ആ നടുക്കുന്ന ദിവസത്തെക്കുറിച്ച് എംജി സര്‍വകലാശാല കവാടത്തില്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സച്ചു സദാനന്ദന്‍

അന്നത്തെ സംഭവം ഓര്‍ക്കുമ്പോള്‍ സച്ചുവിനു ഇപ്പോഴും നടുക്കം മാറിയിട്ടില്ല. ഒരു കയ്യില്ലെന്നു കണ്ടിട്ടും അവര്‍ വെറുതെവിട്ടില്ല അതു കൂടി ഞങ്ങളെടുക്കുകയാണ്, ഇനി നീ പഠിക്കുന്നത് കാണട്ടെ എന്നു പറഞ്ഞാണ് അവര്‍ വെട്ടിയത്. എംജി സര്‍വകലാശാല കവാടത്തില്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സച്ചു സദാനന്ദന്‍ പറയുകയാണ്. നടുക്കത്തിനൊപ്പം പരീക്ഷ എഴുതാനാവില്ലെന്ന സങ്കടവും പഠിക്കാന്‍ മിടുക്കനായ സച്ചുവിനെ അലട്ടുന്നു. ദളിതനായിട്ടും ഭിന്നശേഷിക്കാരനായിട്ടും സച്ചുവിനെ ആക്രമിച്ചതിനെതിരെ ഒരു ദളിത് സംഘടനയോ മനുഷ്യാവകാശ സംഘടനയോ പ്രതികരിച്ചിട്ടുമില്ല
എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എം അരുണായിരുന്നു അവരുടെ ലക്ഷ്യം. കാറിലെത്തിയ അരുണിനെ വെട്ടുന്നത് കണ്ടാണ് ഓടിച്ചെന്നത്. തടയാന്‍ ശ്രമിച്ചപ്പോള്‍ എന്നേയും ആക്രമിച്ചു. സച്ചു പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സച്ചുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പത്തു സെന്റീമീറ്റര്‍ നീളത്തിലാണ് മുറിവ്. എല്ലു മുറിഞ്ഞതിനാല്‍ ദീര്‍ഘനാളത്തെ ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു. തിങ്കളാഴ്ച ഇന്റേണല്‍ പരീക്ഷയുണ്ട്. അത് എഴുതാനാവില്ല. മൂന്നുമാസം കഴിഞ്ഞുള്ള സെമസ്റ്റര്‍ പരീക്ഷയും നഷ്ടമാകുന്ന സ്ഥിതിയാണ്. നിര്‍ധന കുടുംബത്തിന്റെ ആശ്രയമാണ് അവര്‍ അരിഞ്ഞെടുക്കാന്‍ ശ്രമിച്ചത്. ഒപ്പമുള്ള അമ്മ ശ്രീലതയുടെ വാക്കുകളില്‍ നിരാശയും നൊമ്പരവും. മാവേലിക്കര കണ്ടിയൂര്‍ സച്ചു നിവാസില്‍ സദാനന്ദന്റെ മകനാണ് സച്ചു.
