കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ അലങ്കാരത്തിനല്ലെന്ന് വിഎം സുധീരന്‍, കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ മല്‍സരിക്കുകയാണ്

കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ അലങ്കാരത്തിനല്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സ്ഥാനമാനങ്ങളെ അലങ്കാരങ്ങളായി കൊണ്ടു നടക്കുന്നവര്‍ ഇനി ബുദ്ധിമുട്ടേണ്ടതില്ല. അത്തരക്കാര്‍ക്ക് സ്വയം താല്‍പര്യമുള്ള കാര്യങ്ങളില്‍ സജീവമാകുന്നതാണ് നല്ലതെന്നും സുധീരന്‍ പറഞ്ഞു. കാസര്‍കോട് ഡിസിസി അധ്യക്ഷനായി ഹക്കിം കുന്നില്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. ഭരണ തലത്തില്‍ കേരളത്തെ ഒരുതരത്തിലും പരിഗണിക്കാത്ത നരേന്ദ്ര മോഡിയേയും കേന്ദ്രസര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണയ്ക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം.
കേരളത്തിന്റെ അരിവിഹിതം അകാരണമായി വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. എയിംസ് കേരളത്തിന് നഷ്ടപ്പെട്ടതിനെക്കുറിച്ചും സംസ്ഥാന സര്‍ക്കാരിന് വേവലാതിയില്ല. കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ മല്‍സരിക്കുകയാണെന്നും വിഎം സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ 99 ശതമാനം പേരും പ്രവര്‍ത്തിക്കുന്നവരാണ്. ബാക്കി ഒരു ശതമാനമാണ് അലങ്കാരത്തിനു വേണ്ടി സ്ഥാനമാനങ്ങള്‍ കൊണ്ടു നടക്കുന്നത്. ഇത്തരക്കാര്‍ ദയവായി തീരുമാനമെടുക്കണം. നമ്മള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ഇല്ല.കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയെങ്കിലും മുതിര്‍ന്ന നേതാക്കളെ അവഗണിച്ചു മുന്നോട്ടു പോകാനാവില്ല.
ജീവിതം മുഴുവന്‍ പാര്‍ട്ടിക്കു വേണ്ടി നീക്കവെച്ച മുതിര്‍ന്നവരും പുതിയ ആശയങ്ങളുമായി യുവത്വവും ഒരുമിച്ചു പോകണം. സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരുടേത് ഇന്നു കിട്ടാവുന്നതില്‍ വച്ചേറ്റവും മികച്ച ടീമാണ്. അരിച്ചു പെറുക്കി ഏറെക്കാലത്തെ ചര്‍ച്ചയ്ക്കും ആലോചനകള്‍ക്കും ശേഷമാണ് പ്രസിഡന്റുമാരെ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha