എന്തുകൊണ്ട് മുഖ്യമന്ത്രി ജേക്കബ് തോമസിനെ പിന്തുണയ്ക്കുന്നു?

ജേക്കബ് തോമസ് പിണറായി വിജയന് സ്വന്തം പാര്‍ട്ടിയെ വിരട്ടിനിര്‍ത്താനുള്ള വജ്രായുധം. ഒന്നിനുമേല്‍ ഒന്നായി ആരോപണങ്ങള്‍ നിറയുമ്പോഴും, കോടതികള്‍ വിമര്‍ശനം കൊണ്ട് ആഞ്ഞടിക്കുമ്പോഴും മുഖ്യമന്ത്രി ഒരു കയ്യില്‍ ചൂരലും മറുകയ്യില്‍ ജേക്കബ് തോമസിനെയും വിടാതെ പിടിക്കുന്നു.
ജേക്കബ് തോമസ് മൂലം ഐ.എ.എസ് ലോബിയുടെ പിണക്കം, ഭരണസ്തംഭനം എല്ലാം കൊഴുക്കുമ്പോഴും ജേക്കബ് തോമസിനെ ഇടതുപക്ഷം ഭയപ്പെടുന്നു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് എന്തൊക്കെയോ രഹസ്യങ്ങള്‍ ജേക്കബ് തോമസ് കൈക്കലാക്കി അവയുപയോഗിച്ചുള്ള ബ്ലാക്‌മെയിലിംഗ് ആണ് നടക്കുന്നതെന്ന് പ്രതിപക്ഷത്തെ ചില നേതാക്കള്‍ ആരോപിക്കുന്നു.
ഭരണ രംഗത്തെ അഴിമതി ചുവപ്പു കാര്‍ഡും മഞ്ഞ കാര്‍ഡും കാട്ടി ഒന്നൊന്നായി പുറത്തുകൊണ്ടുവരും എന്നുപറഞ്ഞു രംഗത്തിറങ്ങിയ ഡയറക്ടര്‍ ഈ ഭരണവുമായി ബന്ധപ്പെട്ട ഒരൊറ്റ അഴിമതിപോലും തേടിപ്പിടിച്ചില്ല.
തന്റെ മുന്‍കാല അഴിമതികള്‍ മൂടിവയ്ക്കാന്‍ അഴിമതിവിരുദ്ധ കുപ്പായമിട്ടുനില്ക്കുന്ന ഡയറക്ടറെ പുറത്താക്കണം എന്നു പ്രതിപക്ഷനേതാവ് ഇന്നു നിയമസഭയില്‍ ആഞ്ഞടിച്ചു.
ഇ.പി. ജയരാജന്‍ കേസിലും, ടി.പി. ദാസന്‍ കേസിലും പാര്‍ട്ടിയില്‍തന്നെ അമര്‍ഷം പുകയുകയാണ്.
കര്‍ണ്ണാടകയിലെ വനഭൂമി ഇടപാടിനു പുറകേ ഇപ്പോള്‍ തേനിയിലും തോട്ടം കണക്കുകളില്‍ മറച്ചുപിടിച്ചു എന്ന വിവാദത്തിലകപ്പെട്ടിരിക്കുകയാണ് ജേക്കബ് തോമസ്. 38 കോടി ഔദ്യോഗിക ആസ്തിയോടെ ഐ.പി.എസ്. ഉദ്യോഗസ്ഥരിലെ സമ്പന്നനും വിജിലന്‍സ് ഡയറക്ടര്‍ തന്നെ.
ജേക്കബ് തോമസുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെല്ലാം മുഖ്യമന്ത്രി അനുകൂല നിലപാടാണെടുക്കുന്നത്. കോടതികളിലും സര്‍ക്കാര്‍ അഭിഭാഷകരെക്കൊണ്ട് ജേക്കബ് തോമസിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഏതറ്റംവരെ പോകാനും തയ്യാറായി നില്ക്കുന്ന കാഴ്ചയാണ് കാണുന്നത്.
പോലീസ് അനാസ്ഥയില്‍ നിരവധി പീഡനങ്ങളും, ഗുണ്ടാ ആക്രമണങ്ങളും കേരളത്തില്‍ പെരുകുകയാണ്. ആഭ്യന്തരവകുപ്പിനെ പ്രതിപക്ഷവും മാധ്യമങ്ങളും നിര്‍ത്തിപൊരിക്കുന്നതിനിടയില്‍ വിജിലന്‍സ് വിവാദം മുഖ്യമന്ത്രിയെ കൂടുതല്‍ കുഴപ്പത്തിലാക്കുകയാണ്.
എന്നാല്‍ സ്ഥാനചലനം മുന്നില്‍ക്കണ്ട് വകുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രണ്ടു പോലീസുകാരെ നിര്‍ത്തി ഫോട്ടോകോപ്പി വിജിലന്‍സ് ഡയറക്ടറേറ്റില്‍ എടുപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു.
ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതുമുതല്‍ വിജിലന്‍സ് വകുപ്പും വിവാദത്തിലായിരുന്നു. ഡയറക്ടറെ മാറ്റില്ലെന്നും, ജേക്കബ് തോമസില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് ആവര്‍ത്തിക്കുമ്പോഴും മുഖ്യമന്ത്രിയോടടുത്ത കേന്ദ്രങ്ങള്‍ വ്യത്യസ്തമായ മറുപടിയാണ് നല്കുന്നത്.
വിവാദങ്ങളൊഴിയാതെ വിജിലന്‍സ് ഒപ്പം മുഖ്യമന്ത്രിയും.
https://www.facebook.com/Malayalivartha


























