വൈദ്യുതി മന്ത്രി മണിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വൈദ്യുതി മന്ത്രി എം.എം. മണിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ ഇന്നലെ രാത്രിയാണ് മണിക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക് ഐസിയുവിലും പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ കൊണ്ടും ലാളിത്യമാര്‍ന്ന ശൈലികൊണ്ടും ശ്രദ്ധേയനാണ് ഇടുക്കിയുടെ സ്വന്തം മണിയാശാന്‍. വിവാദമായ പ്രസ്താവനകളാണ് അഞ്ചാംക്ലാസുകാരനായ എം.എം മണിയെന്ന ഇടുക്കികാരുടെ മണിയാശാനെ കേരളത്തിലെ സിപിഐഎം അണികളുടെ ആവേശമാക്കി മാറ്റിയത്.

കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടക്കല്‍ വീട്ടില്‍ മാധവന്റെയും ജാനകിയുടേയും ഏഴു മക്കളില്‍ ഒന്നാമനായി ജനിച്ചു. കിടങ്ങൂര്‍ എന്‍ എസ് എസില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്കൊപ്പം ഹൈറേഞ്ചില്‍ എത്തി. വീട്ടിലെ ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. ചെറുപ്രായത്തില്‍ തന്നെ ജോലിചെയ്തു ജീവിക്കേണ്ടിവന്നു. തോട്ടത്തില്‍ കൂലിവേല ചെയ്തു വളര്‍ന്നു, പിന്നീട് അവര്‍ക്കിടയില്‍ നിന്ന് കര്‍ഷക തൊഴിലാളി നേതാവായി.
1966 ല്‍ ഇരുപത്തിയൊന്നാം വയസ്സില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1970 ല്‍ ബൈസണ്‍ വാലി, 1971 ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985 ല്‍ ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ടുതവണ സി.പി.ഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറിയായി. കേരള സംസ്ഥാനത്ത് ഏറ്റവുമധികം കാലം സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിനാണ്. അരനൂറ്റാണ്ടു കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ കാല്‍ നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയായിരിക്കാന്‍ അവസരം ലഭിച്ചു. ടി.പി വധത്തെ തുടര്‍ന്ന് 'സി.പി.ഐ(എം)എതിരാളികളെ കൊന്നിട്ടുണ്ട് ' എന്ന ഇദ്ദേഹത്തിന്റെ പ്രസംഗം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. അതിലെ വിവാദ ഭാഗം ഏറെ ചര്‍ച്ചകള്‍ക്കിടയാക്കി. ഉടുമ്പന്‍ ചോലയില്‍ നിന്നുള്ള എംഎല്‍എയായ മണി ആദ്യമായാണ് മന്ത്രിയാകുന്നത്.
https://www.facebook.com/Malayalivartha

























