റിട്ട. ഡിവൈ.എസ്.പി പത്തുലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി വീട്ടമ്മ വനിതാ കമ്മീഷനില്‍

റിട്ട. ഡിവൈ.എസ്.പി പത്തുലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി വീട്ടമ്മ വനിതാ കമ്മീഷനില്‍.
കീഴാറ്റിങ്ങല്‍ സ്വദേശിയായ വീട്ടമ്മയാണ് തന്റെ പണം തിരികെ കിട്ടാന്‍വേണ്ട നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തിലെത്തിയത്. നാല് വര്‍ഷം മുമ്പാണ് നെടുമങ്ങാട് സ്വദേശിയായ ഡിവൈ.എസ്.പി മകളുടെ വിവാഹാവശ്യത്തിനെന്ന പേരില്‍ വീട്ടമ്മയില്‍ നിന്നും പത്ത് ലക്ഷം രൂപ കടം വാങ്ങിയത്. ഇയാല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ തന്റെ വീട് പണയംവെച്ചും മറ്റുള്ളവരില്‍ നിന്നും കടം വാങ്ങിയുമാണ് പണം നല്‍കിയതെന്ന് വീട്ടമ്മ പറയുന്നു. ഇവരുടെ രണ്ട് പെണ്‍മക്കളുമറിയാതെയാണ് പണം കൈമാറിയത്. ഇക്കാര്യം മക്കള്‍ അറിഞ്ഞതോടെ അവര്‍ തന്നെ തിരിഞ്ഞുനോക്കാതെയായെന്നും വീട്ടമ്മ പറയുന്നു.
അഞ്ച് മാസത്തിനകം പലിശയുള്‍പ്പെടെ മടക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഡിവൈ.എസ്.പി വീട്ടമ്മയില്‍ നിന്ന് കടം വാങ്ങിയത്. എന്നാല്‍ അഞ്ച് മാസം കഴിഞ്ഞ് പണം തിരികെ ചോദിച്ചപ്പോള്‍ ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞു ഇയാള്‍ തടിതപ്പാന്‍ ശ്രമിച്ചു. വീട്ടമ്മ ഈടെന്ന രീതിയില്‍ ചെക്ക് വാങ്ങിയിരുന്നു. ഇയാളുടെ ഭാര്യയുടെ പേരിലുള്ള ചെക്കാണ് ഇയാള്‍ നല്‍കിയത്. പിന്നീട് ഓരോ തവണ തുക ആവശ്യപ്പെടുമ്പോഴും തന്റെ പേരിലുള്ള വണ്ടിയോ വസ്തുവോ തരാമെന്ന ന്യായങ്ങള്‍ പറഞ്ഞു വീട്ടമ്മയെ മടക്കി അയച്ചുകൊണ്ടിരുന്നു.
കടംവാങ്ങി മൂന്നുവര്‍ഷം പിന്നിട്ടിട്ടും പൈസ ലഭിക്കില്ലെന്നഘട്ടം വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ വീട്ടമ്മ ഇയാളുടെ വീട്ടില്‍ ചെന്ന് ബഹളമുണ്ടാക്കി. തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കടന്നുവെന്ന പേരില്‍ അരുവിക്കര പൊലീസ് വീട്ടമ്മക്കെതിരെ കേസെടുത്തു സ്‌റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ മൂന്നു മാസത്തിനകം പൈസ കൊടുക്കാമെന്ന് ഇയാള്‍ സമ്മതിച്ചെങ്കിലും പിന്നീട് കൈമലര്‍ത്തി. ഇതോടെയാണ് ഇവര്‍ വനിതാകമ്മീഷനെ സമീപിച്ചത്.
കടയ്ക്കാവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സി.ഐ ആയിരിക്കുമ്പോഴാണ് വീട്ടമ്മ ഇയാളെ പരിചയപ്പെടുന്നത്. അന്നു മുതല്‍ ഇവര്‍ തമ്മില്‍ പണമിടപാടുകള്‍ നടന്നിരുന്നു. അന്നൊക്കെ കൃത്യമായി പൈസ തിരികെ നല്‍കിയിരുന്നതായും വീട്ടമ്മ പറയുന്നു. ആ വിശ്വാസത്തിലാണ് ഇയാള്‍ ജോലിയില്‍ നിന്നും വിരമിച്ചശേഷം മകളുടെ കല്യാണത്തിനെന്ന പേരില്‍ പൈസ ചോദിച്ചപ്പോള്‍ നല്‍കിയതെന്നും വീട്ടമ്മ കമ്മീഷനില്‍ പറഞ്ഞു. ആറു മാസത്തിനകം രണ്ട് ഘട്ടമായി വാങ്ങിയ പൈസ മുഴുവന്‍ തിരികെ നല്‍കാമെന്ന് രേഖാമൂലം ഇയാള്‍ കമ്മീഷന് നല്‍കിയ ഉറപ്പിന്‍മേലാണ് പ്രശ്‌നത്തിന് പരിഹാരമായത്.
https://www.facebook.com/Malayalivartha