ഒരു ബജറ്റ് കൂടി കഴിഞ്ഞു; പഴയ ബജറ്റുകളിലെ പദ്ധതികള്‍ എന്തായെന്ന് അറിയുമോ?

ഒരു പുതിയ ബജറ്റ് അവതരണം കൂടി കഴിയുമ്പോള്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അവ നടപ്പിലാക്കാതിരിക്കുകയും ചെയ്യുന്ന വെറും വെള്ള കടലാസായി ബജറ്റ് മാറുന്നു. ഇത്തവണത്തെ ബജറ്റിലും കോടികളുടെ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ പലതും എങ്ങനെയാണ് നടപ്പിലാക്കുന്നതെന്ന് പരാമര്‍ശമില്ല.
ധനമന്ത്രിമാര്‍ക്ക് കൈയടി നേടാനും പത്രത്തില്‍ തലക്കെട്ട് വരാനുമുള്ള ഉപാധിയായി ബജറ്റ് മാറുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2015-16ല്‍ 82 പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചപ്പോള്‍ 59 പദ്ധതികള്‍ കടലാസില്‍ ഒതുങ്ങി. കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉത്സാഹം കാണിക്കാത്തതാണ് ഇത്തരമൊരവസ്ഥക്കുളള പ്രധാന കാരണം.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 82 പദ്ധതികളില്‍ 41 എണ്ണത്തിന് തുക വകയിരുത്തി. 23 പദ്ധതികള്‍ക്ക് പണം അനുവദിച്ചു. 59 പദ്ധതികള്‍ പ്രഖ്യാപനം മാത്രമായി. ഒരിക്കല്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ആരംഭിക്കാതിരുന്നാല്‍ പിന്നീട് വരുന്ന ബജറ്റുകളിലൊന്നും അതിനെ കുറിച്ച് മിണ്ടാട്ടം ഉണ്ടായിരിക്കില്ല.
പദ്ധതികള്‍ക്ക് അനുവദിക്കുന്ന തുക വകമാറ്റുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് വന ഗവേഷണങ്ങള്‍ക്ക് വകയിരുത്തിയ തകയില്‍ നിന്നം 36 ലക്ഷം വക മാറ്റി വാഹനങ്ങള്‍ വാങ്ങി. പൊതുകടം വര്‍ധിക്കുന്നത് മനസിലാക്കാതെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതാണ് പതിവ്. 2011-12ല്‍ ആഭ്യന്തര കടം 9391 കോടിയായിരുന്നു. 2016-17ല്‍ ഇത് 17,141 കോടിയായി ഉയര്‍ന്നു. ഇത്തരമൊരു സാഹചര്യത്തിലും ധനമന്ത്രി പുതിയ പ്രഖ്യാപനങ്ങള്‍ യഥേഷ്ടം നടത്തും.
കെ.എം.മാണി ധനമന്ത്രിയായിരുന്ന കാലത്ത് ബജറ്റ് പദ്ധതികള്‍ യഥാസമയം നടപ്പിലാക്കുന്നതിനായി ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ വിളിച്ചു കൂട്ടിയിരുന്നു.
ബജറ്റ് അവതരിപ്പിക്കാന്‍ മാത്രമേ ധനമന്ത്രിക്ക് കഴിയുകയുള്ളു. അത് നടപ്പിലാക്കേണ്ടത് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സര്‍ക്കാരാണ്. എന്നാല്‍ ബജറ്റും ചാനല്‍ ചര്‍ച്ചയും കഴിയുന്നതോടെ ധനമന്ത്രി പോലും ബജറ്റ് മറക്കുന്നു.
https://www.facebook.com/Malayalivartha























