എസ് ബി ഐയുമായുള്ള ലയനം എസ് ബി ടി ജീവനക്കാര്‍ക്കു വിആര്‍എസ്; കേരളത്തില്‍ 204 ശാഖകള്‍ പൂട്ടുമെന്ന് റിപ്പോര്‍ട്ട്

എസ് ബി ടി ഉള്‍പ്പെടെ എസ്ബിഐയുടെ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളിലെയും ജീവനക്കാര്‍ക്കു സ്വയംവിരമിക്കല്‍ പദ്ധതി (വിആര്‍എസ്) പ്രഖ്യാപിക്കാന്‍ ബോര്‍ഡ് തീരുമാനം. എസ്ബിഐയുമായുള്ള ലയനത്തിന്റെ ഭാഗമായിട്ടാണിത്. ലയിക്കുന്ന ബാങ്കുകളിലെ ജീവനക്കാരെ കുറയ്ക്കില്ലെന്നാണു നേരത്തേ അറിയിച്ചിരുന്നതെങ്കിലും വിആര്‍എസിലൂടെ എല്ലാ ബാങ്കുകളും ഫലത്തില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തുകയാണ്. എസ്ബിടിയുടെ ശാഖകളില്‍ 25% കുറവു വരുത്തുന്നുണ്ട്.
കേരളത്തില്‍ ആകെ 852 എസ്ബിടി ശാഖകളാണുള്ളത്. അതില്‍ 204 എണ്ണം പൂട്ടണമെന്നാണ് ഇതു സംബന്ധിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. നാലിലൊന്നു ശാഖകള്‍ കുറയുമെന്നര്‍ഥം. തമിഴ്‌നാട്ടില്‍ എസ്ബിടിക്കുള്ള 176 ശാഖകളില്‍ 58 എണ്ണവും കുറയ്ക്കുകയാണ്. രാജ്യാന്തര കണ്‍സല്‍റ്റന്‍സിയായ മക്കിന്‍സിയുടെ പഠന റിപ്പോര്‍ട്ട് അനുസരിച്ചാണ് ശാഖകള്‍ കുറയ്ക്കലും സ്വയംവിരമിക്കല്‍ പദ്ധതിയും. എസ്ബിടിയുടെ ബോര്‍ഡ് കഴിഞ്ഞ ഒന്‍പതിനു യോഗം ചേര്‍ന്നാണ് ഓഫിസര്‍മാര്‍ക്കും സ്റ്റാഫിനും ഒരുപോലെ ബാധകമായ വിആര്‍എസ് തീരുമാനം കൈക്കൊണ്ടത്.
അതിനടുത്ത ദിവസങ്ങളിലായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, ഹൈദരാബാദ്, പട്യാല എന്നീ ബാങ്കുകളുടെയും ബോര്‍ഡുകള്‍ യോഗം ചേര്‍ന്ന് ഇതേ തീരുമാനം കൈക്കൊണ്ടിരുന്നു. എല്ലാ ബാങ്കുകള്‍ക്കും ഒരേ വിആര്‍എസ് വ്യവസ്ഥകളാണ്. അതനുസരിച്ച് 20 വര്‍ഷം സേവന കാലാവധി പൂര്‍ത്തിയാക്കുകയോ, 55 വയസ്സ് തികയുകയോ ചെയ്തിട്ടുള്ളവര്‍ക്ക് വിആര്‍എസിന് അപേക്ഷിക്കാം. സേവന കാലാവധിയുടെ ബാക്കിയുള്ള മാസങ്ങളുടെ ആകെ ശമ്പളത്തിന്റെ പകുതി ലഭിക്കും.
അടിസ്ഥാന ശമ്പളവും സ്‌പെഷല്‍ പേയും ഡിഎയും ചേര്‍ന്ന തുകയുടെ പകുതിയാണു ലഭിക്കുക. എന്നാല്‍, പരമാവധി 30 മാസത്തെ ശമ്പളത്തിനു തുല്യമായ തുക മാത്രമേ ലഭിക്കൂ. അങ്ങനെ വരുമ്പോള്‍ 55 വയസ്സ് തികയുന്നവര്‍ക്കു ബാക്കി 60 മാസം സേവന കാലാവധിക്കു 30 മാസത്തെ ശമ്പളം ലഭിക്കും. 20 വര്‍ഷം തികഞ്ഞവര്‍ക്ക് അതിലേറെ സേവന കാലാവധിയുണ്ടെങ്കിലും 30 മാസത്തെ ശമ്പളമേ ലഭിക്കൂ.
58 വയസ്സ് തികഞ്ഞവര്‍ക്ക് ബാക്കി 24 മാസം മാത്രം സേവന കാലാവധിയുള്ളതിനാല്‍ അതിന്റെ പാതി 12 മാസത്തെ ശമ്പളമേ ലഭിക്കൂ. വിരമിക്കല്‍ പ്രായം 60 ആയ എസ്ബിടിക്ക് ആകെ 14000 ജീവനക്കാരാണുള്ളത്. അതില്‍ എത്ര പേര്‍ വിരമിക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നതില്‍ വ്യക്തതയില്ല. ജീവനക്കാരുടെ ഓപ്ഷനുകള്‍ ലഭിച്ച ശേഷമേ അക്കാര്യം തീരുമാനമാവൂ. 2001ലും സാങ്കേതികവിദ്യ മാറുന്നെന്ന കാരണം പറഞ്ഞ് പൊതുമേഖലാ ബാങ്കുകളില്‍ വിആര്‍എസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയാകെ ഒന്നേകാല്‍ ലക്ഷം ജീവനക്കാര്‍ വിവിധ ബാങ്കുകളില്‍ നിന്നു വിരമിച്ചു. എസ്ബിടിയില്‍ നിന്ന് ആയിരത്തോളം പേര്‍ ഇപ്രകാരം പിരിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha