ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റിയാടിയിലെ സ്വീകരണ വേദിയില്‍ ഷാഫി പറമ്പില്‍ എം.പി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോകള്‍ എ ഐ നിര്‍മ്മിതമാണെന്ന് കോഴിക്കോട് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍. രാഷ്ട്രീയ ലാഭത്തിനായി ഇടതുപക്ഷ കേന്ദ്രങ്ങള്‍ എഡിറ്റ് ചെയ്ത വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വേദിയില്‍ ഷാഫി പറമ്പില്‍ ആരുടെയും കഴുത്തിന് പിടിച്ചിട്ടില്ലെന്നും അത്തരം ദൃശ്യങ്ങള്‍ സാങ്കേതികമായി കൃത്രിമം കാണിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടി നിശ്ചയിച്ചതിലും വൈകിയതിനാല്‍, പ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍ ഷാഫി അത് സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണ് ചെയ്തത്. പ്രസംഗിക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യം മാത്രമാണ് അവിടെ ഉണ്ടായതെന്നും അതിനെ നേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രമോദ് കക്കട്ടില്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴിയാണ് ഈ വ്യാജ പ്രചാരണം ശക്തമായതെന്ന് ഡിസിസി ആരോപിച്ചു. യുഡിഎഫ് യാത്രയ്ക്ക് ലഭിക്കുന്ന ജനപിന്തുണയില്‍ വിറളിപൂണ്ടാണ് ഇത്തരം നുണപ്രചാരണങ്ങളുമായി ഇടതുപക്ഷം രംഗത്തിറങ്ങിയിരിക്കുന്നതെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
യാത്ര വിജയകരമായി മുന്നേറുന്നതിനിടെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നത്. വേദിയില്‍ യാതൊരു വിധത്തിലുള്ള അസ്വാരസ്യങ്ങളും ഉണ്ടായിട്ടില്ലെന്നും മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പരിപാടി സുഗമമായാണ് നടന്നതെന്നും ഡിസിസി സെക്രട്ടറി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























