സര്‍ക്കാര്‍ ഓഫീസുകളില്‍ പ്ലാസ്റ്റിക്കിന് കനത്ത നിയന്ത്രണം; പേപ്പറുകളുടെ ദുരുപയോഗവും തടയും, യേശുദാസിന്റെയും മഞ്ജു വാര്യരുരുടെയും പങ്കാളിത്തം

സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമാക്കി പ്ലാസ്റ്റിക് മുക്തമാക്കുകയെന്ന ലക്ഷ്യത്തിലേക്കായി പഞ്ചായത്ത് ഓഫീസുകളിലെ പരിഷ്‌കരണമാണ് ആദ്യം നടപ്പാക്കുന്നത്. പുതുവര്‍ഷം മുതല്‍ ബോള്‍ പേനകളുടെ ഉപയോഗം കുറച്ച് ഫൗണ്ടന്‍ പേനകളിലേക്കു മാറാനാണു പഞ്ചായത്ത് ഡയറക്ടറുടെ നിര്‍ദ്ദേശം.
ഓഫീസുകളില്‍ ഭക്ഷണം, വെള്ളം എന്നിവ സ്റ്റീല്‍ ഗ്ലാസുകള്‍, പാത്രങ്ങള്‍, ടംബ്ലറുകള്‍ എന്നിവയില്‍ ഉപയോഗിക്കുക, പ്ലാസ്റ്റിക് പേപ്പര്‍ കവറുകള്‍, കാരി ബാഗുകള്‍ എന്നിവ ഒഴിവാക്കുക, പേപ്പര്‍ ദുരുപയോഗം ചെയ്യാതിരിക്കുക, ഓഫീസും പരിസരവും ചെടികള്‍, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍ എന്നിവ നട്ട് പരിപാലിക്കുക, പാഴ്വസ്തുക്കള്‍ തരംതിരിച്ചുവയ്ക്കുക, മണ്ണില്‍ ലയിക്കുന്ന വസ്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, ലേല നടപടികള്‍ ഊര്‍ജിതമാക്കുക തുടങ്ങിയവയും നിര്‍ദ്ദേശത്തിലുണ്ട്.
സ്വീകരിച്ച നടപടികളുടെ പുരോഗതി ജനുവരി 12 നകം ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. എല്ലാ ശനിയാഴ്ചയും തൊട്ടടുത്ത മേലധികാരിക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ജനുവരി 15 ന് പഞ്ചായത്ത് വകുപ്പ് പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയ വകുപ്പായി പ്രഖ്യാപിക്കാനുതകും വിധം കാര്യങ്ങള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജനങ്ങള്‍ക്ക് ആശ്വാസകരവും കേരള വികസനത്തിന് അടിത്തറയിടുന്നതുമായ പ്രവര്‍ത്തനങ്ങളാണ് ഹരിതകേരളം പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് സെപ്റ്റംബറില്‍ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറുന്ന ഹരിതകേരളം പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
മാലിന്യ നിര്‍മ്മാര്‍ജനം, ഭവനരഹിതര്‍ക്ക് ഭവനവും തുടര്‍ സംരക്ഷണവും, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ സമഗ്ര പദ്ധതികള്‍, ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും തുടങ്ങി സംസ്ഥാനത്തിന്റെ സമഗ്ര വികസനം വിഭാവന ചെയ്യുന്ന പരിപാടികളാണ് 'പച്ചയിലൂടെ വൃത്തിയിലേക്ക്' എന്ന ഹരിത കേരള പദ്ധതിയിലൂടെ സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായാണ് ആദ്യം പഞ്ചായത്ത് ഓഫീസുകള്‍തന്നെ ഹരിത പ്രോട്ടോക്കോളിലേക്ക് അടിയന്തിരമായി മാറുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
രാജ്യാന്തര തലത്തില്‍ കേരളത്തിന്റെ യശ്ശസുയര്‍ത്തിയ സാക്ഷരതാ യജ്ഞം പദ്ധതി മാതൃകയിലായിരിക്കും ഹരിതകേരളം നടപ്പാക്കുക. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മാലിന്യം നിറഞ്ഞ ജലാശയങ്ങള്‍ ശുദ്ധീകരിച്ച് വീണ്ടെടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. ആദ്യ ഘട്ടത്തില്‍ കുളങ്ങളും തോടുകളും കനാലുകളും ശുദ്ധീകരിക്കും പിന്നീട് മലിനമായ നദികളും കായലുകളും മാലിന്യം നീക്കം ചെയ്ത് സംരക്ഷിക്കും.
