ഇനി മെട്രോയിലും കുടുംബശ്രീ അംഗങ്ങള്‍; ധാരണാപത്രം ഒപ്പുവച്ചു

കുടുംബശ്രീ അംഗങ്ങളെ മെട്രോയില്‍ വിവിധ ജോലികളില്‍ നിയമിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മെട്രോ അവലോകനയോഗത്തിലാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും(കെ.എം.ആര്‍.എല്‍) കുടുബശ്രീയും ധാരണപത്രം ഒപ്പുവച്ചത്.
ആദ്യഘട്ടത്തില്‍ 300 പേര്‍ക്കും പിന്നീട് 1800 പേര്‍ക്കും തൊഴില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. യോഗ്യതയ്ക്കനുസരിച്ചായിരിക്കും നിയമനം. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്ത്രീകളെ ഏല്‍പ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുടുംബശ്രീ അംഗങ്ങളുടെ പെണ്‍മക്കള്‍ക്കും യോഗ്യതയ്ക്കനുസരിച്ച് ഈ പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കും. അവര്‍ കെ.എം.ആര്‍.എല്ലിന്റെ ജീവനക്കാര്‍ ആയിരിക്കില്ല. സര്‍വീസ് ഏജന്‍സിയായിട്ടായിരിക്കും കുടുംബശ്രീ പ്രവര്‍ത്തിക്കുക. ടിക്കറ്റ് കൗണ്ടര്‍, ശുചീകരണം, പൂന്തോട്ടം തുടങ്ങിയ നിരവധി ജോലികള്‍ കുടുംബശ്രീ ഏറ്റെടുക്കും.
കുടുംബശ്രീ മികച്ച പ്രവര്‍ത്തനമാണ് സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നടത്തുന്നത്. മറ്റു റെയില്‍വേ സ്‌റ്റേഷനുകളിലേക്കും ഇതു വ്യാപിപ്പിക്കാന്‍ ആലോചനയുണ്ട്. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ജോലികള്‍ക്കും ഭിന്നശേഷിയുള്ളവരെ പുനരധിവസിപ്പിക്കുന്നതിനും കുടുംബശ്രീ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ മാസം 20 ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കുടുംബശ്രീ അംഗങ്ങളുടെ ശമ്പളം സംബന്ധിച്ചു ധനവകുപ്പുമായി ചര്‍ച്ച നടത്തും.
വിമാനത്താവളങ്ങള്‍, റിഫൈനറി തുടങ്ങിയ സ്ഥലങ്ങളിലെ ജോലികളും കുടുംബശ്രീക്ക് കൈമാറാന്‍ സ്ഥാപനങ്ങള്‍ തയ്യാറാണ്. കുടുംബശ്രീക്കായുള്ള ചാനലിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha