തോട്ടില്‍ വീണ ബൈക്കിനടിയില്‍ നാലു ദിവസം പഴക്കമുള്ള മൃതദേഹം: യുവാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍

വാമനപുരം പൂവത്തൂര്‍ രാമന്‍കുഴി ഷിജി വിലാസത്തില്‍ നടേശന്റെ മകന്‍ അരുണി (26)ന്റെ നാലു ദിവസം പഴക്കമുള്ള മൃതദേഹം തോട്ടില്‍ ബൈക്കിനടിയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുടെ ചുരുളഴിക്കാന്‍ പൊലീസ് ശ്രമം. ഞായര്‍ രാവിലെ വെഞ്ഞാറമൂട്- നെടുമങ്ങാട് പുത്തന്‍പാലം റോഡില്‍ മാണിക്കല്‍ പള്ളിക്കു താഴെയുള്ള വളവിലെ കടീക്കോണം തോട്ടിലാണ് യുവാവിനെ ബൈക്കിനടിയില്‍പ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫൊറന്‍സിക് പരിശോധനയില്‍ ബൈക്കില്‍ മറ്റു വാഹനങ്ങള്‍ തട്ടിയതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണു പ്രാഥമിക വിവരമെന്നും എന്നാല്‍ അപകടപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. രാത്രി പത്തുമണിക്കു ഫോണ്‍ വന്നതിനെത്തുടര്‍ന്നാണ് ഇയാള്‍ 21-ാം തീയതി കടയില്‍നിന്നു പോയതെന്ന മൊഴി പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ അരുണിന്റെ ഫോണിലേക്കു അവസാനം ഫോണ്‍ വന്നത് 7.30-നായിരുന്നുവെന്നു പൊലീസ് കണ്ടെത്തിയിട്ടുള്ളതു സംശയമുയര്‍ത്തുന്നു. കടയുടെ സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പരിശോധിക്കേണ്ടതുണ്ട്.
അരുണിന്റെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൊഴികളില്‍ വ്യത്യസ്തത നിലനില്‍ക്കുന്നതിനാലും അപകടം നടന്ന സാഹചര്യത്തെ സംബന്ധിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്നതു മൂലവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിക്കുന്ന മുറയ്ക്ക് ഉന്നതതല അന്വേഷണത്തിന് അധികൃതരെ സമീപിക്കുമെന്നു ബന്ധുക്കള്‍ പറഞ്ഞു.വയ്യേറ്റിനു സമീപത്തെ ടയര്‍ കടയിലെ ജീവനക്കാരനായ അരുണിനെ നാലുദിവസമായി കാണാനില്ലായിരുന്നു. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരിസരത്ത് ഞായര്‍ രാവിലെ ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. റോഡിന്റെ വലതുവശത്തെ തോട്ടിലേക്കു ബൈക്കുമായി വീണ നിലയില്‍ കണ്ടെത്തിയയാളിന്റെ ദേഹത്തിനു മുകളിലായാണു ബൈക്ക് കാണപ്പെട്ടത്. 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്കു ചരിഞ്ഞ പ്രതലത്തിലൂടെ ബൈക്കുമായി വീണതാണെങ്കില്‍ ബൈക്കും ആളും വെവ്വേറെ സ്ഥലങ്ങളിലായി കാണപ്പെടേണ്ടതായിരുന്നുവെന്നും എന്നാല്‍ ശരീരത്തിനു മുകളില്‍ ബൈക്ക് എടുത്തു വച്ചതുപോലെയാണു കാണപ്പെട്ടതെന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.
തിരക്കേറിയ റോഡിന്റെ വശത്തെ തോട്ടില്‍ യുവാവിന്റെ മൃതദേഹം കിടന്നിട്ട് നാലു നാള്‍ ആരുമറിയാതെ പോയതില്‍ നാട്ടുകാര്‍ക്കിപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. തിരക്കുള്ള വെഞ്ഞാറമൂട് പുത്തന്‍പാലം റോഡിന്റെ വശത്തെ കടീക്കോണം തോട്ടില്‍ വീണുകിടന്ന പൂവത്തൂര്‍ രാമന്‍കുഴിയില്‍ അരുണിനെ കാണാന്‍ കഴിയാതിരുന്നതു തോട്ടിലെ പൊന്തക്കാടിനുള്ളില്‍ പെട്ടതുകൊണ്ടാണെന്നു നാട്ടുകാര്‍ പറയുന്നു. റോഡില്‍ കാല്‍നടയായും ധാരാളം യാത്രക്കാരുള്ളതാണ്.
അരുണ്‍ വീണുകിടന്ന തോടിന്റെ വശത്തുകൂടെ നടന്നുപോയവര്‍ക്കു വെള്ളിയാഴ്ച ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍ ഈ പ്രദേശത്തു ദുര്‍ഗന്ധം പരത്തി നടക്കുന്ന മുറിവേറ്റ ഒരു നായ എത്താറുണ്ടായിരുന്നതിനാല്‍ ശ്രദ്ധിച്ചില്ലെന്നു നാട്ടുകാര്‍ പറയുന്നു. മാണിക്കല്‍ പള്ളിക്കും നാഗരുകുഴിക്കുമിടയിലെ വിജനമായ സ്ഥലമായതിനാല്‍ ഈ പ്രദേശത്തു വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ആഹാര അവശിഷ്ടങ്ങളും കോഴിവേസ്റ്റും ഉപേക്ഷിക്കുക പതിവാണ്. ഇതിന്റെ ദുര്‍ഗന്ധം പതിവായതിനാലും അന്വേഷണം നടത്താന്‍ ആരും ശ്രമിച്ചില്ല. ഞായറാഴ്ച കടുത്ത ദുര്‍ഗന്ധം പരന്നതോടെയാണ് അന്വേഷണം നടത്താന്‍ നാട്ടുകാര്‍ തയാറായത്.
https://www.facebook.com/Malayalivartha



