ഇതോടൊപ്പം കൃഷിയിടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ജൈവ കൃഷിയിലൂടെ മാലിന്യ നിര്‍മ്മാര്‍ജനമാണ് ഉദ്ദേശിക്കുന്നത്. പച്ചക്കറി കൃഷിയില്‍ കേരളത്തെ സ്വയംപര്യാപ്തമാക്കണം. ശുദ്ധവായു, ശുദ്ധജലം, ജൈവ പച്ചക്കറികള്‍ എന്നിവയിലൂടെ സമൃദ്ധമായ കേരളത്തെ വീണ്ടെടുക്കാനാണ് ശ്രമം. സര്‍ക്കാര്‍ പരിപാടിയായല്ല, വന്‍ ജനപങ്കാളിത്തതോടെ ഹരിത കേരളം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
പച്ചക്കറി പഴംകൃഷി വ്യാപിപ്പിക്കുക ഹരിത കേരളത്തിനും മാലിന്യ നിര്‍മ്മാര്‍ജനത്തിനുമുള്ള മാസ്റ്റര്‍ പ്ലാനില്‍ ജലാശയങ്ങളുടെ ശുദ്ധീകരണം, മഴവെള്ള സംഭരണം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സന്നദ്ധസംഘനകളുടെയും ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിയാണ് മാലിന്യ നിര്‍മ്മാര്‍ജനം നടപ്പാക്കുക. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പ്രത്യേക പരിശീലനം നല്‍കിയ കര്‍മ സേനയെ നിയോഗിക്കും. കാര്‍ഷിക പ്രതിസന്ധി നേരിടാന്‍ 500 കോടിയുടെ പാക്കേജും പദ്ധതി മുന്നോട്ടുവയ്ക്കുന്നുണ്ട്.
ബദല്‍ ഊര്‍ജ സ്രോതസുകള്‍ കണ്ടെത്താനും കര്‍മ്മസേനയെ ഉപയോഗപ്പെടുത്തും. പഞ്ചായത്ത് നഗരസഭകളില്‍ വേസ്റ്റ് മാനേജ്‌മെന്ര് സംവിധാനമുണ്ടാക്കും. ബയോ മാലിന്യം, പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യം പ്രത്യേകം കൈകാര്യം ചെയ്യുന്നതിന് സംവിധാനമൊരുക്കും. രാസകീടനാശിനി ഉപയോഗത്തില്‍ നിന്ന് കൃഷിയെയും ജലസ്രോതസുകളെയും മുക്തമാക്കും. മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ കമ്ബനികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും അവരുടെ ഫണ്ടുകള്‍ ഉപയോഗിക്കാന്‍ സൗകര്യം ചെയ്യും.
പരിസ്ഥിതി സൗഹൃദ ടൂറിസത്തെ ഇതുവഴി ഊര്‍ജസ്വലമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പദ്ധതി പ്രഖ്യാപിച്ച വേളയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഡിസംബര്‍ ആദ്യവാരത്തില്‍ ആണ് ഹരിതകേരളം പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാനമെമ്ബാടും ജില്ലാ തലങ്ങളില്‍ നടത്തിയത്. ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ബ്രാന്‍ഡ് അംബാസിഡറായ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ്, നടി മഞ്ജു വാര്യര്‍ തുടങ്ങിയ പ്രമുഖരും പങ്കാളിത്തം വഹിക്കും.
https://www.facebook.com/Malayalivartha