നാല്‍പ്പത്തിയൊന്നുനാള്‍ നീണ്ട മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയില്‍ 26ന് മണ്ഡലപൂജ നടക്കും

നാല്‍പ്പത്തിയൊന്നുനാള്‍ നീണ്ട മണ്ഡലകാലത്തിന് സമാപനം കുറിച്ച് 26ന് മണ്ഡലപൂജ നടക്കും. 26 ന് രാവിലെ 11.55നും ഉച്ചയ്ക്ക് 12.5നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് മണ്ഡലപൂജ. കളഭാഭിഷേകത്തിന് ശേഷമാണ് പൂജയുടെ പ്രാരംഭ ചടങ്ങുകള്‍ ആരംഭിക്കുന്നത്.
ഈ സമയം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുവാന്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് നടയ്ക്കു വച്ച തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര 22ന് രാവിലെ 7.30ന് അറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. 25ന് ഉച്ചയ്ക്ക് രണ്ടിന് പമ്പയിലെത്തും.
ഘോഷയാത്രയെ പമ്പാ ദേവസ്വം സ്‌പെഷല്‍ ഓഫീസര്‍ അജിത്ത് പ്രസാദ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജീവ്, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് പമ്പാ ഗണപതി ക്ഷേത്രത്തിലേക്ക് ആനയിക്കും. ഉച്ചയ്ക്ക് മൂന്നു വരെ ഗണപതി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് തങ്കഅങ്കി ദര്‍ശിക്കാനുള്ള സൗകര്യം ഉണ്ടാകും.
തുടര്‍ന്ന് മൂന്നേ കാലിന് പമ്പയില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 5.30ന് ശരംകുത്തിയില്‍ എത്തുന്ന തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍. രവിശങ്കര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം. യതീന്ദ്രനാഥ്, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ അജിത്ത്, അസി.എന്‍ജിനീയര്‍മാരായ ശ്യാം കുമാര്‍, ബസന്ത്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകിട്ട് 6.15ന് പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരചുവട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലക്യഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, സ്‌പെഷ്യല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ രാമരാജ പ്രേമപ്രസാദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തേക്ക് ആനയിക്കും.
തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ടി.എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് തങ്കഅങ്കി ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് അയ്യപ്പന് ചാര്‍ത്തി ദീപാരാധന നടത്തും.
മണ്ഡല പൂജയ്ക്കു ശേഷം രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്‌സവത്തിനായി 30 ന് വൈകിട്ട് അഞ്ചിന് നട തുറക്കും
https://www.facebook.com/Malayalivartha


























