സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങളില്‍ തിരുവനന്തപുരം മുന്നില്‍

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ മുന്‍പന്തിയിലാണ് തലസ്ഥാന ജില്ല. കഴിഞ്ഞവര്‍ഷം റജിസ്റ്റര്‍ ചെയ്ത കേസുകളെ അടിസ്ഥാനമാക്കിയുള്ള പോലീസ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം. തിരുവനന്തപുരം റൂറല്‍, സിറ്റി എന്നീ രണ്ടു മേഖലകളിലായി 256 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ റൂറലില്‍ 188ഉം സിറ്റിയില്‍ 68 കേസുകളും കഴിഞ്ഞവര്‍ഷം എടുത്തിട്ടുണ്ട്. രണ്ടാം സ്ഥാനത്തുനില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ 241 കേസുകളാണ് ഉള്ളത്. 2015 നെക്കാള്‍ കൂടുതല്‍ കേസുകള്‍ കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍, കൂടുതല്‍ കേസുകള്‍ ജനുവരിയിലാണ് ഉള്ളത്. 25 കേസുകള്‍ തിരുവനന്തപുരം റൂറലില്‍ വന്നു. ജൂലൈയില്‍ 22 കേസും റൂറലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൂടുതലും ഓരോ ജില്ലയിലും റൂറല്‍ കേന്ദ്രീകരിച്ചാണു നടക്കുന്നതെന്നു ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു. എറണാകുളം റൂറല്‍ 156, തൃശൂര്‍ റൂറല്‍ 140, കോഴിക്കോട് റൂറല്‍ 99 എന്നിവയാണു റൂറല്‍ മേഖല കണക്കുകള്‍. ഇതില്‍ കൊല്ലം റൂറല്‍ മാത്രമാണു സിറ്റിയേക്കാള്‍ കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ സിറ്റിയില്‍ 92 കേസുകള്‍ വന്നപ്പോള്‍ റൂറലില്‍ 88 കേസുകളാണ്. ഈ വര്‍ഷം ജനുവരി അവസാനംവരെ 17 കേസുകള്‍ പോസ്‌കോ പ്രകാരം തലസ്ഥാനത്ത് എടുത്തിട്ടുണ്ട്. ഇതില്‍ റൂറലില്‍ പത്തും സിറ്റിയില്‍ ഏഴു കേസുമുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും ഒന്നാംസ്ഥാനം തലസ്ഥാന ജില്ലയ്ക്കാണ്. 1644 കേസുകളാണു കഴിഞ്ഞവര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. സിറ്റിയില്‍ 525 കേസുകളും റൂറലില്‍ 1119 കേസുകളും. ഇതിലും രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന മലപ്പുറത്ത് 1406 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം ബലാല്‍സംഗ കേസുകള്‍ 66, ലൈംഗിക അതിക്രമ കേസുകള്‍ 250, തട്ടിക്കൊണ്ടുപോകല്‍ ഏഴ്, ഭര്‍ത്തൃപീഡനം 117 തുടങ്ങിയ കേസുകളാണ് ഉള്ളത്. തിരുവനന്തപുരം സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റൂറലില്‍ ബലാല്‍സംഗ കേസുകള്‍ 138, ലൈംഗിക അതിക്രമ കേസുകള്‍ 547, തട്ടിക്കൊണ്ട്‌പോകല്‍ 18, സ്ത്രീധന പീഡനമരണം മൂന്ന്, ഭര്‍തൃപീഡനം 262 എന്നിങ്ങനെയാണു കേസുകളുടെ കണക്ക്.
https://www.facebook.com/Malayalivartha























