കുണ്ടറയില്‍ പത്തു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അമ്മയെയും മുത്തച്ഛനെയും നുണപരിശോധനയ്ക്കു വിധേയരാക്കാന്‍ തീരുമാനം

കുണ്ടറയില്‍ പത്തു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനയ്ക്കു വിധേയമാക്കാന്‍ തീരുമാനം. പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ട്. അന്വേഷണത്തോട് ഇവര്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ കൂടിയാണു നുണപരിശോധ നടത്താന്‍ തീരുമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മയും ബന്ധുക്കളും ഉള്‍പ്പെടെ ഒന്‍പതുപേരാണു കസ്റ്റഡിയിലുള്ളത്.
ഇക്കഴിഞ്ഞ ജനുവരി 15നാണു പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിരുന്നു. വീട്ടില്‍ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പില്‍ പറയുന്നു. മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തീയതിയും ഒപ്പും സഹിതമാണ് കുറിപ്പ്. എന്നാല്‍ ആത്മഹത്യാക്കുറിപ്പു കുട്ടിയുടേതാണെന്നു ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























