ഹരിതകേരളം പദ്ധതി: ഒഴിഞ്ഞ പാല്‍ കവറിന് കിലോക്ക് 40 രൂപ

പാല്‍ കവറുകള്‍ ഉപയോഗശേഷം വലിച്ചെറിയാതെ വൃത്തിയായി സൂക്ഷിച്ചാല്‍ കിലോക്ക് 40 രൂപ വരെ കിട്ടും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടങ്ങള്‍ ആക്രിക്കച്ചവടക്കാരുമായി നടത്തിയ ചര്‍ച്ചകളിലാണ് ഉപയോഗിച്ച പാല്‍ കവര്‍ വൃത്തിയാക്കി നല്‍കിയാല്‍ കിലോക്ക് 40 രൂപ വെച്ച് നല്‍കാമെന്ന് ആക്രിക്കച്ചവടക്കാര്‍ സമ്മതം അറിയിച്ചത്. പ്രധാന പ്രശ്‌നമായ പ്‌ളാസ്റ്റിക് മാലിന്യ സംസ്‌കരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
ഏറ്റവുമധികം കവര്‍ പാല്‍ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. ഈ പാല്‍ കവറുകള്‍ ഉപയോഗശേഷം വലിച്ചെറിയുന്നത് വലിയ മാലിന്യപ്രശ്‌നമാണ്. പാല്‍ കവറുകള്‍ മണ്ണില്‍ ഉപേക്ഷിച്ചാല്‍ നശിക്കാതെ കിടക്കും. അതിന് പരിഹാരം എന്ന നിലക്കാണ് നിര്‍ദ്ദേശം. എന്നാല്‍, വൃത്തിയുള്ള കവറുകള്‍ മാത്രമേ വിലയ്‌ക്കെടുക്കുകയുള്ളൂ.
ഇപ്പോള്‍ പാല്‍ എടുത്തശേഷം കവറില്‍ തേയില, നാരങ്ങ എന്നിവ ഇട്ടുവെക്കുന്ന പതിവ് ചിലയിടത്തൊക്കെയുണ്ട്. എന്നാല്‍ അത്തരത്തിലുള്ള കവറുകള്‍ പുനരുല്‍പാദനം നടത്തുക വളരെ പ്രയാസമാണ്. തമിഴ്‌നാട്ടുകാര്‍ പാല്‍ ഉപയോഗിച്ചശേഷം ആ കവറുകള്‍ കൃത്യമായി വെട്ടി കഴുകി ഉണക്കി സൂക്ഷിക്കാറുണ്ടെന്നും അതിനാല്‍ അവരില്‍നിന്ന് കവറുകള്‍ വാങ്ങാനാണ് താല്‍പര്യമെന്നും കച്ചവടക്കാര്‍ പറഞ്ഞു.
തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് കേരളത്തില്‍ കവര്‍ പാലുകള്‍ എത്തുന്നുണ്ട്. നിര്‍ദേശം നടപ്പായാല്‍ പാല്‍ കവര്‍ എടുക്കാത്ത അവസ്ഥ മാറ്റാനും പ്‌ളാസ്റ്റിക് കവര്‍ വിഷയം ഒരു പരിധി വരെ പരിഹരിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. വീടുകളിലും ഹോട്ടലുകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങളിലും സൂക്ഷിക്കുന്ന കവറുകള്‍ ശേഖരിച്ച് ആക്രിക്കച്ചവടക്കാര്‍ക്ക് ലഭ്യമാക്കുന്നതുള്‍പ്പെടെ കാര്യങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിക്കുന്നുണ്ട്.
തൃശൂര്‍ ജില്ലയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. വെള്ളാങ്കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പ്‌ളാസ്റ്റിക് റീസൈക്‌ളിങ് യൂണിറ്റിലേക്ക് ആവശ്യമായ പ്‌ളാസ്റ്റിക് കവര്‍ ലഭ്യമാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha