കുഞ്ഞുങ്ങളെ മാറിപ്പോയി; ഒടുവില്‍ കണ്ടെത്താന്‍ ഡിഎന്‍എ ടെസ്റ്റ് വേണ്ടി വന്നു

ഏറെ ടെന്‍ഷനടിച്ചെങ്കിലും കൊല്ലം മയ്യനാടുകാരായ അനീഷ് റംസി ദമ്പതികള്‍ക്കും ഉമയനെല്ലൂര്‍കാരായ നൗഷാദ് ജസീറാ ദമ്പതികള്‍ക്കും സ്വന്തം മക്കളെ തന്നെ തിരിച്ചു കിട്ടി. കൊല്ലത്തെ ഒരു ആശുപത്രിയില്‍ പ്രസവത്തിന് ശേഷം അമ്മമാര്‍ക്ക് കുട്ടികളെ മാറി നല്‍കിയ സംഭവത്തില്‍ ഒടുവില്‍ തിരിച്ചറിയാന്‍ വേണ്ടി വന്നത് ഡിഎന്‍എ ടെസ്റ്റ്. കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജില്‍ ഓഗസ്റ്റ് 22 ന് നടന്ന പ്രസവമാണ് മാസങ്ങള്‍ക്ക് ശേഷം ഡിഎന്‍എ ടെസ്റ്റിലൂടെ പരിഹരിച്ചത്.
പ്രസവത്തിന് ശേഷം ആശുപത്രി അധികൃതര്‍ക്ക് കുട്ടികള്‍ മാറിപ്പോവുകയും മാസങ്ങളോളം ഇരു ദമ്പതികളും തങ്ങളുടേതല്ലാത്ത കുട്ടികളെ പോറ്റുകയുമായിരുന്നു. ഒടുവില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ഡിഎന്‍എ പരിശോധനകളും രക്തസാമ്പിളുകളുടെ പരിശോധനകളും കുട്ടികളെ തിരിച്ചറിയാന്‍ സഹായിക്കുകയായിരുന്നു.
പിഴവ് അംഗീകരിക്കാന്‍ ആശുപത്രി കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ഇടപെടലാണ് മാതാപിതാക്കള്‍ക്ക് രക്തത്തില്‍ പിറന്ന കുട്ടികളെ തിരിച്ചു കിട്ടാന്‍ ഇടയാക്കി മാറ്റിയത്. ഓഗസ്റ്റ് 22 മുതലാണ് സംഭവ പരന്പരകളുടെ തുടക്കം. റംസയും ജസീറയും അന്ന് രാവിലെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. വാങ്ങിക്കൊടുത്ത പച്ച ടവ്വലിന് പകരം റംസിക്ക് കിട്ടിയത് മഞ്ഞടൗവ്വലില്‍ അമ്മയുടെ പേര് എഴുതിയ ടാഗ് ഇല്ലാത്ത കുട്ടിയെ. മറുവശത്ത ജസീറയ്ക്ക് കിട്ടിയത് പച്ചടൗവ്വലില്‍ റംസ എന്ന ടാഗ് എഴുതിയ കുട്ടിയെയും ചോദിച്ചപ്പോള്‍ ടൗവ്വല്‍ മാറിപ്പോയെന്നായിരുന്നു അധികൃതരുടെ മറുപടി. കുഞ്ഞിനെ മാറിയെന്ന് റംസയുടെ മാതാവ് സുബൈദ ചെന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെടുകയും ചെയ്തു. നാലു ദിവസം കഴിഞ്ഞ റംസ കുഞ്ഞുമായി പോയി.
കുഞ്ഞിന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ് എന്നായിരുന്നു കുറിച്ചിരുന്നത്. നാലു മാസം ഈ കുഞ്ഞിനെ പാലൂട്ടുകയും ചെയ്തു. ഇതിനിടയില്‍ പ്രതിരോധ കുത്തിവെയ്പ്പിനായി ചെന്നപ്പോള്‍ നടത്തിയ രക്ത പരിശോധനയില്‍ ഗ്രൂപ്പ് എ പോസിറ്റീവ് എന്ന് കണ്ടതു മുതല്‍ പഴയ സംശയം വീണ്ടും ഉണ്ടായി. പിന്നീട് പല തവണ ആശുപത്രിയെ സമീപിക്കുകയും അവര്‍ കയ്യൊഴിയുകയും ചെയ്തതോടെ കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് കമ്മറ്റി ആശുപത്രിയെ വിളിച്ചു വരുത്തി ഡിഎന്‍എ പരിശോധന ആവശ്യപ്പെടുകയായിരുന്നു. ആദ്യം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഡിഎന്‍എ എടുത്തുള്ള പരിശോധനയും പിന്നീട് രക്തസാമ്പിളുകളുടെ പരിശോധനയും കഴിഞ്ഞതോടെ ഇരു ദമ്പതികള്‍ക്കും തങ്ങളുടെ കൈവശം ഇരിക്കുന്ന കുഞ്ഞിന്റെ ഉടമസ്ഥാവകാശം എതിര്‍വിഭാഗത്തിനാണെന്ന മനസ്സിലാകുകയും ഇരുവരും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ വെച്ചു തന്നെ കുഞ്ഞുങ്ങളെ പരസ്പരം മാറ്റി നല്‍കി പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ആശുപത്രിക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























