അമ്പലപ്പുഴ സംഘത്തിന്റെ രഥയാത്ര പൊലീസ് തടഞ്ഞു; വാക്കേറ്റത്തിനൊടുവില്‍ ക്ഷമ പറഞ്ഞ് പ്രശ്‌നം പരിഹരിച്ചു

എരുമേലി പേട്ടതുള്ളലിനായി എത്തിയ അമ്പലപ്പുഴ സംഘത്തിന്റെ രഥയാത്ര പൊലീസ് തടഞ്ഞു. രഥയാത്രയുമായി എരുമേലിയിലെത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞാണ് മണിമല സി.ഐ ഇ.പി റെജി എരുമേലി കെ.എസ്. ആര്‍.ടി.സി ജംഗ്ഷനില്‍ രാവിലെ പതിനൊന്നോടെ യാത്ര തടഞ്ഞത്. ഇതോടെ അയ്യപ്പന്മാരും പൊലീസും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷാവസ്ഥയിലെത്തി.
സംഭവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കെ.എം. ജിജിമോന്‍ പേട്ടതുള്ളല്‍ സംഘവുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് രഥം വിട്ടയച്ചത്. അമ്പലപ്പുഴ സംഘത്തിലെ രണ്ട് പേര്‍ക്കെതിരെയും ഏതാനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
രഥയാത്ര തടഞ്ഞ സി.ഐ ക്ഷമ പറയുകയും കേസുകള്‍ പിന്‍വലിക്കുകയും ചെയ്തില്ലെങ്കില്‍ ഇന്ന് പേട്ട തുള്ളില്ലെന്ന് അമ്പലപ്പുഴ സംഘം ഉറച്ച നിലപാടെടുത്തു. തുടര്‍ന്ന് സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍ , ഭക്തസംഘം ഭാരവാഹികളായ ഗോപാലകൃഷ്ണന്‍, ഗോപകുമാര്‍, വിവിധ ഹൈന്ദവ സംഘടനാനേതാക്കള്‍ എന്നിവരുമായി ജില്ലാ കളക്ടര്‍ സി.എ ലത, ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ച നടത്തി. രാത്രി പത്തുവരെ നീണ്ടുനിന്ന ചര്‍ച്ചയില്‍ മണിമല സി. ഐ ഇ.പി. റെജി സമൂഹ പെരിയോനോട് ക്ഷമ ചോദിക്കുകയും കേസ് പിന്‍വലിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തതോടെ പ്രശ്‌നം പരിഹരിച്ചു.
അമ്പലപ്പുഴ സംഘത്തിന്റെ രഥയാത്ര തടഞ്ഞത് പൊലീസില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനാലാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന് രഥയാത്ര സംബന്ധിച്ച് അറിയിപ്പ് നല്‍കിയെന്നും ദേവസ്വം അധികൃതര്‍ വിവരം എരുമേലി എസ്. ഐയെ അറിയിച്ചെന്നും അമ്പലപ്പുഴ സംഘവും പറയുന്നു. കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സമൂഹപെരിയോനായുള്ള പതിനെട്ടാം വര്‍ഷത്തെ പേട്ടതുള്ളല്‍ ആയതിനാലാണ് മണിമയില്‍ അവസാനിപ്പിക്കുന്ന രഥയാത്ര ഇക്കുറി എരുമേലിവരെയാക്കിയത്.
https://www.facebook.com/Malayalivartha