മകളുടെ വിവാഹം കഴിഞ്ഞതോടെ ആറു മാസമായി തുടര്‍ന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ തീരുമാനമായി; വൃക്ക രോഗത്തില്‍പ്പെട്ട് അലഞ്ഞ കുടുംബനാഥന്‍ ഭാര്യയോടൊപ്പം സ്വന്തം വാഹനത്തിന് തീയിട്ട് മരിച്ചത് സാമ്പത്തിക ബാധ്യതകള്‍ പെരുകി വന്നപ്പോള്‍

വൃക്കരോഗവുമായി ബന്ധപ്പെട്ട് ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ ഗൃഹനാഥന്‍ ഭാര്യയ്‌ക്കൊപ്പം വാനില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചത് സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന്.
മഴുവന്നൂര്‍ കമൃത ഇഞ്ചപ്പുഴയില്‍ രാജന്‍(52), ഭാര്യ ഗീതാംബിക(46) എന്നിവരാണ് മരിച്ചത്. കിളികുളം കമൃതമണ്ണൂര്‍ റോഡില്‍ തട്ടുപാലത്തിന് സമീപമായിരുന്നു സംഭവം. രാജന്‍ വാനിനുള്ളില്‍ വച്ചും, ഗീതാംബിക രാവിലെ എറണാകുളം മെഡിക്കല്‍ സെന്ററിലുമാണ് മരിച്ചത്. അസുഖത്തിനൊപ്പം കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളും ആത്മഹത്യയിലേക്ക് രാജനേയും ഗീതാംബികയേയും തള്ളി വിട്ടുവെന്നാണ് വിലയിരുത്തല്‍.
ആറു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തിന് ചികില്‍സയിലാണ് മരിച്ച രാജന്‍. ഒരു വര്‍ഷമായി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത്. സംഭവ ദിവസം ഡയാലിസിസ് കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ മണ്ണൂരിലെ പെട്രോള്‍ പമ്പില്‍നിന്നും രണ്ട് ലിറ്റര്‍ പെട്രോള്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് സ്വന്തം ഓമ്‌നി വാനിലുള്ളില്‍വച്ച് ഇരുവരും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് മകള്‍ രേഷ്മയുടെ വിവാഹം നടത്തിയത്. ഇതേ തുടര്‍ന്നുള്ള സാമ്പത്തിക പരാധീനതകളും മരണത്തിന് കാരണമായെന്നാണ് സൂചന. മകന്‍ രാഹുല്‍ ഐരാപുരം സി.ഇ.ടി കോളജിലെ ജീവനക്കാരനാണ്.
മണ്ണൂരിലെ പെട്രോള്‍ പമ്പില്‍നിന്നും കന്നാസില്‍ പെട്രോള്‍ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലുവയില്‍നിന്നെത്തിയ സയന്റിഫിക് അസിസ്റ്റന്റ് സംഭവ സ്ഥലത്തുനിന്നും തെളിവുകള്‍ ശേഖരിച്ചു. പാലത്തിനടുത്ത് തോട്ടില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്ന യുവാക്കള്‍ ഓടിയെത്തിയപ്പോള്‍ ശരീരമാസകലം തീപിടിച്ച ഗീതാംബിക വാഹനത്തില്‍നിന്നും പുറത്തേക്ക് ഓടി. യുവാക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പട്ടിമറ്റത്തുനിന്നും ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് ഗീതാംബികയെ കോലഞ്ചേരി മെഡിക്കല്‍ കോളജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.
ഫയര്‍ഫോഴ്‌സ് തീയണച്ചെങ്കിലും അതിനിടയില്‍ രാജന്‍ വാഹനത്തിനുള്ളില്‍ കത്തിയമരുകയായിരുന്നു.
https://www.facebook.com/Malayalivartha