ആറ്റുകാല്‍ പൊങ്കാലയ്ക്കുശേഷം നഗരം വൃത്തിയാക്കിയ ശുചീകരണത്തൊഴിലാളികളുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന് നഗരസഭയുടെ ആദരം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം വളരെ ആത്മാര്‍ത്ഥതയോടെ നഗരം വൃത്തിയാക്കിയ ശുചീകരണത്തൊഴിലാളികള്‍ക്കും പരിസ്ഥിതിച്ചട്ടം പാലിച്ച നാട്ടുകാര്‍ക്കും നഗരസഭയുടെ ആദരം. കിഴക്കേക്കോട്ട രാജധാനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയ്ത ജോലിക്ക് അംഗീകാരമായി സമ്മാനം വാങ്ങുമ്പോള്‍ ഓരോ തൊഴിലാളിയുടെയും മനസ്സുനിറഞ്ഞു.
മേയര്‍ വി.കെ. പ്രശാന്ത്, മന്ത്രി തോമസ് ഐസക് എന്നിവര്‍ക്കൊപ്പം ശ്രീചിത്തിരതിരുനാള്‍ പാര്‍ക്കില്‍ ഫോട്ടോയ്ക്കു ഒത്തുചേര്‍ന്നപ്പോള്‍ കൂടുതല്‍ അംഗീകരിക്കപ്പെട്ടവരെന്ന സന്തോഷത്തിലായി തൊഴിലാളികളും സന്നദ്ധപ്രവര്‍ത്തകരും. അടുത്ത വര്‍ഷം മുതല്‍ പൊങ്കാലയിടുന്നവര്‍ ഉപേക്ഷിച്ചുപോകുന്ന ചുടുകട്ടകള്‍ ശേഖരിച്ച് നഗരത്തിലെ പാവപ്പെട്ട മുപ്പതു കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ നല്‍കുമെന്ന് മേയര്‍ പറഞ്ഞപ്പോള്‍ നിറഞ്ഞുകവിഞ്ഞ സദസ്സ് കൈയടിയോടെ അത് ഏറ്റുവാങ്ങി
മാര്‍ച്ച് പതിനൊന്നിനായിരുന്നു ആറ്റുകാല്‍ പൊങ്കാല. നിവേദ്യത്തിനുശേഷം പൊങ്കാലഭക്തര്‍ ഉപേക്ഷിച്ച് പോകുന്ന ചൂട്ടും കൊതുമ്പും ഭക്ഷണപദാര്‍ഥങ്ങളുമൊക്കെ മറ്റും നഗരത്തെ അലങ്കോലമാക്കും. ഒപ്പം ചാമ്പലും. പരിസരമലിനീകരണം ഉണ്ടാകാതിരിക്കാന്‍ നഗരസഭ മുന്‍കൈയെടുത്താണ് റോഡുകളും ഇടറോഡുകളും വൃത്തിയാക്കുന്നത്. രണ്ടായിരത്തിയാറിലാണ് ഇതിനു തുടക്കമിട്ടത്.
കൃത്യമായ ആസൂത്രണത്തോടെയാണ് ശുചീകരണം.
ഇക്കൊല്ലം പൊങ്കാല നടന്നത് 22 വാര്‍ഡുകളിലായിരുന്നു. ഈ വാര്‍ഡുകളിലെല്ലാം 32 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 2000 ജീവനക്കാര്‍ 10 മണിക്കൂര്‍ ശ്രമിച്ചാണ് നഗരം ശുചിയാക്കിയത്. നഗരസഭയുടെ 25 സര്‍ക്കിളിലെ ജീവനക്കാരും താത്കാലിക ജീവനക്കാരും പങ്കാളികളായി.
സിനിമാ സെറ്റുകളില്‍ കൃത്രിമ മഴപെയ്യിക്കുന്ന വാഹനമുപയോഗിച്ചാണ് ചാമ്പലും പൊടിയും കഴുകിക്കളഞ്ഞത്. തരംഗിണി ആര്‍ട്ടിഫിഷ്യല്‍ റെയിന്‍ സര്‍വീസ് ഉടമ സജുവാണ് ഇതിനായുള്ള വാഹന സംവിധാനം സൗജന്യമായി നല്‍കിയതെന്ന് മേയര്‍ പറഞ്ഞു.
സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ഓട്ടോറിക്ഷാ െ്രെഡവര്‍മാരുടെ സംഘടനകള്‍, കോളേജുകളിലെ എന്‍.എസ്.എസ്.പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിസ്ഥിതിച്ചട്ടം കൃത്യമായി പാലിക്കാനുള്ള പ്രവര്‍ത്തനം നടത്തിയത്. ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിന് നഗരസഭ അവരെയും ചടങ്ങില്‍ ആദരിച്ചു. കഴിഞ്ഞവര്‍ഷം പൊങ്കാലയ്ക്കു ശേഷം നഗരപരിധിയില്‍ 120ടണ്‍ മാലിന്യമാണ് നീക്കിയത്. ഇക്കുറി അത് 80 ആയി കുറഞ്ഞു. അടുത്തവര്‍ഷം 40 ടണ്‍ മാലിന്യമായി കുറയ്ക്കണമെന്നാണ് ലക്ഷ്യമെന്ന് മേയര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























