സ്ത്രീ വിരുദ്ധമായ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന പൃഥ്വിരാജിന്റെ നിലപാടിനെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

ഇനി മുതല്‍ സ്ത്രീ വിരുദ്ധമായ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന നടന്‍ പൃഥ്വിരാജിന്റെ നിലപാടിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല പൃഥ്വിരാജിനെ അഭിനന്ദിച്ചത്. പൃഥ്വിരാജിന്റെ ഈ നിലപാട് മലയാള സിനിമയുടെ ചരിത്രത്തില്‍ നാഴികക്കല്ലാകും എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മദ്യപാനത്തിന്റെയും പുകവലിയുടെയും ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ വരുമ്പോള്‍ ഇവയെല്ലാം ആരോഗ്യത്തിനു ഹാനീകരണം ആണെന്ന ബോധവല്‍ക്കരണ അറിയിപ്പും കൂടെ പ്രത്യക്ഷപ്പെടാറുണ്ട്.
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്ന രംഗം ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. സിനിമയില്‍ മൃഗങ്ങളെ ഉപദ്രവിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം വരെ ഇപ്പോള്‍ ബാധകമാക്കാറുണ്ട്.
സിനിമയിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും മനുഷ്യ മനസ്സില്‍ വലിയ സ്വാധീനം ചൊലുത്തുമെന്നതിനാലാണ് ഇത്രയും നിയന്ത്രണങ്ങള്‍. ചെറിയ കാര്യങ്ങളില്‍ പോലും ഇത്രയും ശ്രദ്ധയുള്ള സിനിമയില്‍, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും എങ്ങനെ ഉള്‍പ്പെടുന്നു എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. ഇത്തരം ഡയലോഗുകള്‍ കേട്ട് കയ്യടിക്കാന്‍ മലയാളിയുടെ ഉന്നത സാംസ്‌കാരിക ബോധം എങ്ങനെ അനുവദിക്കുന്നു എന്നും അദ്ഭുതപ്പെടാറുണ്ട്.
ഇതുവരെ നടത്തിയ സ്ത്രീവിരുദ്ധ അഭിനയങ്ങള്‍ക്കു മാപ്പ് പറഞ്ഞും ഇനിമേല്‍ ഇത്തരം വേഷങ്ങള്‍ ഒഴിവാക്കുമെന്നും ഫേസ്ബുക്കില്‍ കുറിച്ച മലയാളിയുടെ പ്രിയനടന്‍ പൃഥ്വിരാജിനെ ഞാന്‍ ഹൃദയം തുറന്നു അഭിനന്ദിക്കുന്നു. നമ്മുടെ നിലപാട് തന്നെയാണ് നമ്മുടെ വിധി നിശ്ചയിക്കുന്നത്. പൃഥ്വിരാജിന്റെ ഈ നിലപാട് മലയാള സിനിമയുടെ ചരിത്രത്തില്‍ നാഴികക്കല്ലാകും എന്നതില്‍ സംശയമില്ല.
https://www.facebook.com/Malayalivartha

























