേറിട്ടൊരു ജീവിത കഥയാണ്

ഏറെ സ്‌നേഹിച്ച ഭാര്യ തന്നെ വിട്ട് പോയപ്പോള്‍ തോന്നിയ ശൂന്യതയില്‍ മനസ്സ് തകര്‍ന്നപ്പോള്‍ കണ്ണിലുണ്ണികളായ മക്കളെയും പെറ്റമ്മയേയും കൊന്നു ആത്മഹത്യ ചെയ്യാന്‍ കൊതിച്ച അച്ഛന്‍. പക്ഷെ വിധി അവിടെയും രാജേഷിനെ ചതിച്ചു. ജീവിതത്തിന്റെ നടുക്കടലില്‍ അയാളെ തള്ളിവിട്ട് മരണം രണ്ട്
മക്കളെ കൊണ്ടുപോയി.
പരാജയപ്പെട്ട ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ സ്വയം തൂങ്ങി മരണം തെരഞ്ഞെടുത്ത തിരുവനന്തപുരം നാലാഞ്ചിറയിലെ രാജേഷ് കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ മോഹഭംഗത്തിന്റെയും കണ്ണീരിന്റെയും നനവുള്ളതാണ്. ഈ പോസ്റ്റുകളിലൊന്നെങ്കിലും രാജേഷിന്റെ പ്രിയപ്പെട്ടവളായിരുന്ന ദേവി കണ്ടിരുന്നെങ്കില്‍ ഇന്നീ കുറിപ്പിന്റെ ആവശ്യം വരില്ലായിരുന്നു. ജീവിതത്തില്‍ പരാജയപ്പെട്ടതിന്റെ നഷ്ടബോധവും വിഹ്വല ചിന്തകളും ആകുലതകളുമെല്ലാം അയാള്‍ ഫേസ്ബുക്കിലൂടെ സ്‌നേഹിതര്‍ക്കായി പങ്കു വെച്ചു. ഒരു പക്ഷെ ഒരിക്കലെങ്കിലും തന്റെ പ്രിയപ്പെട്ടവളും ഈ പോസ്റ്റുകള്‍ കാണുമെന്നും തന്നെ തിരിച്ചറിയുമെന്നും ആ പാവം വിശ്വസിച്ചിരുന്നുവോ? പക്ഷെ തിരക്കുള്ള ഇന്നത്തെ സമൂഹമോ,സുഹൃത്തുക്കളോ കേസന്വേഷിക്കുന്ന പൊലീസോ ഒന്നും അറിഞ്ഞില്ല. സ്‌നേഹത്തിന്റെ കുറെ ചിതറിയ ചിന്തുകള്‍ മാത്രം ബാക്കിയാക്കി രാജേഷ് നടന്നകന്നു മരണത്തിലേക്ക്.
രാജേഷിന്റെ കവര്‍ പേജില്‍ എഴുതിയ വരികള്‍ നോക്കൂ.. 'നിങ്ങള്‍ ഒരു നായക്ക് മൂന്നു ദിവസം ഭക്ഷണം കൊടുത്ത് നോക്കൂ,അത് അടുത്ത മൂന്നു കൊല്ലം നിങ്ങളെ ഓര്‍ക്കും,എന്നാല്‍ നിങ്ങള്‍ ഒരു മനുഷ്യന് മൂന്നു വര്ഷം ഭക്ഷണം കൊടുത്താലും അടുത്ത മൂന്നു സെക്കന്റിനുള്ളില്‍ അയാള്‍ നിങ്ങളെ മറന്നിരിക്കും.' നന്ദികെട്ട സമൂഹത്തിലേക്ക് വീശുന്ന ചാട്ടുളിയാണ് ഈ വാക്കുകള്‍. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു ചെറുപ്പക്കാരന്റെ നിസ്സഹായതയും അമര്‍ഷവും ഇവിടെ വായിക്കിച്ചെടുക്കാം.
നിസ്സാരകാര്യങ്ങള്‍ക്കായി വഴിപിരിയുന്ന സൗഹൃദങ്ങള്‍ക്കും കുടുംബ ബന്ധങ്ങള്‍ക്കുമുള്ള താക്കീതും രാജേഷിന്റെ പോസ്റ്റുകളില്‍ കാണാം. സ്വന്തമാകില്ലെന്നറിഞ്ഞും കടലിനെ കാത്തിരിക്കുന്ന കരയും സൂര്യനെ പ്രണയിച്ച ഭൂമിയുമെല്ലാം ഈ പോസ്റ്റുകളില്‍ ഉണ്ട്. എല്ലാ പോസ്റ്റുകളും സ്‌നേഹം നിഷേധിക്കപ്പെട്ടതിന്റെയും ചതിക്കപ്പെട്ടതിന്റെയും നിസ്സഹായാവസ്ഥയില്‍ നിന്നും വന്നത് തന്നെ.
