ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്, വ്രതശുദ്ധിയുടെ പുണ്യം തേടി ഗുരുവായൂരിലേക്ക് ഭക്തജനപ്രവാഹം

ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. വ്രതശുദ്ധിയുടെ പുണ്യം തേടി ഗുരുവായൂരിലേക്ക് ഭക്ത ജനപ്രവാഹം. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്.
ദേവ ഗുരുവും വായുദേവനും ചേര്‍ന്ന് ഗുരുവായൂരില്‍ പ്രതിഷ്ഠ നടത്തിയതും ഈ ദിവസമാണത്രെ. ശ്രീകൃഷ്ണന്‍ അര്‍ജുനന് ഗീത ഉപദേശിച്ച ദിവസവും ഏകാദശി നാളിലായതിനാല്‍ ഇതേദിവസം ഗീതാദിനമായും ആഘോഷിക്കുന്നു. മേല്‍പ്പത്തൂര്‍ നാരായണന്‍ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച് ഗുരുവായൂരപ്പനു സമര്‍പ്പിച്ചതും ഏകാദശി ദിനത്തിലാണ്. ഗജരത്‌നം പത്മനാഭനും വലിയകേശവനും ഇന്നു തിടമ്പേറ്റും. ഏകാദശി വ്രതംനോറ്റ് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി ദേവസ്വം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. കിഴക്കേ ഗോപുരം വഴി സാധാരണ ദിനങ്ങളിലേതുപോലെത്തന്നെയാണ് ദര്‍ശനത്തിനുള്ള നിര.
ദേവസ്വം വകയാണ് ഇന്നത്തെ ഉദയാസ്തമന പൂജയോടുക്കൂടിയുള്ള വിളക്കാഘോഷം. രാവിലെ കാഴ്ചശീവേലിക്കുശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ട്. വൈകുന്നേരം ദീപാരാധനയ്ക്കുശേഷം പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുമുണ്ടാകും.
വ്രതാനുഷ്ഠാനം
വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികള്‍ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകല്‍) ആഹാരം കഴിക്കാം. ഏകാദശിദിവസം പരിപൂര്‍ണമായി ഉപവസിക്കണം. അരി കൊണ്ടുളള ഭക്ഷണം പൂര്‍ണമായും ഉപേക്ഷിക്കണം. തുളസീതീര്‍ഥം സേവിക്കാം. പകല്‍ ഉറങ്ങാന്‍ പാടില്ല.
പ്രോഷ്ഠപദ ശുക്ലൈകാദശി, പരിവര്‍ത്തനൈകാദശി, കാര്‍ത്തിക ശുക്ലൈകാദശി, ഉത്ഥാനൈകാദശി, ധനുശുക്ലൈകാദശി, സ്വര്‍ഗവാതില്‍ ഏകാദശി, മാഘശുക്ലൈകാദശി, ഭീമൈകാദശി തുടങ്ങിയവയാണു പ്രാധാന്യമുളള ഏകാദശികള്‍. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂര്‍) സമയത്തെ ഹരിവരാസരം എന്നാണു പറയുക. ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവരാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.
കേരളത്തില്‍ ആചരിച്ചു വരുന്ന ഏകാദശികളില്‍ പ്രധാനമാണ് വൃശ്ചികത്തിലെ ഗുരുവായൂര്‍ ഏകാദശി. ഭഗവാന്‍ ഗീതോപദേശം നല്‍കിയ ദിവസമാണിത്. പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ആചരിക്കുന്നതും ഈ ദിവസമാണ്. സ്ത്രീകള്‍ ഏറ്റവും അധികം അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം.
ഏകാദശിയുടെ തലേന്ന്, അതായത് ദശമിയുടെ അന്ന് ഒരിക്കല്‍ എടുക്കുക (ഒരിക്കലൂണ്). ഏകാദശി നാള്‍ പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം കഴിയാത്തവര്‍ ഒരു നേരം പഴങ്ങളോ, അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കാം. പകല്‍ ഉറങ്ങരുത്. വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി തുളസീ തീര്‍ത്ഥം സേവിക്കുന്നത് ഉത്തമമാണ്. വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ടുള്ള അര്‍ച്ചന നടത്തുന്നതും നല്ലതാണ്. കഴിയുമെങ്കില്‍ അന്നേ ദിവസം നാമജപവും ഭജനവുമായി ഭക്തിപൂര്‍വ്വം കഴിച്ചു കൂട്ടുക. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ഉത്തമം.
ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്.
ഏകാദശിയുടെ പിറ്റേന്ന് (ദ്വാദശി ദിവസം) രാവിലെ ഉറക്കമുണര്‍ന്ന് മലരും തുളസിയിലയും ഇട്ട തീര്‍ത്ഥം സേവിച്ച് പാരണ വിടുക (വ്രതം അവസാനിപ്പിക്കുക).
https://www.facebook.com/Malayalivartha