സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ സുരക്ഷ നല്‍കേണ്ട വനിതാ പൊലീസ് 'സുരക്ഷയില്ലാതെ' വലയുന്നു

വനിതാ പൊലീസ് സ്‌റ്റേഷനുകളിലേക്കും വനിതാ സെല്ലുകളിലേക്കും അശ്ലീല ഫോണ്‍വിളികള്‍ വരുന്നത് വര്‍ധിക്കുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. വനിതകള്‍ മാത്രം ജോലി ചെയ്യുന്ന സ്‌റ്റേഷനുകളുടെ നമ്പരെടുത്ത് വിളിക്കുന്നവര്‍ പലപ്പോഴും പബ്ലിക് ടെലഫോണ്‍ ബുത്തുകളെയാണ് ആശ്രയിക്കുന്നതെന്നതിനാല്‍ അന്വേഷണം നടത്താനും ബുദ്ധിമുട്ടു നേരിടുന്നു. വനിതാ ഐപിഎസ് ഓഫിസര്‍മാരും ഇത്തരം സാമൂഹികവിരുദ്ധരുടെ ഇരകളാകുന്നുണ്ട്.
തലസ്ഥാനത്തെ വനിതാ പൊലീസ് സ്‌റ്റേഷനിലെ ജീവനക്കാര്‍ക്ക് പേടി സ്വപ്നമാണ് ജോസ്. നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്ന ഇയാള്‍ ചീത്ത വിളിക്കുന്നതും ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും പതിവാണ്. ഫോണില്‍ വിളിച്ച് മോശം പദങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ പതിനഞ്ചോളം കേസുകള്‍ വിവിധ സ്‌റ്റേഷനിലുണ്ട്. 2009 മുതലാണ് ഇയാള്‍ വനിതാ സ്‌റ്റേഷനില്‍ വിളിച്ച് അശ്ലീലപദങ്ങള്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷം അറസ്റ്റിലാകുന്നതുവരെ അതു തുടര്‍ന്നു. ജയിലിലായാലും ഇയാള്‍ വനിതാ പൊലീസുകാരെ വെറുതേ വിടില്ല. ജയിലില്‍നിന്ന് അശ്ലീല കത്തുകളയയ്ക്കും. പുറത്തിറങ്ങിയാല്‍ വീണ്ടും ഫോണ്‍വിളി തുടരും. ഇയാള്‍ക്കെതിരെ കേസെടുക്കുന്ന സംഘത്തിലുള്ള വനിതാ പൊലീസുകാരുടെയെല്ലാം നമ്പര്‍ തപ്പിയെടുത്ത് വിളിക്കും, മോശം പദങ്ങള്‍ പ്രയോഗിക്കും. മാനസികപ്രശ്‌നമില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ ജോലി ചെയ്തിരുന്ന ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നത്. എറണാകുളം ജില്ലയില്‍ ഒരു ബേക്കറിയില്‍ ജോലി ചെയ്യവേയാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ ഫോണില്‍നിന്ന് വനിതാ ഉദ്യോഗസ്ഥയെ ഫോണ്‍ ചെയ്യുന്നതും ജയിലാകുന്നതും. മുന്‍പ് മറ്റൊരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെയും ഇയാള്‍ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞിട്ടുണ്ട്.
ജോസ് മാത്രമല്ല ഇത്തരം സാമൂഹികവിരുദ്ധരുടെ പട്ടികയിലുള്ളത്. മറ്റു പലരും ഫോണ്‍ വിളിച്ച് ചീത്തവാക്കുകള്‍ പറയാറുണ്ടെന്നു തലസ്ഥാനത്തെ വനിതാ പൊലീസ് സ്‌റ്റേഷനിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നു. മറ്റൊരു ജില്ലയില്‍നിന്ന് ഫോണ്‍ വിളിച്ച് അശ്ലീലം പറയുന്ന ആളാണ് പുതിയ തലവേദന. കോളര്‍ ഐഡി ഇല്ലാത്തതിനാല്‍ വിളിക്കുന്നത് ആരാണെന്നു തിരിച്ചറിയാന്‍ വനിതാ പൊലീസ് സ്‌റ്റേഷനിലെ ജീവനക്കാര്‍ക്കു കഴിയുന്നില്ല. മേലുദ്യോഗസ്ഥരോടു പരാതി പറയാറുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നു പൊലീസുകാര്‍ പറയുന്നു.
സംസ്ഥാന വനിതാ സെല്ലും തലസ്ഥാനത്തെ വനിതാ പൊലീസ് സ്‌റ്റേഷനും പുറമേ ഓരോ ജില്ലയിലും വനിതാ സെല്ലുകള്‍ നിലവിലുണ്ട്. ഇവിടങ്ങളിലെല്ലാം സന്ദേശങ്ങള്‍ എത്താറുണ്ടെന്നു വനിതാ പൊലീസുകാര്‍ പറയുന്നു. 'ഞരമ്പുരോഗികള്‍' എല്ലായിടത്തും വിളിക്കും. എന്നാല്‍, ജോസിനെപോലെ സ്ഥിരം വിളിക്കുന്നവര്‍ കൂട്ടത്തിലില്ല.
കേസുകളില്‍ പ്രതിയായതിന്റെ ദേഷ്യത്തില്‍ വിളിച്ച് മോശമായി സംസാരിക്കുന്നവരുമുണ്ടെന്ന് വനിതാ സെല്ലിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലര്‍ അശ്ലീല എസ്എംഎസുകള്‍ ഔദ്യോഗിക ഫോണുകളിലേക്കയയ്ക്കും. വനിതാ സെല്ലിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണിലേക്ക് ഒരുദിവസം ഒരുമിച്ച് മോശം സന്ദേശം അയച്ച ആളിനെ മുന്‍പ് പിടികൂടിയിരുന്നു. അയാളുടെ ശല്യം പിന്നീട് ഉണ്ടായില്ലെങ്കിലും ഇടയ്‌ക്കെല്ലാം അശ്ലീല പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഫോണ്‍ വിളികള്‍ വരാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























