വിവാഹത്തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയെടുത്ത വീട്ടമ്മ പിടിയില്‍: ആലീസ് ലക്ഷ്യമിടുന്നത് ഭാര്യ മരിച്ചവരെയും പിണങ്ങി കഴിയുന്നവരെയും

ആലീസിന്റെ ഹോബികള്‍. നിരവധി വിവാഹങ്ങള്‍ കഴിച്ച് ഭര്‍ത്താക്കന്മാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കോട്ടയം സ്വദേശിനിയെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കഞ്ഞിക്കുഴി ദേവലോകം സ്വദേശിനി ആലീസ് ജോര്‍ജ്ജ് എന്ന ലീലാമ്മ ജോര്‍ജ് (44) ആണ് പൊലീസിന്റെ പിടിയിലായത്.
നാലുപേരെ നിയമപരമായി വിവാഹം കഴിച്ച് മറ്റു ചില പുരുഷന്മാരെ വശീകരിച്ച് വലയില്‍ വീഴ്ത്തി പണം തട്ടിയെടുത്ത് വരുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. പണം തട്ടാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിയ കൊട്ടാരക്കര കുളക്കട സ്വദേശിയായ ഒരു രാഷ്ട്രീയ നേതാവിനെതിരെയും ലീലാമ്മ ജോര്‍ജ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്.
ഭര്‍ത്താവ് മരിച്ചെന്ന് കാണിച്ചുള്ള ഇടവക വികാരിയുടെ വ്യാജ കത്ത് തയ്യാറാക്കി പറഞ്ഞ് വിശ്വസിപ്പിച്ചാണ് കൊട്ടാരക്കര സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റ് ജോസ് പ്രകാശ്, കായംകുളം കറ്റാണം സ്വദേശി ജെറോ ഡേവിഡ്, പന്മന കൊല്ലക സ്വദേശി കെഎം ജോസഫ് എന്നിവരെ വിവാഹം കഴിച്ച് പണം തട്ടിയെടുത്തത്. എന്നാല്‍, ആദ്യ ഭര്‍ത്താവ് അമ്പനാട്ടുകാരന്‍ ലാറന്‍സ് ബ്രിജീഷ് ജീവിച്ചിരിപ്പുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഭാര്യ മരിച്ചു പോയവരേയും ഭാര്യയുമായി പിണങ്ങി കഴിയുന്ന ആളുകളേയും ബന്ധപ്പെട്ടാണ് യുവതി തട്ടിപ്പിന് കളമൊരുക്കിയത്.
ഇവര്‍ മുമ്പ് വിദേശത്ത് ജോലി ചെയ്യുന്ന സമയത്ത് ജയില്‍വാസം അനുഭവിച്ച് വരവെ അവിടെ നിന്നും രക്ഷപെടാന്‍ സഹായിച്ച വ്യക്തിയാണ് രണ്ടാം ഭര്‍ത്താവായ കൊട്ടാരക്കര സ്വദേശിയായ ജോസ് പ്രകാശ്. ഇയാളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത ശേഷം മൂന്നാം ഭര്‍ത്താവായ ജെറോ ഡേവിഡിനെ വിവാഹം ചെയ്ത് ഇതേ രീതിയില്‍ തന്നെ പണം തട്ടിയെടുക്കുകയായിരുന്നു.
തുടര്‍ന്ന് നാലാം ഭര്‍ത്താവായ പന്മന കൊല്ലകയില്‍ താമസിക്കുന്ന കെഎം ജോസഫിനെയും വിവാഹം ചെയ്ത് കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കെഎം ജോസഫിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിവരികയായിരുന്ന പൊലീസ് ഇവരെ കരുനാഗപ്പള്ളിയില്‍ നിന്നാണ് പിടികൂടിയത്.
ചവറ സിഐ ഗോപകുമാര്‍, എസ്ഐ ജയകുമാര്‍, അഡി. എസ്ഐ വിജയകുമാര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഷീജ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലീലാമ്മ ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. കോട്ടയം വേളൂര്‍ സ്വദേശി ജോര്‍ജ്ജ്, കരുനാഗപ്പള്ളിക്കാരനായ ആന്റോ ഉള്‍പ്പെടെയുളള മറ്റ് ചിലരില്‍ നിന്നും പണവും സ്വര്‍ണ്ണവും വസ്തുവകകളും കൈക്കലാക്കിയതായും പറയപ്പെടുന്നു. ഇവര്‍ക്കെതിരെ പരാതി നല്‍കുന്ന ഭര്‍ത്താക്കന്മാരേയുംസുഹൃത്തുക്കളേയും പീഡനകേസ് നല്‍കിയും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവാണന്ന് പൊലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha