കാലിയാ റഫീഖ് കൊല്ലപ്പെട്ടു

കൊലപാതകം, വധശ്രമം, ഗുണ്ടാപ്പിരിവ്, പിടിച്ചുപറി, ജയില്‍ചാട്ടം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയായ കാസര്‍കോട് ഉപ്പള മണിമുണ്ടയിലെ കാലിയാ റഫീഖ് (45) മംഗലാപുരത്ത് വച്ച് കൊല്ലപ്പെട്ടു. വെടിവെച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ സുഹൃത്ത് മുഹമ്മദ് സാഹിറി (29)നെ ദേര്‍ളക്കട്ട ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച രാത്രി 12.15 മണിയോടെ തലപ്പാടി-മംഗ്‌ളൂരു ദേശീയപാതയിലെ കോട്ടേക്കാര്‍ ജംഗ്ഷനില്‍ നിന്നും 100 മീറ്റര്‍ മാറിയുള്ള പെട്രോള്‍ പമ്പിന് സമീപത്താണ് കൊലപാതകം നടന്നത്. കാലിയാ റഫീഖും സുഹൃത്തും സഞ്ചരിച്ചിരുന്ന റിട്‌സ് കാറില്‍ മുന്‍ ഭാഗത്ത് നിന്ന് എത്തിയ ടിപ്പര്‍ ലോറി ഇടിച്ച് നിര്‍ത്തുകയായിരുന്നു. കാറില്‍ നിന്ന് ഇറങ്ങിയോടിയ കാലിയാ റഫീഖിനെ പിന്നില്‍ നിന്ന് വെടിവെച്ച് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ടിപ്പര്‍ ലോറിക്ക് എസ്‌കോര്‍ട്ടായി വന്നകാറില്‍ കയറി കൊലയാളികള്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് മംഗ്‌ളുരു ഡി സി പി സഞ്ജീവകുമാര്‍, കമ്മീഷണര്‍ ചന്ദ്രശേഖര, ഉള്ളാള്‍ ഇന്‍സ്‌പെക്ടര്‍ ഗോപീകൃഷ്ണ എന്നിവര്‍ സ്ഥലത്തെത്തി. കാറിലിടിച്ച ടിപ്പര്‍ ലോറി രാത്രി തന്നെ ഉള്ളാള്‍ സ്റ്റേഷനിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
കൊലയക്കു പിന്നില്‍ ആറംഗ സംഘമാണെന്നും റഫീഖ് കൊലപ്പെടുത്തിയ യുവാവിന്റെ അടുത്ത ബന്ധുവിന്റെ നേതൃത്വത്തിലാണ് കൊല നടത്തിയതെന്നും പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ ഒളിവിലാണ്. കാലിയാ റഫീഖിന്റെ ഓരോ നീക്കങ്ങളും കൃത്യമായി മനസ്സിലാക്കിയശേഷമാണ് കൊല നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
നേരത്തെ കൊല്ലപ്പെട്ട ആളുടെ അടുത്ത ബന്ധുവായ യുവാവാണ് ടിപ്പര്‍ ലോറി ഓടിച്ചിരുന്നത്. കൂടെ മറ്റൊരു യുവാവും ലോറിയില്‍ ഉണ്ടായിരുന്നു. റഫീഖിന്റെ കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചു നിര്‍ത്തിയ ശേഷമാണ് അക്രമത്തിനു തുടക്കമിട്ടത്. പിന്നാലെ കാറില്‍ എത്തിയ നാലുപേരും സംഭവത്തില്‍ പങ്കുചേര്‍ന്നതായും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