ഒരിക്കല്‍ രാജേഷ് കുറിച്ചു; 'ജനിക്കുന്നെങ്കില്‍ നോട്ട് ബുക്കിന്റെ നടുപേജായി ജനിക്കണം..പറിച്ചു കളഞ്ഞാലും കൂടെ പോരാന്‍ ഒരാളുണ്ടല്ലോ... ഏകാന്തതയുടെ ഉമിത്തീയില്‍ വെന്തുരുകിയ ഈ വാക്കുകള്‍ എന്തേ നമ്മുടെ സമൂഹം കേള്‍ക്കാതെ പോയി? സ്‌നേഹം തുളുമ്പുന്ന കണ്ണുകള്‍ തമ്മില്‍ അകന്നേക്കാം ,എന്നാല്‍ സ്‌നേഹം സത്യമാണെങ്കില്‍ സ്‌നേഹിക്കുന്ന ഹൃദയങ്ങള്‍ തമ്മില്‍ ഒരിക്കലും അകലില്ല.'.അവസാന നിമിഷം വരെ രാജേഷിനെ പിടിച്ചു നിര്‍ത്തിയതും ഈ പ്രതീക്ഷതന്നെയാവണം. എന്നെങ്കിലും തന്റെ പ്രിയതമ തന്റെ സ്‌നേഹ കൂട്ടിലേക്ക് തിരിച്ചുവരുമെന്ന് തന്നെ രാജേഷ് പ്രതീക്ഷിച്ചു.
നഷ്ട പ്രണയത്തിന്റെ നിസ്സഹായാവസ്ഥയില്‍ ചതിവിന്റെ ചാവു നിലങ്ങളില്‍ രാജേഷ് ഒറ്റക്കായിരുന്നു. ജീവന് തുല്യം സ്‌നേഹിച്ച പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി രാജേഷ് കുറിച്ചു.
'എന്റെ ഈ ജീവിതത്തില്‍ ഞാന്‍ തിരക്കിയത് ഒരേയൊരു ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. എന്താണ് ഞാന്‍ ചെയ്ത തെറ്റ്? ഉത്തരം കിട്ടാന്‍ കാലങ്ങള്‍ വേണ്ടിവന്നു. പലര്‍ക്കും ജീവിതത്തില്‍ അര്‍ഹതയില്ലാത്ത സ്ഥാനം കൊടുത്തു. മരണത്തിലേക്ക് നടന്നടുക്കുന്നവന്റെ ഹൃദയമിടിപ്പുകള്‍ ആ ഫേസ് ബുക്ക്‌പോസ്റ്ററുകളില്‍ മുഴങ്ങുന്നു. മനസ്സില്‍ തട്ടിയ കഥയിലൂടെ കുട്ടിക്കാലം ഓര്‍ത്തെടുത്തു. 'ഇതായിരുന്നു കൂട്ടം തെറ്റിയ ഒറ്റയാന്‍. എന്തിനോ ഞാന്‍ മറ്റുള്ളവരില്‍ നിന്നും അകന്നു'.
