കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥന്‍മാരുടെ വക്കാലത്തുമായി ആരും വരേണ്ടതില്ലന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

അടുത്തയിടെ സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ സ്ത്രീ പീഡനകേസുകളില്‍ ഉദാസീനത കാട്ടിയ ഉദ്യോഗസ്ഥരെയെല്ലാം ഒറ്റയടിക്ക് സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രിയുടെ ഇടപെടല്‍ കണ്ട് പൊലീസ് സേനയും ഇപ്പോള്‍ ഞെട്ടിയിരിക്കുകയാണ്. എറണാകുളത്ത് ശിവസേനക്കാരുടെ സദാചാര പൊലീസിങ്ങ് കണ്ട് നിന്ന സെന്‍ട്രല്‍ എസ് ഐ, വാളയാറിലെ പീഡനത്തില്‍ നടപടി സ്വീകരിക്കാതിരുന്ന വാളയാര്‍ എസ് ഐ, കുണ്ടറ സംഭവത്തില്‍ സ്ഥലം എസ് ഐ, സി ഐ തുടങ്ങിയവരെ മിന്നല്‍ വേഗത്തിലാണ് സസ്‌പെന്റ് ചെയ്തിരുന്നത്.
ദിവസങ്ങള്‍ക്കുള്ളില്‍ ഒറ്റയടിക്ക് ഇങ്ങനെ നടപടി സ്വീകരിക്കുന്നത് മുന്‍ സര്‍ക്കാറിന്റെ ഭരണകാലത്തെ താരതമ്യം ചെയ്യുമ്‌ബോള്‍ നടക്കാത്ത കാര്യമാണ്. ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തില്‍ കൃത്യവിലോപം കാട്ടിയ ഹരിപ്പാട് സി ഐ അടക്കം വേറെയും നിരവധി ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ നടപടിക്ക് വിധേയമായി കഴിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികളെയും യുവാക്കളെയും ശിവസേനക്കാര്‍ വിരട്ടിയോടിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ എസ് ഐ വിജയശങ്കറെ സസ്‌പെന്റ് ചെയ്തതോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാരെയും ഒരുമിച്ച് തെറിപ്പിച്ചിരുന്നു.
ഇതേ സെന്‍ട്രല്‍ എസ് ഐക്കെതിരെ കൊച്ചിയിലെ സി എ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ വീഴ്ചക്കും ഇപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല നടപടി സ്വീകരിച്ചിരിക്കുകയാണ്. സംഭവത്തില്‍ ജി ഡി ചാര്‍ജ്ജുകാരനെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പോലീസുദ്യോഗസ്ഥരുടെ കൃത്യവിലോപത്തിന് കുടപിടിക്കുന്നത് ഡി ജി പിയായാല്‍ പോലും അനുവദിക്കുന്ന പ്രശ്‌നമില്ലന്ന നിലപാടിലാണ് മുഖ്യമന്ത്രി. നടപടി എടുക്കപ്പെട്ടവര്‍ക്കും അതിന്റെ വക്കിലെത്തി നില്‍ക്കുന്നവര്‍ക്കുമെല്ലാം ശുപാര്‍ശയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അടുത്ത് പോലും പോവാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍ പൊലീസ് സംഘടനാ ഭാരവാഹികള്‍. മുഖ്യമന്ത്രി കലിപ്പിലാണെന്നത് തന്നെ കാര്യം.
പ്രതിപക്ഷ എംഎല്‍എ ഹൈബി ഈഡന്‍ പോലും നിയമസഭയില്‍ ഏറ്റവും കൂടുതല്‍ പൊലീസുദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതിന്റെ റെക്കോഡ് പിണറായിക്കാണെന്ന് ചൂണ്ടി കാണിച്ചിരുന്നു. മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനെ കടന്നാക്രമിച്ചു കൊണ്ടാണ് ഹൈബി ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയതെങ്കിലും 'സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ മുഖ്യമന്ത്രി നോക്കി നിന്നില്ല കര്‍ക്കശ നടപടി സ്വീകരിച്ചു 'എന്നത് ഒരു തരത്തില്‍ അംഗീകരിക്കല്‍ കൂടിയായി ഈ വാക്കുകള്‍. ഇപ്പോള്‍ നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരില്‍ മിക്കവരും നടപടി വരുമെന്ന് സൂചന കിട്ടിയ പോള്‍ തന്നെ ഭരണപക്ഷത്തെ പ്രമുഖരെ സ്വാധീനിച്ച് രക്ഷപ്പെടാന്‍ നോക്കിയെങ്കിലും നേതാക്കള്‍ ഒഴിഞ്ഞു മാറുകയായിരുന്നുവത്രെ.
സഹായിക്കണമെന്ന താല്‍പര്യമുണ്ടായിരുന്നവര്‍ക്കു പോലും ഇക്കാര്യം പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിസരത്ത് പോവാന്‍ പോലും ഭയമായിരുന്നു. മുഖം നോക്കാതെ കടുത്ത നിലപാട് വരുമെന്ന് കണ്ടതോടെ ഇപ്പോള്‍ സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളും ഉഷാറായി തുടങ്ങിയിട്ടുണ്ട്. പരാതികളില്‍ പെട്ടന്നാണ് നടപടി. സ്ത്രീകള്‍ ആണ് പരാതിക്കാരെങ്കില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടേ അവരുടെ മുഖത്ത് പോലും നോക്കുകയൊള്ളൂ എന്നതാണ് സ്ഥിതി പൊലീസ് സ്‌റ്റേഷനുകളില്‍ സ്ത്രീകള്‍ക്ക് പോലും നീതി കിട്ടുന്നില്ലന്ന വിലാപത്തിനുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ പൊലീസിന്റെ ഈ മിന്നല്‍ ഇടപെടലുകള്‍.
'പണി' കിട്ടിയാല്‍ ആരും സഹായിക്കാനുണ്ടാകില്ലന്ന തിരിച്ചറിവില്‍ പൊതുവെ തണുപ്പന്‍മാരായ ഉദ്യോഗസ്ഥര്‍ക്കുപോലും ഇപ്പോള്‍ ചൂട് പിടിച്ചു തുടങ്ങിയിട്ടുണ്ട്. വടിയെടുത്ത പിണറായിക്കു മുന്നില്‍ മടി പിടിച്ച പൊലീസിനും 'ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടി ' വന്നതിനാല്‍ ഇനി കാര്യങ്ങള്‍ നല്ല രൂപത്തില്‍ നടക്കുമെന്ന പ്രതീക്ഷയാണ് സേനക്കകത്ത് പോലും ഇപ്പോള്‍ ഉയരുന്നത്.
https://www.facebook.com/Malayalivartha


























