കുഞ്ഞനുജത്തിമാര്‍ക്ക് താങ്ങായി ഇനി ഇവന്‍ മാത്രം...

വീട്ടിലേയ്ക്ക് ഓടിവന്ന് ബന്ധുക്കളും അയല്‍ക്കാരുമെല്ലാം താലോലിച്ചപ്പോള്‍ ആ കുരുന്നുകള്‍ക്ക് കാര്യമെന്തെന്ന് മനസ്സിലായില്ല. എന്നാല്‍ 13കാരനായ നാഫിഫ് ഫര്‍ഹാന് എന്തോ അരുതാത്തത് സംഭവിച്ചിട്ടുണ്ടെന്ന് തോന്നി. മൂന്നാം ക്‌ളാസുകാരിയായ നിദയും യു.കെ.ജിയില്‍ പഠിക്കുന്ന നജയും ബന്ധുക്കളെയും അയല്‍ക്കാരേയും കണ്ട ആവേശത്തില്‍ തന്നെയായിരുന്നു.
മൂന്നുവര്‍ഷം മുമ്പ് ഉപ്പ പോയ വഴിയേ ആകെയുണ്ടായിരുന്ന പൊന്നുമ്മയും പോയതറിഞ്ഞ നാഫിഹ് മനസ്സിനെ കരുത്താക്കാന്‍ പെടാപാടുപെട്ടു. പിന്നീട് കുഞ്ഞനുജത്തിമാര്‍ക്ക് ധൈര്യം പകരാനായി നീ മാത്രമേയുള്ളൂവെന്ന് അവനോടാരൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്നിട്ടും... പെറ്റുമ്മയുടെ ചലനമറ്റ ദേഹം കണ്ടപ്പോള്‍ ആ ചെറിയ മനസ്സിന് താങ്ങാന്‍ കഴിഞ്ഞില്ല.
ഇനി ഒരു ചോറുരുളയും ആ കൈകളുരുട്ടി തരില്ലെന്നറിഞ്ഞപ്പോള്‍ അവന് വാവിട്ട് കരയാതിരിക്കാനായില്ല. നിയന്ത്രണംവിട്ട് അവന്‍ നിലവിളിച്ചു. ആ കരച്ചില്‍ കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. നാടുകാണി ചുരത്തില്‍ ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ വഴിക്കടവ് രണ്ടാംപാടത്തെ പാലേപ്പടിയന്‍ ഹഫ്‌സത്ത് (34) മരിച്ചതോടെയാണ് മക്കളായ നാഫിഹ് ഫര്‍ഹാന്‍ (13), നിദ പര്‍വീന്‍ (എട്ട്), നജാ നസ്‌റിന്‍ (ആറ്) എന്നിവര്‍ അനാഥരായത്. ഹഫ്‌സത്ത് ബന്ധുവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ലോറിയിടിക്കുകയായിരുന്നു.
ഇവരുടെ പിതാവ് മനാഫ് മൂന്ന് വര്‍ഷംമുമ്പ് രോഗബാധിതനായി മരിച്ചിരുന്നു. മനാഫിന്റെ മരണത്തോടെ കുട്ടികളുടെ താങ്ങും തണലും ഹഫ്‌സത്തായിരുന്നു. തൊഴിലുറപ്പ് ജോലിക്കു പോകുന്നതിനു പുറമെ വീട്ടുജോലിയും ചെയ്താണ് പറക്കമുറ്റാത്ത മൂന്ന് കുട്ടികളെയും ഹഫ്‌സത്ത് വളര്‍ത്തിയിരുന്നത്. മൂന്ന് കുട്ടികളും വഴിക്കടവ് എ.യു.പി സ്‌കൂളില്‍ പഠിക്കുകയാണ്. അപകടത്തില്‍ മരിച്ച ഹഫ്‌സത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച 12.30ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
https://www.facebook.com/Malayalivartha