എന്ന് തീരും തമ്പാനൂര്‍ നിന്റെ ഈ ദുരിതം... തമ്പാനൂര്‍ റെയില്‍വേ പരിസരത്ത് മൂക്കുപൊത്തി ജനം: മാലിന്യം കുന്നു കൂടുന്നതിന് കാരണക്കാര്‍ സാധാരണക്കാരോ?

നഗരത്തിന്റെ ഹൃദയമായ തമ്പാനൂര്‍ ചീഞ്ഞ് നാറുന്നു. ദിനം പ്രതി പതിനായിരങ്ങള്‍ എത്തുന്ന ഇവിടുത്തെ അവസ്ഥ ഈ ഫോട്ടോസ് തന്നെ വ്യക്തമാക്കും. ഈ ദുരിതം ഒരിക്കലും തീരില്ലെന്നും ജനം ഒന്നടങ്കം പറയുന്നു. .
തമ്പാനൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തുകൂടി മൂക്കുപൊത്താതെ വഴി നടക്കാന്‍ പറ്റില്ല എന്ന അവസ്ഥയാണ്. റെയില്‍വേ സ്റ്റേഷനു വലതുവശത്തായി സ്ഥിതിചെയ്യുന്ന ആമയിഴഞ്ചന്‍തോട് മാലിന്യകൂമ്പാരത്താല്‍ സമ്പുഷ്ടമാണ്. വഴിയാത്രക്കാര്‍ക്ക് ദുര്‍ഗന്ധം സഹിച്ച് വേണം ഇതുവഴി കടന്ന് പോകാന്‍.
ഇക്കാര്യത്തില്‍ നഗരസഭ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയുടെ തെളിവുകള്‍ പ്രകടമാണ്. നഗരപ്രദേശങ്ങളില്‍ മാലിന്യസംസ്‌ക്കരണത്തിന് സ്ഥലപരിമിധിയായതിനാല്‍ തോടുകളിലും പുഴകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും മാലിന്യം വലിച്ചെറിയുന്ന രീതിസര്‍വ്വസാധാരണമാണ്.
എന്നാല്‍ നഗരസഭ അധികൃതര്‍ പലപ്പോഴും പ്രശ്നത്തിന് പരിഹാരം കണ്ടെത്താറുണ്ട്. എന്നാല്‍ വളരെ കാലമായി ആമയിഴഞ്ചാന്‍ തോട് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല എന്ന കാര്യം വ്യക്തം. പ്രദേശം നായകളുടെ സഹവാസകേന്ദ്രം കൂടിയാണ്. തോടില്‍ കുത്തൊഴുക്ക് ഇല്ലാത്തതുകൊണ്ട് തന്നെ മാലിന്യങ്ങള്‍ ഒരിടത്ത് കെട്ടിക്കിടക്കുന്നു. കാക്കകളും മറ്റും അവ കൊത്തിയെടുത്ത് സമീപപ്രദേശങ്ങളില്‍ വിതറുകയും ചെയ്യുന്നു.
ഇക്കാര്യം നഗരസഭ ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ലഭിച്ച പ്രതികരണം വളരെ ലാഘവമാണ്. ഒരു കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ലാത്തത് കൊണ്ടുള്ള സ്ഥലപരിമിതിയാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്ന കാരണം. അതുകൊണ്ട് തന്നെ പലപ്പോഴും കുഴിച്ചിടുകയോ കത്തിക്കുകയോ ആണ് പതിവ്. ഇതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ വളരെ ഏറെയാണ്.
വിളപ്പില്‍ശാലയിലുണ്ടായിരുന്ന കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടിയതോടു കൂടിയാണ് തിരുവനന്തപുരം നഗരസഭ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങളിലേക്ക് മാറിയത്. പ്രതിദിനം 300-500 ടണ്‍ മാലിന്യം ഉല്പാദിപ്പിക്കപ്പെടുന്ന നഗരത്തിലെ മാലിന്യസംസ്‌ക്കരണ പ്ലാന്റ് യാതൊരു മുന്നറിയിപ്പും കൂടാതെ പൂട്ടിയ സാഹചര്യം ഉണ്ടായപ്പോള്‍ പ്രതിസന്ധി മറികടക്കാനായി നഗരസഭ നിരവധി മാര്‍ഗങ്ങള്‍ തേടി.
എന്നാല്‍ പലതും ശാസ്ത്രീയമായിരുന്നില്ല. എന്നാല്‍ വളരെ വേഗം തന്നെ പ്രശ്ന പരിഹാരത്തിനുതകുന്ന ഒരു ശാസ്ത്രീയ മാതൃക രൂപപ്പെടുത്താന്‍ നഗരസഭ അവതരിപ്പിച്ച കര്‍മ്മ പദ്ധതിയാണ് 'എന്റെ നഗരം സുന്ദര നഗരം'. പദ്ധതിയുടെ അടിസ്ഥാനത്തില്‍ മാലിന്യം തരംതിരിച്ച് ശേഖരിക്കുകയും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുകയും അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയ പരിപാലനത്തിനായി കൈമാറുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
അതിനായി തുമ്പൂര്‍മൂഴി എയ്റോബിക് ബിന്‍ എന്ന സംവിധാനം മുന്നോട്ട് വയ്ക്കുന്നു. അതനുസരിച്ച് ഒരു വാര്‍ഡില്‍ കുറഞ്ഞത് 5 ബിന്നുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു യൂണിറ്റ് എന്ന ക്രമത്തില്‍ നഗരത്തിലെ എല്ലാ വാര്‍ഡുകളിലും ഈ സംവിധാനം ഒരുക്കും. പൊതുജനങ്ങള്‍ക്ക് തരംതിരിച്ച് ഗാര്‍ഹിക ജൈവമാലിന്യം നഗരസഭ നിശ്ചയിച്ചിട്ടുള്ള സമയത്ത് കൈമാറാം എന്ന് അധികൃതര്‍ അവകാശപ്പെടുന്നു.
എന്നാല്‍ മാലിന്യം ബക്കറ്റിലോ പാത്രത്തിലോ കൊണ്ടുകൊടുക്കണം. ഈ പദ്ധതിയില്‍ ആകൃഷ്ടരായി ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയിലെ ഇതര നഗരങ്ങളില്‍ നിന്നും ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥ പ്രമുഖരും, സന്നദ്ധ പ്രവര്‍ത്തകരും തിരുവനന്തപുരം നഗരത്തില്‍ എത്തുന്നു എന്ന് നഗരസഭ അധികൃതര്‍ വാദിക്കുന്നു. ഇത്രയൊക്കെ അവകാശ വാദങ്ങളൊക്കെ ഉണ്ടായിട്ടും നമ്മുടെ നാട്ടില്‍ മാലിന്യങ്ങള്‍ വഴിവക്കിലും നീര്‍ച്ചാലുകളിലും സ്ഥാനം പിടിക്കുന്നു.
https://www.facebook.com/Malayalivartha