'അകലാന്‍ ശ്രമിക്കുമ്പോള്‍ അടുക്കാന്‍ ശ്രമിക്കണം. സൗഹൃദങ്ങള്‍ മാത്രമല്ല കുടുംബബന്ധങ്ങള്‍ പോലും തകരാന്‍ നന്നേ ചെറിയ കാരണങ്ങള്‍ മതി. അകല്‍ച്ച തുടങ്ങുമ്പോഴേ കൂടുതല്‍ അടുക്കാന്‍ ശ്രമിക്കണം'
തിരിച്ചറിവിന്റെ ഈ കുറിപ്പുകളില്‍ ദുഖമുണ്ട് ,പശ്ചാത്താപമുണ്ട്.. 'നമ്മുടെ സ്വപ്നങ്ങളും ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം അറിയുന്ന ഒരു സുഹൃത്തിനെ കിട്ടിയതില്‍ നാം അഹങ്കരിക്കും
മനസില്‍ ഒരു വലിയ സ്ഥാനം നല്‍കി എന്നും നാം അത് സൂക്ഷിച്ചുവയ്ക്കും അവരെ ഒരു പാട് വിശ്വസിക്കുംഅവരുടെ കൊച്ചു കൊച്ചു തെറ്റുകളില്‍ അവരെ ഒറ്റപെടുത്താതെ ആ തെറ്റുകളിലും നാം അവരെ പിന്‍താങ്ങും വീണ്ടും ആവര്‍ത്തിക്കരുതെന്ന് പറയുമെങ്കിലും അവരെ കുറ്റപ്പെടുത്താതെ ആ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടുത്താന്‍ ശ്രമിക്കും.എന്നെങ്കിലുമൊരുനാള്‍ അവര്‍ നമ്മെ തള്ളി പറയുമെന്നറിയാതെ അന്തമായി വിശ്വസിച്ച് സ്വയം വിഢിയാവും. ഒരു നിമിഷം നാം ഈ ലോകത്ത് ഒറ്റപെട്ടത് പോലെ തോന്നും , കൂടെ നിക്കുന്നവരെയെല്ലാം അവരെപ്പോലെ തോന്നി നാം ആരേയും വിശ്വസിക്കാതെയാവും.'
കാമുകനൊപ്പം പോയ ഭാര്യയുടെ ചെയ്തിയില്‍ വേദനിച്ചിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തു ഒരുമിച്ചു ജീവിക്കാന്‍ തയ്യാറായിട്ടും കോടതിയില്‍ തന്നെ അവള്‍ തള്ളി പറഞ്ഞതിന്റെ വദന തന്നെയല്ലേ ഈ വാക്കുകളില്‍?
കാത്തിരുന്നാല്‍ കിട്ടുമെന്ന് ഉറപ്പുള്ളത് മരണം മാത്രമാണെന്ന് രാജേഷ് ഉറപ്പിച്ചു. ഭാര്യയുടെ സ്‌നേഹം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന് ബോധ്യമായപ്പോള്‍ രാജേഷ് എഴുതി, നമ്മളെ ഒരിക്കലും പറ്റിക്കാത്തതും നമ്മളെ തേടി വരുന്നതുമായ ഒരേ ഒരു സത്യം മരണമാണ്. ഒരിക്കല്‍ ഒരുപാട് സ്‌നേഹിച്ചതുകൊണ്ടായിരിക്കാം ഭാര്യ തന്നെ വിട്ടകന്നതെന്നു ഒരവസരത്തില്‍ രാജേഷ് ഓര്‍ത്തെടുക്കുന്നുമുണ്ട്. ഒഴിവാക്കണമെന്നു തോന്നിയപ്പോള്‍ അത് തുറന്നു പറയാതിരുന്നതിനെ ചൊല്ലിയുള്ള പരിഭവം ഇടയ്ക്കിടെ വാക്കുകളില്‍ കോറിയിട്ടുണ്ടെങ്കിലും ഏതു തെറ്റും ക്ഷമിച്ച് വീണ്ടും ഒന്നാവാന്‍ മരണം വരെയും അയാള്‍ കാത്തിരുന്നു.വെറുതെയാണെന്നു അറിഞ്ഞിട്ടും അര്‍ഥം തേടിയുള്ള ആ കാത്തിരിപ്പ് അവസാനിച്ചു. ഇനി സ്‌നേഹവും പരിഭവവും ചാലിച്ച ഈ ഓര്‍മ്മകുറിപ്പുകളില്ല എന്നോര്‍ത്ത് ഇന്ന് സുഹൃത്തുക്കള്‍ വിലപിക്കുന്നു.
സ്‌നേഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഹൃദയം നുറുക്കുന്ന ഒരുപാട് ചിന്തകള്‍ പങ്കുവെച്ചു ഒടുവില്‍ മരണത്തിലേക്ക് സ്വയം നടന്നടുക്കുന്ന അവസാന നിമിഷങ്ങളില്‍ രാജേഷ് കുറിച്ച്
'പ്രിയപ്പെട്ട മനസ്സേ ,
ആലോചനകള്‍ നിര്‍ത്തു, രാത്രി ഏറെയായി. ഇനി എനിക്ക് ഉറങ്ങണം'.
സ്വയം വിഡ്ഢിയാവാതിരിക്കാന്‍ രാജേഷ് ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചു.
https://www.facebook.com/Malayalivartha