ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതളിയും. വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയായിരിക്കും.
ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായ പാര്‍ട്ടിംഗ് പ്രദര്‍ശിപ്പിക്കും. മേളയുടെ പ്രമേയമായ അഭയാര്‍ഥി പ്രശ്‌നമാണ് ഉദ്ഘാടന ചിത്രത്തിന്റെ ഉള്ളടക്കം. മൈഗ്രേഷന്‍ വിഭാഗത്തെ കൂടാതെ ലിംഗസമത്വം പ്രമേയമായ ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗവും മേളയുടെ സവിശേഷതയാണ്. 13 തീയേറ്ററുകളിലായാണ് പ്രദര്‍ശനം. ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരമാണെങ്കിലും രാവിലെ 10 മണി മുതല്‍ വിവിധ തീയേറ്ററുകളില്‍ പ്രദര്‍ശനമുണ്ടാകും. മേളയുടെ ചരിത്രത്തിലാദ്യമായി ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ചലച്ചിത്രമേളയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഭിന്നലിംഗക്കാര്‍ക്കായി ഐഎഫ്എഫ്‌കെയുടെ ഔദ്യോഗിക പേജില്‍ പ്രത്യേക സൗകര്യവുമുണ്ട്.
വജ്രകേരളം ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ തനത് കലാരൂപങ്ങള്‍ക്ക് നാളെ മുതല്‍ 15 വരെ വൈകുന്നേരം 7.30ന് ടാഗോര്‍ തീയേറ്റര്‍ വേദിയാകും. നാടന്‍പാട്ടുകള്‍, തോല്‍പ്പാവക്കൂത്ത്, മുടിയേറ്റ്, ചവിട്ടുനാടകം, അറബനമുട്ട് തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറും.
ഡെലിഗേറ്റുകള്‍ക്കുള്ള ആര്‍എഫ്‌ഐഡി തിരിച്ചറിയല്‍ കാര്‍ഡ്, പ്രദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, തിയേറ്ററുകളില്‍ താമസം കൂടാതെ പ്രവേശനം സാധ്യമാക്കുന്നതിന് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ടാകും. സീറ്റ് റിസര്‍വേഷന്‍, ബുക്ക് ചെയ്ത സീറ്റുകളുടെ വിശദാംശങ്ങള്‍, പ്രദര്‍ശന വിവരങ്ങള്‍, തീയേറ്ററുകളുടെ വിശദാംശങ്ങള്‍ എന്നിവയും ഈ ആപ്ലിക്കേഷന്‍ വഴി ലഭിക്കും. പ്രദര്‍ശനത്തില്‍ വരുത്തുന്ന മാറ്റം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രതിനിധികളെ അറിയിക്കാന്‍ എസ്എംഎസ് സംവിധാനവും സീറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ മൊബൈല്‍ നമ്പരുമുണ്ട്. 9446301234 എന്ന മൊബൈല്‍ നമ്പരിലേക്ക് സിനിമയുടെ കോഡ് അയച്ചാല്‍ സീറ്റുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.
https://www.facebook.com/Malayalivartha