മലയാളി ജവാനും പാംപോര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചു

ജമ്മു കാശ്മീരിലെ പാംപോറില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും. കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്രം ചക്കോലക്കണ്ടി ഹൗസില്‍ സി രതീഷ് (30) ആണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.
കുടുംബത്തിലെ ഏക മകനാണ് കൊല്ലപ്പെട്ട രതീഷ്. ഇദ്ദേഹത്തിന്റെ ഭൗതിക ശരീരം ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ച് ഇന്നു രാത്രിയോടെ കരിപ്പൂര്‍ വിമാനത്താവളം വഴി കണ്ണൂരിലെത്തിക്കും.
ശ്രീനഗര്‍ ജമ്മു ദേശീയപാതയില്‍ പാംപോറിലായിരുന്നു രതീഷ് അടക്കമുള്ള സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിക്കുകയും മൂന്നു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബൈക്കിലെത്തിയ ഭീകരര്‍ സൈനികവാഹനത്തിനു നേരെ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ടതായും കാശ്മീര്‍ പോലിസ് അറിയിച്ചു. ഇവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പാംപോര്‍ മേഖലയില്‍ ഈ വര്‍ഷം നിരവധി ഭീകരാക്രമണങ്ങളാണ് ഉണ്ടായത്.കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ കടന്ന ഭീകരരെ 60 മണിക്കൂര്‍ നീണ്ട സൈനിക നടപടിക്കു ശേഷമാണ് കൊലപ്പെടുത്താന്‍ കഴിഞ്ഞത്.
ഫെബ്രുവരിയില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിനു നേരെയും ആക്രമണമുണ്ടായിരുന്നു. ഇതില്‍ അഞ്ച് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ സംഭവസ്ഥലത്ത് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha