ലാവ്‌ലിന്‍ കേസ് ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍: മാധ്യമങ്ങളോട് പോലീസിന്റെ ആക്രോശവും ചട്ടം പഠിപ്പിക്കലും

ലാവ്‌ലിന്‍ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് മാധ്യമങ്ങളുടെ ഒബി വാനുകള്‍ ഹൈക്കോടതി പരിസരത്തുനിന്ന് നീക്കാന്‍ പോലീസ് നിര്‍ദ്ദേശം. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം. കാര്യങ്ങള്‍ കൈവിട്ടുപോകുമോയെന്ന് ആശങ്ക പിണറായിക്കും സിപിഎമ്മിനും ശക്തമാണ്.
ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി രാജ്യത്തെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും .സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്ജി ഇന്ന് രാവിലെ 11 മണിക്കാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പിണറായി വിജയനും ഹരീഷ് സാല്‍വെയും ഇന്നലെ രാത്രി കൊച്ചിയിലെ ടാജ് വിവാന്റയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും വില കൂടിയ അഭിഭാഷകരിലൊരാളായ ഹരീഷ് സാല്‍വെ ഇത് രണ്ടാം തവണയാണ് ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാകുന്നത്. 2009 ല്‍ ലാവ് ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി അന്നത്തെ ഗവര്‍ണ്ണര്‍ നല്‍കിയതിനിതെരെ സുപ്രിം കോടതിയില്‍ എത്തിയ ഹര്‍ജിയില സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായത് ഹരീഷ് സാല്‍വെയായിരുന്നു. അന്ന് ഹരീഷ് സാല്‍വക്കായി ഖജനാവില്‍ നിന്ന് പണം മുടക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതുമാണ്.
മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് ഏറ്റവും നിര്‍ണ്ണായകമാണ് ഈ കേസ്. അതു കൊണ്ടാണ് ലാവ് ലിന്‍ കേസില്‍ ഇത്രയും നാള്‍ ഹാജരായ എംകെ ദാമോദരനൊപ്പം ഹരീഷ് സാല്‍വെയെ കൂടി നിയോഗിക്കാന്‍ പിണറായി വിജയന്‍ തയ്യാറായത്. വൈകിട്ട് കൊച്ചിയിലെത്തിയ ഹരീഷ് സാല്‍വെയെ പിണറായി വിജയന്‍ ഹോട്ടലിലെത്തി കണ്ടിരുന്നു. പതിനഞ്ച് മിനിറ്റോളം നീണ്ടു നിന്നതായിരുന്നു കൂടിക്കാഴ്ച.
2013 നവംബര്‍ 5 ന് ലാവ് ലിന്‍ കേസിന്റെ കുറ്റപത്രം റദ്ദാക്കിയ സിബിഐ കോടതിയുടെ ഉത്തരവിനെതിരെ സിബിഐയാണ് ഹൈക്കോടതിയെ സമീപിച്ചത്. പലവട്ടം മാറ്റിവച്ച റിവിഷന്‍ ഹര്‍ജിയില്‍ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി വാദം കേട്ടു തുടങ്ങിയത്.പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരെ ശക്തമായ വാദമുഖമാണ് സിബിഐ ഉന്നയിച്ചത്.
https://www.facebook.com/Malayalivartha


