നാലു സെന്റിലെ രണ്ടുമുറി വീടോ ജന്മനായുള്ള അംഗ പരിമിതിയോ അവനെ പഠനത്തില്‍ തളര്‍ത്തിയില്ല. അവനും അനുജന്‍ സിത്തുവും നന്നായി പഠിച്ചു. എം ജി സര്‍വകലാശാലയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിജി കഴിഞ്ഞാണ് ഇപ്പോള്‍ അവിടെ ബിഎല്‍ഐസിക്ക് ചേര്‍ന്നത്. അനുജന്‍ പുന്നപ്ര സഹകരണ കോളേജില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ്. എല്ലാവിധ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയും നേരിട്ടാണ് കുടുംബം കഴിയുന്നത്. ചെറിയ പച്ചക്കറിക്കട നടത്തിയിരുന്നു. എട്ടുമാസം മുമ്പ് അച്ഛന് വാഹനാപകടത്തില്‍ പരുക്കു പറ്റി. കാലൊടിഞ്ഞ് കിടപ്പിലായതോടെ അമ്മ ശ്രീലതയായി കടയില്‍. സച്ചുവും സഹായത്തിനെത്തുമായിരുന്നു. അപ്പോഴാണ് സച്ചുവിനെ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിച്ചത്. അമ്മ സച്ചുവിനൊപ്പം ആശുപത്രിയിലായതിനാല്‍ കട തുറക്കാനായില്ല. കടയിലുള്ള സാധനങ്ങള്‍ ചീഞ്ഞുപോയി. ഇനി കച്ചവടം പഴയപടിയാകാന്‍ പ്രയാസമാണ് ഇരുവരും പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് എസ്എഫ്ഐ ജില്ലാപ്രസിഡന്റ് കെ എം അരുണിനെയും സച്ചുവിനെയും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാസംഘം വെട്ടിയത്. നാലു വാടകഗുണ്ടകള്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ഈ കൊടും ക്രിമിനലുകളെ വാടകയ്ക്കെടുത്ത യൂത്തുകോണ്‍ഗ്രസുകാരെയും കെഎസ്യുക്കാരെയും സംരക്ഷിക്കുന്ന നിലപാടിലാണ് ജില്ലാ, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. അവര്‍ക്കൊപ്പമാണ് ചില മാധ്യമങ്ങളും. വെട്ടേറ്റ വിദ്യാര്‍ഥി അംഗപരിമിതനാണെന്നറിഞ്ഞിട്ടും ആ ക്രൂരതക്കെതിരെ പ്രതികരിക്കാന്‍ ഒരു മനുഷ്യവകാശ പ്രവര്‍ത്തകരോ ദളിത് സ്നേഹിയോ രംഗത്തെത്തിയിട്ടില്ല.
കോട്ടയം കെ.ഇ കോളജില്‍ നടന്ന സംഘര്‍ഷത്തിനു പകരമായാണ് എംജി സര്‍വകലാശാല ക്യാംപസില്‍ യൂത്ത് കോണ്‍ഗ്രസ് ആക്രമണം നടത്തിയത്. എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ് അരുണ്‍, എംജി സര്‍വകലാശാല യൂണിറ്റ് അംഗം സച്ചു സദാനന്ദന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. എസ്എഫ്ഐക്കു സ്വാധീനമുള്ള കെ.ഇ കോളജിലെ കോളജ് ദിനാഘോഷം തടയുമെന്നു യൂത്ത് കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിന്റെ ഭാഗമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്സിന്റെ നേതൃത്വത്തിലുള്ള സംഘം ക്യാംപസിനകത്തു കയറി പ്രകടനം നടത്തുകയും പരിപാടി അലങ്കോലമാക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
പുറത്തുനിന്നുള്ളവര്‍ ക്യാംപസില്‍ കയറിയതിനെ ക്യാംപസിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തിനിടയാക്കി. ഇതില്‍ ഒരു എസ്എഫ്ഐ പ്രവര്‍ത്തകനു പരുക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റെന്നു കാണിച്ച് ജിം അലക്സും ആശുപത്രിയില്‍ അഡ്മിറ്റായി. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നു ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി ക്യാംപസിലേക്കു മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സമീപത്തെ അറിയപ്പെടുന്ന ഗുണ്ടകളുമായ അരുണ്‍ ഗോപന്‍, സിബി, ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ക്യാംപസിനകത്തും കയറി ഭീഷണി മുഴക്കാന്‍ തുടങ്ങി. എസ്എഫ്ഐ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെ സംഘര്‍ഷം പുറത്തേക്കും വ്യാപിച്ചു. ഇതിലാണ് അരുണിനും സച്ചുവിനും വെട്ടേറ്റത്.
https://www.facebook.com/Malayalivartha


























