കൊട്ടിയൂര്‍ പീഡനക്കേസ്: ഫാ. തോമസ് തേരകവും രണ്ടു കന്യാസ്ത്രീകളും കീഴടങ്ങി, ഇനി പിടിയിലാകാനുള്ളത് ഇവരുടെ സഹായി മാത്രം

കൊട്ടിയൂര്‍ പീഡനക്കേസില്‍ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകവും സിസ്റ്റര്‍മാരായ ബെറ്റി ജോസഫും ഒഫീലിയയും കീഴടങ്ങി. പേരാവൂര്‍ സിഐക്കു മൂവരും മുന്നിലാണ് കീഴടങ്ങിയത്. ഇവരുടെ സഹായിയായ തങ്കമ്മയാണ് ഇനി പിടിയിലാകാനുള്ളത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ വൈദികനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും കുറ്റം മറയ്ക്കാന്‍ ശ്രമിച്ചെന്നുമാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. രാവിലെ 6.30 ഓടെയാണ് ഫാ. തോമസ് തേരകം പേരാവൂര്‍ സിഐ ഓഫീസിലെത്തിയത്. 15 മിനിട്ടിനുശേഷം ബെറ്റിയുമെത്തി. ഇരുവരുടെയും അഭിഭാഷകരും ഒപ്പമുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ പേരാവൂര്‍ സിഐ എന്‍.സുനില്‍ കുമാര്‍, എസ്‌ഐ കെ.എം.ജോണ്‍, എഎസ്‌ഐ. എം.ജെ. ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു. ഏഴു മണിയോടെ വൈത്തിരി അനാഥാലയം ഡയറക്ടര്‍ സിസ്റ്റര്‍ ഒഫീലിയയും എത്തി കീഴടങ്ങി.
ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. അഞ്ചു ദിവസത്തിനകം കീഴടങ്ങണമെന്നും നിര്‍ദേശിച്ചിരുന്നു. കീഴടങ്ങുന്ന ദിവസംതന്നെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണമെന്നും അന്നേദിവസം തന്നെ ഉപാധികളോടെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























